Entertainment news
സാക്ഷാൽ മോഹൻലാലിന്റെ മകനാണ് മുന്നിലെന്ന് തോന്നും :അശ്വത് ലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 31, 09:13 am
Wednesday, 31st January 2024, 2:43 pm

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൽ പ്രണവ് മോഹൻലാൽ അവതരിപ്പിച്ച അരുണിന്റെ സുഹൃത്തായ ആന്റണി താടിക്കാരൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അശ്വത് ലാലിന്റേത്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാന ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം. പ്രണവ്, കല്യാണി പ്രിയദർശൻ, നിവിൻ പോളി, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ് തുടങ്ങിയ വലിയ താര നിരതന്നെ ചിത്രത്തിലുണ്ട്.

പ്രണവ് മോഹൻലാലിനെ കുറിച്ച് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അശ്വത് ലാൽ. ഹൃദയം സിനിമയുടെ സമയത്ത് മോഹൻലാലിന്റെ മകനെ കാണാൻ പോകുന്നു എന്ന തോന്നൽ ഉണ്ടായിരുന്നെന്നും എന്നാൽ ഒരു മണിക്കൂർകൊണ്ട് എല്ലാം മാറിയെന്നും അശ്വത് പറഞ്ഞു. താൻ പ്രണവും അടുത്ത സുഹൃത്തുക്കളെ പോലെയാണെന്നും അശ്വത് ലാൽ കൂട്ടിച്ചേർത്തു.

‘ഹൃദയത്തിന്റെ സമയത്ത് മോഹൻലാലിന്റെ മകനെ ആണല്ലോ നമ്മൾ കാണാൻ പോകുന്നത് എന്ന രീതിയിലാണ് ആദ്യം പോകുന്നത്. സാക്ഷാൽ മോഹൻലാലിന്റെ മകനാണ് മുമ്പിൽ ഇരിക്കുന്നത് എന്ന ഫീൽ ഉണ്ടാകും. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ അതെല്ലാം മാറും. പിന്നെ നമുക്ക് ഏതോ ഒരു പ്രണവ്, ഏതോ അശ്വത് എന്ന ഇതിലേക്ക് പോകും.

ഇപ്പോൾ കുറച്ചുകൂടെ ഫ്രീ ആയെന്ന് തോന്നുന്നു. എന്നും കാണാത്ത സ്ഥിരം സംസാരിക്കാത്ത ആളുകൾ നമ്മുടെ അടുത്ത സുഹൃത്തുക്കളാകും. അവരെ കാണുമ്പോൾ കഴിക്കാൻ പോകല്ലേ എന്നൊക്കെ ചോദിക്കുകയുള്ളൂ. പ്രണവിനെ വർഷങ്ങൾക്ക് ശേഷം ലൊക്കേഷനിൽ കണ്ടപ്പോൾ അങ്ങനെ ഒരു സുഹൃത്തിനെ പോലെയായി.

ഹൃദയത്തിന്റെ സമയത്ത് സ്റ്റിൽ ഫോട്ടോ എടുക്കുന്ന ചേട്ടനോട് ഞാൻ പറയും ‘ഞാൻ അടുത്ത് ഇങ്ങനെ ഇരിക്കും ഫോട്ടോ എടുക്കണം കേട്ടോ എന്ന്. പിന്നീട് കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടാണ്. ഇപ്രാവശ്യം പോയിട്ട് ഒരു സെൽഫി പോലും ഞങ്ങൾ എടുത്തിട്ടില്ല. എനിക്ക് അങ്ങനെ ഒന്നും ഫീൽ ചെയ്തിട്ടേയില്ല. നമ്മൾ സ്ഥിരം കാണുന്ന ആളുകളോട് അങ്ങനെയല്ലേ പെരുമാറുക. അതായിരുന്നു വർഷങ്ങൾക്ക് ശേഷം ലൊക്കേഷനിൽ ഉണ്ടായത്,’ അശ്വത് പറഞ്ഞു.

Content Highlight: Ashwath lal about the friendship with pranav mohanlal