മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ ഏറെ ആരാധകരുള്ള ഒരു സിനിമയാണ് പത്മരാജന്‍ ഒരുക്കിയ തൂവാനത്തുമ്പികള്‍. മോഹന്‍ലാല്‍ നായകനായ ആ ചിത്രത്തിന് ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയാണുള്ളത്.
എന്നാല്‍ ഈയിടെയായിരുന്നു സംവിധായകന്‍ രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ തൂവാനത്തുമ്പികള്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഭാഷ മോശമാണെന്ന പ്രതികരണം നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ആ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചക്കും വഴിയൊരുക്കിയിരുന്നു.
തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്ന തൃശൂര്‍ ഭാഷ ശരിയല്ലെന്നും അന്ന് പത്മരാജനും മോഹന്‍ലാലും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലായെന്നുമാണ് ഒരു അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞത്. ഇതിനു പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും പത്മരാജന്റെ മകനും രംഗത്തെത്തിയിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നടന്‍ അശോകനും അഭിനയിച്ചിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ തൂവാനത്തുമ്പികളെ കുറിച്ചും തൃശൂര്‍ ഭാഷയെ കുറിച്ചും സംസാരിക്കുകയാണ് താരം.
‘തൃശൂരിലുള്ള കുറച്ച് ആളുകളെ ബേസ് ചെയ്ത് വന്ന കഥയായിരുന്നു തൂവാനത്തുമ്പികള്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാദത്തെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങള്‍ പറയാം. അവരുടേതായ അഭിപ്രായമാണ് അത്.
ചിലര്‍ക്ക് അതിലെ ഭാഷ തൃശൂര്‍ ഭാഷയായി തോന്നുന്നില്ലായിരിക്കും. തൃശൂര്‍ ഭാഷയില്‍ തന്നെയാണ് അത് ചെയ്തത്. ആളുകള്‍ ഇന്നും റിപ്പീറ്റായിട്ട് കാണുന്ന സിനിമയാണ് തൂവാനത്തുമ്പികള്‍. എന്റെ ഓര്‍മ ശരിയാണെങ്കില്‍ തൃശൂര്‍ ഭാഷ അങ്ങനെയാണ് എന്നാണ് എല്ലാവരും പറഞ്ഞത്. പിന്നെ കൂടുതല്‍ ആലോചിച്ചു കഴിഞ്ഞാല്‍ സ്വാഭാവികമായും അതിനകത്ത് ചില തെറ്റുകുറ്റങ്ങള്‍ കാണാം.
പക്ഷേ ആ സിനിമ ശ്രദ്ധിക്കപെട്ടതിന്റെ കാരണങ്ങളില്‍ ഒന്ന് ആ തൃശൂര്‍ ഭാഷ തന്നെയാണ്. പിന്നെ ആ സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. അതിലെ വിഷയം പോലും വ്യത്യസ്തമാണ്. അവരുടെ പ്രണയത്തിനും ഒരുപാട് പ്രത്യേകതയുണ്ട്. അതുകൊണ്ടാണ് പുതിയ തലമുറ പോലും ആ സിനിമ ഇഷ്ടപെടുന്നത്,’ അശോകന്‍ പറഞ്ഞു.
Content Highlight: Ashokan Talks About Thoovanathumbikal