| Friday, 15th September 2023, 9:00 am

അവൻ ആ രണ്ട് പന്ത് കളിക്കാതെ ഒഴിവാക്കി, വളരെ നല്ല സൂചന ആയിരുന്നു: അശ്വിൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിൽ ബാറ്റുകൊണ്ട് മധ്യനിരയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന കെ.എൽ. രാഹുലിനെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. രാഹുലിന്റെ തകർപ്പൻ ബാറ്റിങ് മധ്യനിരയിൽ ഇന്ത്യക്ക് കൂടുതൽ സ്ഥിരത നൽകുന്നുണ്ടെന്നാണ് അശ്വിൻ പറഞ്ഞത്. പരിക്കിന്റെ പിടിയിൽ നിന്നും തിരിച്ചത്തിയ രാഹുൽ ത്രസിപ്പിക്കുന്ന പ്രകടനമാണ് മധ്യനിരയിൽ കാഴ്ചവെച്ചത്.

‘മധ്യനിരയിൽ ബാറ്റ് ചെയ്യുമ്പോൾ കെ.എൽ. രാഹുൽ ഞങ്ങൾക്ക് സ്ഥിരത നൽകുന്നു. മധ്യനിരയിൽ ബാറ്റിങ് ചെയ്യുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എം.എസ് ധോണി അതിൽ മികച്ചുനിൽക്കുന്നു. എന്നാൽ താൻ രാഹുലിനെ ധോണിയുമായി താരതമ്യം ചെയ്യുകയില്ല. കെ.എൽ. രാഹുലുമായി താരതമ്യം ചെയ്യുമ്പോൾ ധോണി 6/7 ബാറ്റിങ് നമ്പറിൽ വ്യത്യസ്തമായ ഒരു റോൾ ചെയ്തിട്ടുണ്ട്,’ ഹിന്ദുസ്ഥാൻ ടൈംസിനോട് അശ്വിൻ പറഞ്ഞു.

‘അദ്ദേഹം ടീമിലെ തന്റെ റോൾ നന്നായി കൈകാര്യം ചെയ്യുന്നതായി തനിക്ക് തോന്നുന്നു. ശ്രീലങ്കയ്‌ക്കെതിരെ തുടക്കത്തിൽ തന്നെ ഇഷാൻ കിഷനുമായി മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. ദുനിത് വെല്ലലഗെ മികച്ച ലെങ്ത്ത് കണ്ടെത്തിയപ്പോൾ രാഹുൽ രണ്ട് പന്തുകൾ ലീവ് ചെയ്തു. ഇത് വളരെ നല്ല സൂചനയായിരുന്നു. അദ്ദേഹത്തിന് മികച്ച ഗെയിം പ്ലാൻ ഉണ്ടെന്ന് ഞങ്ങൾക്ക് ഇത് കാണിച്ചുതന്നു. അശ്വിൻ കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ കെ.എൽ. രാഹുൽ തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു. ഏഷ്യാ കപ്പ് സ്‌ക്വാഡിൽ ഉണ്ടായിട്ടും പരിക്ക് കാരണം ആദ്യ രണ്ട് മത്സരങ്ങളിൽ താരത്തിന് കളിയ്ക്കാൻ സാധിച്ചിരുന്നില്ല. പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവന്ന ആദ്യ മത്സരത്തിൽ തന്നെ രാഹുൽ സെഞ്ച്വറി നേടിയത് ഏറെ ശ്രദ്ധേയമായിരുന്നു. 111 പന്തിൽ 106 റൺസാണ് താരം നേടിയത് 12 ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിൻന്റെ ഈ തകർപ്പൻ ഇന്നിങ്‌സ്.

ശ്രീലങ്കയ്ക്കെതിരായ ലോ സ്കോറിങ് മത്സരത്തിൽ 44 പന്തിൽ 39 റൺസും നേടിക്കൊണ്ട് മികച്ച ചെറുത്തുനിൽപ്പ് നടത്താനും താരത്തിന് സാധിച്ചു. മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിന് വീഴ്ത്തി ഇന്ത്യ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

സെപ്‌റ്റംബർ 17 ന് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഫൈനലിലും കെ.എൽ. രാഹുൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Ashwin appreciate KL Rahul’s consistency in the middle order.

We use cookies to give you the best possible experience. Learn more