| Wednesday, 5th June 2024, 5:26 pm

ആ ഫീഡ്ബാക്ക് ഭീകരം; പൃഥ്വിരാജ് കാരണം ഒരുപാട് ഓര്‍ഡറുകള്‍ കിട്ടി തുടങ്ങി: കോസ്റ്റ്യൂം ഡിസൈനര്‍ അശ്വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റൊരു സിനിമയിലും അവതരിപ്പിച്ചിട്ടില്ലാത്ത രീതിയിലാകണം പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കേണ്ടതെന്ന് തന്നോട് ആദ്യമേ തന്നെ പറഞ്ഞിരുന്നുവെന്ന് പറയുകയാണ് ഗുരുവായുരമ്പല നടയിലിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ അശ്വതി ജയകുമാര്‍.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വതി. ചിത്രത്തില്‍ പൃഥ്വി ധരിച്ചിട്ടുള്ള ഷര്‍ട്ടുകളെ കുറിച്ചും അതിന് പിന്നീട് ലഭിച്ച പ്രതികരണങ്ങളെ കുറിച്ചുമെല്ലാം അശ്വതി പറയുന്നു.

സിനിമ റിലീസായതിന് ശേഷം എല്ലാവരും പൃഥ്വിരാജിന്റെ കോസ്റ്റ്യൂം നന്നായിട്ടുണ്ടെന്ന് പറഞ്ഞുവെന്നും അതുപോലെ ചെയ്തു കൊടുക്കാനായി പലരില്‍ നിന്നും ഓര്‍ഡറുകള്‍ കിട്ടി തുടങ്ങിയിട്ടുണ്ടെന്നും അശ്വതി ജയകുമാര്‍ പറഞ്ഞു.

‘എന്നോട് ആദ്യമേ തന്നെ അദ്ദേഹത്തെ വേറെയാരും പ്രസന്റ് ചെയ്യാത്ത രീതിയില്‍ പ്രസന്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. എനിക്ക് പണ്ട് മുതല്‍ക്കേ ബ്ലോക്ക് പ്രിന്റ്സ് വലിയ ഇഷ്ടമായിരുന്നു. പിന്നെ ആ സമയത്താണ് മൊഡാള്‍ സില്‍ക്ക് വലിയ ട്രെന്‍ഡിങ്ങാകുന്നത്.

മൊഡാള്‍ സില്‍ക്കില്‍ ഷര്‍ട്ടുകള്‍ അധികം കണ്ടിട്ടില്ല. അത്തരം ഷര്‍ട്ടുകള്‍ കോമണല്ല. മൊഡാള്‍ സില്‍ക്കും കോട്ടണുമാണ് ഉപയോഗിച്ചത്. എങ്കിലും കൂടുതല്‍ യൂസ് ചെയ്തത് മൊഡാള്‍ സില്‍ക്കാണ്. അതാണ് ആളുകള്‍ തിരിച്ചറിഞ്ഞതും അവര്‍ക്ക് കൂടുതല്‍ ഇഷ്ടമായതും.

സിനിമ റിലീസായപ്പോള്‍ കിട്ടിയ ഫീഡ്ബാക്ക് ഭീകരമായിരുന്നു. എല്ലാവരും പൃഥ്വിരാജിന്റെ ആ കോസ്റ്റ്യൂം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. പലരും അതുപോലെ ചെയ്തു തരാമോയെന്ന് ചോദിച്ചു. അതിനായി ഓര്‍ഡറുകള്‍ കിട്ടി തുടങ്ങിയിട്ടുണ്ട്,’ അശ്വതി ജയകുമാര്‍ പറഞ്ഞു.


Content Highlight: Ashwathy Jayakumar Talks About Prithviraj Sukumaran

We use cookies to give you the best possible experience. Learn more