കാബൂള്‍: താലിബാന്‍ രാജ്യം കീഴടക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടത് വലിയൊരു തുക പണം കൊണ്ടാണെന്ന് ഗനിയുടെ മുന്‍ ബോഡിഗാര്‍ഡ്. ഇതിന് തെളിവുകളുണ്ടെന്നും അത് പുറത്തുവിടാന്‍ തയാറാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ പിറാസ് അറ്റ ഷരീഫി പറഞ്ഞു.
മുന്‍ പ്രസിഡണ്ട് ബാഗുകള്‍ നിറയെ പണവുമായി രാജ്യം വിട്ടത് താന്‍ കണ്ടിട്ടുണ്ടെന്നും ഇതിന്റെ വീഡിയോ ദൃശ്യം തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് മുന്‍ ബോഡിഗാര്‍ഡ് പറഞ്ഞത്.
”കൊട്ടാരത്തില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യം എന്റെ കൈയിലുണ്ട്. ഗനി രാജ്യം വിടുന്നതിന് തൊട്ടുമുന്‍പായി അഫ്ഗാന്‍ ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ ബാഗുകള്‍ നിറയെ പണവുമായി കൊട്ടാരത്തിലേക്ക് കയറുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്,” അദ്ദേഹം ഡെയ്‌ലി മെയിലിനോട് പ്രതികരിച്ചു.
അഷ്‌റഫ് ഗനിയുടെ ദൈനംദിന സുരക്ഷയുടെ ഭാഗമായിരുന്നു ജനറല്‍ ഷരീഫി. അഫ്ഗാന്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ച രണ്ട് ബാഗ് നിറയെ പണവുമായാണ് ഗനി രാജ്യം വിട്ടതെന്നാണ് അദ്ദേഹം പറയുന്നത്.
”കറന്‍സി എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലേക്ക് വേണ്ട പണമായിരുന്നു അത്. എന്നാല്‍ അതിന് പകരം അത് പ്രസിഡണ്ട് എടുത്തു. അവസാനം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഗനിയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാ പണവും കൊണ്ട് രക്ഷപ്പെട്ടത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം വിടുന്നതിന് മുമ്പായി താലിബാന്റെ പിടിയില്‍ അകപ്പെടുകയാണെങ്കില്‍ സ്വയം വെടിവെച്ച് മരിക്കാനായി ഒരു തോക്ക് അദ്ദേഹം കൈയില്‍ കരുതിയിരുന്നെന്നും ജനറല്‍ ഷരീഫി പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 15ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഓഫീസില്‍ താന്‍ ഗനിയെ കാത്തിരുന്നെന്നും എന്നാല്‍ ഒരു ഫോണ്‍ കോളിലൂടെയാണ് അദ്ദേഹം വിമാനത്താവളം വഴി രാജ്യം വിട്ടതായി അറിഞ്ഞതെന്നും ജനറല്‍ ഷരീഫി കൂട്ടിച്ചേര്‍ത്തു. അഫ്ഗാന്റെ പ്രതിരോധ മന്ത്രിയും അന്ന് ഗനിയ്‌ക്കൊപ്പം രാജ്യം വിട്ടിരുന്നു.
തന്റെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെ ഗനി രാജ്യം വിട്ടതോടെ താന്‍ ചതിക്കപ്പെട്ടതായി തോന്നിയെന്നും താലിബാന്‍ ഭരണത്തില്‍ ഒളിജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 15ന് താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ ഗനി രാജ്യം വിട്ടിരുന്നു. താലിബാന്‍ രാജ്യം കീഴടക്കിയപ്പോള്‍ ഒളിച്ചോടിയെന്ന വിമര്‍ശനങ്ങള്‍ക്ക് പുറമേ അഫ്ഗാന്‍ പണവും കൊണ്ടാണ് പോയത് എന്നും ആരോപണമുയര്‍ന്നിരുന്നു. യു.എ.ഇലേക്കായിരുന്നു അന്ന് ഗനിയും കുടുംബവും പോയത്.