| Tuesday, 17th October 2023, 5:35 pm

വേഗതയേറിയ 50, യുവരാജിനെ മറികടന്ന് ഇന്ത്യന്‍ താരം; അന്താരാഷ്ട്ര-ഇന്ത്യന്‍ റെക്കോഡുകളില്‍ നിന്ന് യുവി ഔട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ വേഗതയേറിയ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ഇന്ത്യന്‍ താരം എന്ന യുവരാജ് സിങ്ങിന്റെ റെക്കോഡ് മറികടന്ന് അശുതോഷ് ശര്‍മ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ശര്‍മ യുവരാജിനെ മറികടന്നുകൊണ്ട് റെക്കോഡ് പുസ്തകത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്.

ചൊവ്വാഴ്ച നടന്ന റെയില്‍വെയ്‌സ് – അരുണാചല്‍ പ്രദേശ് മത്സരത്തിലാണ് റെയില്‍വെയ്‌സ് താരം അശുതോഷ് ഈ റെക്കോഡിട്ടത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേക്ക് നാല് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കാനും ഇതോടെ അശുതോഷിനായി.

2007 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 12 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് യുവരാജ് സിങ് വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡിട്ടത്. നീണ്ട 16 വര്‍ഷക്കാലം യുവരാജ് സിങ്ങിന്റെ പേര് തന്നെയായിരുന്നു റെക്കോഡ് ബുക്കില്‍ ഒന്നാമതായി ഉണ്ടായിരുന്നത്.

ഇപ്പോള്‍ 11 പന്തില്‍ നിന്നും 50 തികച്ചാണ് അശുതോഷ് റെക്കോഡ് നേട്ടത്തില്‍ ഒന്നാമനായിരിക്കുന്നത്.

റെയില്‍വെയ്‌സ് ഇന്നിങ്‌സിന്റെ 16ാം ഓവറിലാണ് അശുതോഷ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അറ്റാക് ചെയ്തുകളിച്ച അശുതോഷ് എട്ട് സിക്‌സറും ഒരു സിംഗിളും ഒരു ബൗണ്ടറിയുമടക്കം 12 പന്തില്‍ 53 റണ്‍സ് നേടിയാണ് കളം വിട്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡ് ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ നേപ്പാളിന്റെ ദീപേന്ദ്ര സിങ് ഐറി നേടിയിരുന്നു. യുവരാജിന്റെ റെക്കോഡാണ് താരം തകര്‍ത്തത്. ഒമ്പത് പന്തിലായിരുന്നു ഐറിയുടെ റെക്കോഡ് നേട്ടം.

ടി-20 ഫോര്‍മാറ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡ് നഷ്ടമായ വിരാടിന് ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരം എന്ന റെക്കോഡും നഷ്ടമായി. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗതയേറിയ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡ് മാത്രമാണ് യുവരാജിന്റെ പേരിലുള്ളത്.

അതേസമയം, അശുതോഷിന്റെ അര്‍ധ സെഞ്ച്വറിയുടെയും വിക്കറ്റ് കീപ്പര്‍ ഉപേന്ദ്ര യാദവിന്റെ സെഞ്ച്വറിയുടെയും ബലത്തില്‍ റെയില്‍വെയ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയിരുന്നു.

51 പന്തില്‍ നിന്നും ഒമ്പത് സിക്‌സറും ആറ് ഫോറും അടക്കം 103 റണ്‍സാണ് ഉപേന്ദ്ര യാദവ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അരുണാചല്‍ പ്രദേശ് 18.1 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

Content highlight: Ashutosh Sharma breaks the record of fastest half century by an Indian

We use cookies to give you the best possible experience. Learn more