| Wednesday, 10th April 2024, 1:14 pm

'ഒരോവറില്‍ ആറ് സിക്‌സടിച്ച് യുവരാജ് നേടിയ റെക്കോഡ് തകര്‍ത്തെറിഞ്ഞവനാ' ഇപ്പോള്‍ പഞ്ചാബിന്റെ നെടുംതൂൺ; എതിരാളികള്‍ ഇവനെയൊന്ന് സൂക്ഷിച്ചോ!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് മൂന്നാം തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബിനെ രണ്ട് റണ്‍സിനാണ് ഹൈദരാബാദ് പരാജയപെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയും നടത്തിയ പോരാട്ടവീര്യം ഏറെ ശ്രദ്ധേയമായി. 15 പന്തില്‍ പുറത്താവാതെ 33 റണ്‍സ് നേടി അഷുതോഷിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 120 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്.

എന്നാല്‍ ഇതിന് മുമ്പ് തന്നെ അശുതോഷ് ശര്‍മ എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് മുഴങ്ങി കേട്ടിരുന്നു. കഴിഞ്ഞ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ നേടിയ അര്‍ധസെഞ്ച്വറിയോടെയാണ് താരം ക്രിക്കറ്റ് ലോകത്തിലേക്ക് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്.

ടി-20യില്‍ 11 പന്തില്‍ നിന്നാണ് അശുതോഷ് അര്‍ധസെഞ്ച്വറി നേടിയത്. ഇതോടെ ഇന്ത്യക്കായി ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി മാറാനും അശുതോഷിന് സാധിച്ചിരുന്നു.

2007 ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ഇതിഹാസതാരം യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ നിന്നും നേടിയ ഫിഫ്റ്റി റെക്കോഡാണ് നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം അശുതോഷ് മറികടന്നത്. എട്ട് സിക്സുകളും ഒരു ഫോറും ഉള്‍പ്പെടെ 441.66 പ്രഹരശേഷിയില്‍ ബാറ്റ് വീശിയാണ് താരം ചരിത്രം സൃഷ്ടിച്ചത്.

ഇപ്പോള്‍ പഞ്ചാബിന് വേണ്ടിയും നിര്‍ണായക പ്രകടനം താരം നടത്തുന്നത് ഏറെ ശ്രദ്ധേയമാണ്. വരും മത്സരങ്ങളിലും താരത്തിന്റെ മിന്നും പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

25 പന്തില്‍ പുറത്താവാതെ 46 റണ്‍സ് നേടിക്കൊണ്ടായിരുന്നു ശശാങ്കിന്റെ തകര്‍പ്പന്‍ പ്രകടനം. 184 പ്രഹര ശേഷിയില്‍ ആറ് ഫോറുകളും ഒരു സിക്സും നേടിക്കൊണ്ടായിരുന്നു ശശാങ്കിന്റെ പോരാട്ടം.

നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും മൂന്ന് തോല്‍വിയുമായി നാല് പോയിന്റോടെ ആറാം സ്ഥാനത്താണ് പഞ്ചാബ്. ഏപ്രില്‍ 13ന് ഇതുവരെ തോല്‍വി അറിയാത്ത രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. മഹാരാജ യാദവിന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Ashutosh Sharma great performance for Punjab Kings in IPL 2024

We use cookies to give you the best possible experience. Learn more