തന്റെ ആദ്യ ചിത്രം പതിനെട്ടാം പടിയല്ലെന്ന് നടൻ അശ്വത് ലാൽ. ആദ്യ ചിത്രം ആഭാസമാണെന്നും അത് തിയേറ്ററിൽ അധികം വർക്ക് ആയിട്ടില്ലെന്നും അശ്വത് പറഞ്ഞു. തന്റെ ആദ്യ പടം അമ്മയ്ക്ക് തിയേറ്ററിൽ കാണണമെന്നുണ്ടായിരുന്നെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും അശ്വത് കൂട്ടിച്ചേർത്തു.
അമ്മയെ കൊണ്ട് പോയി പടം കാണിക്കാൻ കഴിയാത്തതിൽ സങ്കടം ഉണ്ടായിരുന്നെന്നും അശ്വത് പറയുന്നുണ്ട്. അതിന് ശേഷം താൻ അഭിനയിച്ച ചിത്രമാണ് പതിനെട്ടാം പടിയെന്നും അശ്വത് ലാൽ പറയുന്നുണ്ട്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്റെ ആദ്യ മൂവിയായ ആഭാസം ആരും അധികം സംസാരിച്ചിട്ടില്ല. എന്റെ ആദ്യ ചിത്രം തിയേറ്ററിലധികം വർക്ക് ആയിട്ടില്ലായിരുന്നു. എന്റെ വീട് വെഞ്ഞാറമൂട് ആണ്. ആറ്റിങ്ങൽ ആണ് ഞങ്ങൾക്ക് യമുന എന്ന തിയേറ്റർ ഉണ്ടായിരുന്നത്. ഒറ്റ ദിവസമേ ആ സിനിമ അവിടെ ഉണ്ടായിരുന്നുള്ളൂ. ആരെയും വിളിക്കുകയോ ഒന്നും ചെയ്തില്ല.
ഞാൻ ആദ്യം സിനിമയിൽ ഉണ്ടോ എന്ന് നോക്കട്ടെ എന്ന് കരുതി. ഞാൻ അവിടെ ചെന്നപ്പോൾ 10 പേരുണ്ടെങ്കിൽ മാത്രമേ പടം ഇടുകയുള്ളൂയെന്ന് പറഞ്ഞു. അന്ന് പത്ത് പേരില്ലായിരുന്നു പടം കാണാൻ. അന്ന് വേറൊരു പടം ഒക്കെ റിലീസ് ആണ്. അതിനാണ് ആൾക്കാരുണ്ടായിരുന്നു. അവിടെ പടം ഇല്ല എന്ന് പറഞ്ഞ് ഞാൻ വെഞ്ഞാറമൂട്ടിലേക്ക് ഡ്രൈവ് ചെയ്തു പോവുകയാണ്.
അവിടെ ചെന്നപ്പോൾ 12 മണി കഴിഞ്ഞു അപ്പോഴാണ് ഞാൻ എന്റെ പടം കാണുന്നത്. സിനിമയിലെ സെക്കന്റ് ഹാഫിലാണ് ഞാനുള്ളത്. എനിക്ക് മുഴുവൻ സിനിമ കാണാൻ പറ്റിയില്ല. എന്റെ സിനിമ തിയേറ്ററിൽ കാണണം എന്നുള്ളത് അമ്മയുടെ വലിയ ആഗ്രഹം ആയിരുന്നു. ഇതെനിക്ക് ഭയങ്കരമായിട്ട് ഒരു വിഷമം ആയി പോയി.
അന്ന് അമ്മയ്ക്ക് വയ്യാതിരിക്കുന്ന സമയമാണ്. അമ്മയെ ദൂരെ പോയി സിനിമ കാണിക്കാനും പറ്റില്ല . ഈ തിയേറ്ററിൽ പടം ഇല്ലാതായിപ്പോയി. എന്റെ ആദ്യ സിനിമ അമ്മ തിയേറ്ററിൽ നിന്ന് കണ്ടിട്ടില്ല. അതെനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കുന്നു ഒരു കാര്യം ആയിരുന്നു. അതിനുശേഷമാണ് ഞാൻ പതിനെട്ടാം പടിയിലേക്ക് എത്തുന്നത്,’ അശ്വത് ലാൽ പറഞ്ഞു.
Content Highlight: Ashvath lal about his first film