| Monday, 18th November 2019, 11:57 am

ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനില്‍ അതിസാഹസിക യാത്രക്കൊരുങ്ങി മലയാളി യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളില്‍ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനില്‍ മത്സരിക്കാന്‍ ഒരുങ്ങി യുവ സഞ്ചാരിയും ട്രാവല്‍ വ്‌ളോഗറുമായ അഷ്‌റഫ് എക്‌സല്‍. ഫിയല്‍ റാവന്‍ എന്ന സ്വീഡിഷ് കമ്പനി എല്ലാവര്‍ഷവും നടത്തുന്ന പോളാര്‍ എക്‌സ്പിഡിഷനില്‍ പങ്കെടുക്കാനാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ അഷ്‌റഫ് തയ്യാറെടുക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖലയിലൂടെയുള്ള അതിസാഹസികമായ യാത്രയാണ് പോളാര്‍ എക്‌സ്‌പെഡിഷന്‍. കഠിനമായ തണുപ്പും മേഖലയിലെ പ്രത്യേക സാഹചര്യവും കാരണം അപകട സാധ്യത ഏറെയുള്ള മത്സരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും തുടര്‍ച്ചയായി വിജയിച്ചത് മലയാളികളായ പുനലൂര്‍ സ്വദേശി നിയോഗും കോഴിക്കോട് സ്വദേശി ബാബ് സാഗറുമാണ്. ഇവര്‍ മത്സരത്തില്‍ പങ്കെടുക്കുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആയിരിക്കും പോളാര്‍ എക്‌സ്‌പെഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ചു ഓണ്‍ലൈന്‍ വോട്ടിങ് വഴി ആദ്യ സ്ഥാനത്തെത്തുന്ന പത്ത് പേര്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് യോഗ്യത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തെരഞ്ഞെടുക്കും.

ഒരു മാസത്തോളം നീണ്ട് നില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ദ വേള്‍ഡ് കാറ്റഗറിയില്‍ യുവ സഞ്ചാരിയായ അഷ്‌റഫ് എക്‌സലാണ് ഇത്തവണ മുന്നിലുള്ളത്.

വോട്ട് ചെയ്യാനുള്ള ലിങ്ക് :
https://polar.fjallraven.com/contestant/?id=7043

മലയാളത്തിലെ പ്രമുഖ ട്രാവല്‍ ബ്ലോഗറായ സുജിത് ഭക്തന്‍, ടെക്‌നോളജി വീഡിയോകളിലൂടെ മലയാളിക്ക് സുപരിചിതനായ രതീഷ് ആര്‍ മേനോന്‍ തുടങ്ങി നിരവധി പേര്‍ ഇദ്ദേഹത്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. യൂടൂബില്‍ ഒന്നര ലക്ഷത്തിലധികം ഫോളോവേര്‍സുള്ള റൂട്ട് റെക്കോര്‍ഡ്‌സ് എന്ന ട്രാവല്‍ ചാനലിന്റെ ഉടമയാണ് അഷ്‌റഫ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more