ദുബൈ: അന്തരിച്ച ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിച്ചത് താമരശ്ശേരിക്കാരനായ പ്രവാസി മലയാളി. അഷ്‌റഫ് ഷെറിയെന്ന 44 കാരനാണ് താരത്തിന്റെ കുടുംബത്തിന് സഹായങ്ങളുമായി കൂടെ നിന്നത്.
യു.എ.യില്‍ നിന്ന് മരിക്കുന്നവരുടെ ശരീരം അവരവരുടെ നാടുകളിലെത്തിക്കാന്‍ സഹായിക്കുന്നത് തന്റെ കടമയാണെന്ന് അഷ്‌റഫ് വിശ്വസിക്കുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കി പെട്ടെന്ന് തന്നെ നടപടികള്‍ തീര്‍ക്കാന്‍ അഷ്‌റഫ് സഹായിക്കും. ഇതുവരെ 38 രാജ്യങ്ങളില്‍ നിന്നായി 4700 മൃതദേഹങ്ങള്‍ അഷ്‌റഫിന്റെ സഹായത്തോടെ നാട്ടിലെത്തിയിട്ടുണ്ട്.
“അവര്‍ക്ക്, ഞാനായാലും നിങ്ങളായാലും ഒരുപോലെയാണ്. ആരെങ്കിലും മരിച്ചാല്‍ അവരെ ആശുപത്രിയിലേക്കും തുടര്‍ന്ന് പൊലീസ് മോര്‍ച്ചറിയിലേക്കും മാറ്റും. ദുബായിലായാലും ഷാര്‍ജയിലായാലും, ധനികനായാലും ദരിദ്രനായാലും, എല്ലാവര്‍ക്കും ഒരേ നടപടിയാണ്” അഷ്‌റഫ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ശ്രീദേവിയുടേതടക്കം അഞ്ച് മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം അഷ്‌റഫ് നാട്ടിലെത്തിക്കാന്‍ സഹായിച്ചത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ ശ്രീദേവി ഫെബ്രുവരി 24നാണ് ഹോട്ടല്‍ മുറിയിലെ ബാത്ത്ടബില്‍ മരിച്ചത്. മരണം സ്ഥിരീകരിച്ച ഉടന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ചെയ്ത് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനിടെ പൊലീസ് ക്ലിയറന്‍സ് കിട്ടാത്തതിനാല്‍ നടപടികള്‍ വൈകി. ഇതേ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അഷ്‌റഫിനെ സഹായത്തിന് വിളിച്ചത്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനൊപ്പം അഷ്‌റഫും രാപകല്‍ ഓടിനടന്ന് മതിയായ രേഖകള്‍ തയ്യാറാക്കി നല്‍കിയതോടെയാണ് അധികം സങ്കീര്‍ണതകളില്ലാതെ മൃതദേഹം വിട്ടുകിട്ടിയത്.
ശ്രീദേവിയുടെ മൃതദേഹം ദുബൈ പൊലീസ് വിശ്വസ്തതയോടെ കൈമാറിയതും അഷ്‌റഫിനായിരുന്നു. എംബാം രേഖയില്‍ ഇക്കാര്യം പൊലീസ് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കൂടിയാണ്.