അശ്വത്ഥാമാവ് വെറും ഒരു ആന ശനിയാഴ്ച പുറത്തിറങ്ങിയേക്കില്ല; എം. ശിവശങ്കറിന്റെ ആത്മകഥക്ക് അനുമതിയില്ല
Kerala News
അശ്വത്ഥാമാവ് വെറും ഒരു ആന ശനിയാഴ്ച പുറത്തിറങ്ങിയേക്കില്ല; എം. ശിവശങ്കറിന്റെ ആത്മകഥക്ക് അനുമതിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd February 2022, 6:34 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥക്ക് അനുമതിയില്ല. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടപ്രകാരം പുസ്തക രചനയ്ക്ക് നേരത്തെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് സൂചന.

ചട്ടം ഏഴ് പ്രകാരം അനുമതി വാങ്ങാത്തതിനാല്‍ ചീഫ് സെക്രട്ടറി പുസ്തകത്തിന് അനുമതി നല്‍കിയിട്ടില്ല.

പുസ്തകം ശനിയാഴ്ച പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പുസ്തകം ശനിയാഴ്ച പുറത്തിറങ്ങിയേക്കില്ല.

‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് ആത്മകഥയുടെ പേര്. ഡി.സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സ്വര്‍ണക്കടത്തുകേസിലെ അന്വേഷണ ഏജന്‍സികളുടെ സമീപനവും ജയിലിലെ അനുഭവങ്ങളുമടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ടാകും.

ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ആത്മകഥയുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ ഡി.സി ബുക്‌സിന്റെ പച്ചക്കുതിര എന്ന പ്രസിദ്ധീകരണത്തിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ശിവശങ്കര്‍ ആത്മകഥ പുറത്തിറക്കാന്‍ പോവുന്നു എന്നതില്‍ പ്രതികരണവുമായി അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

താന്‍ ഈ പുസ്തകം വായിക്കുമെന്നും, മാധ്യമങ്ങളും ഇത് വായിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ മാധ്യമങ്ങള്‍ വേട്ടയാടുകയായിരുന്നുവെന്ന് വിമര്‍ശനം ഉയരുമ്പോഴാണ് രശ്മിതയുടെ പ്രതികരണം.

‘അശ്വത്ഥാമാവ്’ വെറും ഒരു ആനയല്ലെന്നും യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണെന്ന് സിനിമാ താരം വിനായകനും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ എം. ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.

സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി.

സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. 2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.


Content Highlights: ‘Ashwatthama may not just be an elephant coming out on Saturday; M. The autobiography of M Sivasankar is not allowed