അന്ന് യുവരാജിന്റെ റെക്കോഡ് തകര്‍ത്ത് ഞെട്ടിച്ചു, ഇപ്പോള്‍ പഞ്ചാബിന്റെ രക്ഷകനായും; അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം!
Cricket
അന്ന് യുവരാജിന്റെ റെക്കോഡ് തകര്‍ത്ത് ഞെട്ടിച്ചു, ഇപ്പോള്‍ പഞ്ചാബിന്റെ രക്ഷകനായും; അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th April 2024, 4:34 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന് രണ്ടാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റുകള്‍ക്കാണ് പഞ്ചാബ് കീഴടക്കിയത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 19.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പഞ്ചാബിന് വേണ്ടി നിര്‍ണായക ഇന്നിങ്‌സ് കളിച്ചുക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാന്‍ അശുതോഷ് ശര്‍മക്ക് സാധിച്ചിരുന്നു. 17 പന്തില്‍ 31 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മൂന്ന് ഫോറുകളും ഒരു സിക്സും അടിച്ചുകൊണ്ടായിരുന്നു അശുതോഷ് പഞ്ചാബിന് കരുത്തായത്.

എന്നാല്‍ ഇതിന് മുമ്പ് തന്നെ അശുതോഷ് ശര്‍മയുടെ പേര് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ മുഴങ്ങി കേട്ടിരുന്നു. കഴിഞ്ഞ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ നേടിയ അര്‍ധസെഞ്ച്വറിയോടെയാണ് താരം ക്രിക്കറ്റ് ലോകത്തിലേക്ക് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്.

ടി-20യില്‍ 11 പന്തില്‍ നിന്നാണ് അശുതോഷ് അര്‍ധസെഞ്ച്വറി നേടിയത്. ഇതോടെ ഇന്ത്യക്കായി ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി മാറാനും അശുതോഷിന് സാധിച്ചിരുന്നു. 2007 ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ഇതിഹാസതാരം യുവരാജ് സിങ് ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ നിന്നും നേടിയ ഫിഫ്റ്റി റെക്കോഡാണ് നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം അശുതോഷ് മറികടന്നത്. എട്ട് സിക്‌സുകളും ഒരു ഫോറും ഉള്‍പ്പെടെ 441.66 പ്രഹരശേഷിയില്‍ ബാറ്റ് വീശിയാണ് താരം ചരിത്രം സൃഷ്ടിച്ചത്.

ഇന്ന് ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കത്തില്‍ ഗുജറാത്തിനെതിരെ സമ്മര്‍ദഘട്ടത്തില്‍ പഞ്ചാബിന്റെ രക്ഷകനായി അവതരിച്ചത് ഏറെ ശ്രദ്ധേയമായി. വരും മത്സരങ്ങളിലും താരത്തിന്റെ മിന്നും പ്രകടനം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പഞ്ചാബിന് വേണ്ടി ശശാങ്ക് സിങ്ങും മികച്ച പ്രകടനം നടത്തി 29 പന്തില്‍ നിന്ന് നാല് സിക്‌സറും ആറ് ഫോറും അടക്കം 61 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 210.34 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. പ്രഭ്‌സിമ്രാന്‍ സിങ് 24 പന്തില്‍ 35 റണ്‍സും നേടി.

ജയത്തോടെ നാലു മത്സരങ്ങളില്‍ രണ്ടു വിജയവും രണ്ടു തോല്‍വിയുമായി നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. ഏപ്രില്‍ ഒമ്പതിന് സണ്‍റൈസേഴ്സ് ഹൈദരാബാദുമായാണ് പഞ്ചാബിന്റെ അടുത്ത മത്സരം. മൊഹാലിയാണ് വേദി.

Content Highlight: Ashuthosh sharma great performance against Gujarat Titans in IPL