ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഒന്‍പത് റണ്‍സിന് മുംബൈ പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ ബാറ്റിങ് നിരയില്‍ അശുതോഷ് ശര്‍മ നടത്തിയ പോരാട്ടവീര്യമാണ് ഏറെ ശ്രദ്ധേയമായത്. പഞ്ചാബ് ബാറ്റിങ് തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു.
മൂന്നാം ഓവര്‍ ആയപ്പോഴേക്കും നാല് മുന്‍നിര താരങ്ങളെയാണ് പഞ്ചാബിന് നഷ്ടമായത്. ഇവിടെനിന്നും ടീമിനെ വിജയത്തിന് തൊട്ടരികില്‍ എത്തിക്കുകയായിരുന്നു അശുതോഷ് ശർമ. 28 പന്തില്‍ 61 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശുതോഷിന്റെ തകര്‍പ്പന്‍ പ്രകടനം. രണ്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്. 217.66 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് അശുതോഷ് സ്വന്തമാക്കിയത്. ടി-20 ക്രിക്കറ്റില്‍ കുറഞ്ഞത് 500 പന്ത് എങ്കിലും നേരിട്ട് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള താരമായി മാറാനാണ് അശുതോഷ് ശര്‍മക്ക് സാധിച്ചത്. 199.65 റേറ്റിലാണ് താരം ബാറ്റ് വീശിയത്.
അശുതോഷിന് പുറമേ ശശാങ്കു സിങ്ങും മികച്ച പ്രകടനം നടത്തി. രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടെ 25 പന്തില്‍ നിന്ന് 41 റണ്‍സാണ് ശശാങ്ക് നേടിയത്.
മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സീ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ , ശ്രേയസ് ഗോപാല്‍, ആകാശ് മധ്വാള്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും മിന്നും പ്രകടനം നടത്തി.
അതേസമയം 53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ കരുത്തിലാണ് മുംബൈ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 147.17 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സൂര്യകുമാര്‍ ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് നേടിയത്.
രോഹിത് ശര്‍മ 25 പന്തില്‍ 36 റണ്‍സും തിലക് വര്‍മ 18 പന്തില്‍ 34 റണ്‍സും നേടി നിര്‍ണായകമായി. പഞ്ചാബ് ബൗളിങ്ങില്‍ ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റും സാം കറന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
Content Highlight: Ashuthosh Sharma great performance for Punjab kings in IPL 2024