| Thursday, 22nd August 2024, 5:08 pm

ചില സെറ്റുകളില്‍ ചെല്ലുമ്പോള്‍ സിനിമയില്‍ ഇത്രയധികം ആത്മാര്‍ത്ഥത പാടില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. തന്നെ വളരെയധികം പ്രോത്സാഹിപ്പിച്ച ആളാണ് പത്മരാജനെന്ന് പറയുകയാണ് അശോകന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ആളാണ്. മനസ് തളര്‍ത്താതെ എന്‍കറേജ് ചെയ്യുന്ന ആളാണ് പത്മരാജന്‍ സാര്‍. ചില സിനിമകളില്‍ നമ്മള്‍ പ്രതീക്ഷിച്ച പ്രാധാന്യം കിട്ടിയില്ലെങ്കില്‍ ‘സാരമില്ല. വേറെ നല്ല പടം എപ്പോഴെങ്കിലും വരും’ എന്ന് പറഞ്ഞ് സാര്‍ സമാധാനിപ്പിക്കാറുണ്ടായിരുന്നു.

പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും അദ്ദേഹം പറയാറുണ്ട്. സിനിമയില്‍ എനിക്ക് ഒരുപാട് ഉപദേശങ്ങള്‍ നല്‍കുന്ന ആളാണ് പത്മരാജന്‍ സാര്‍. അദ്ദേഹം തന്ന പാഠം ഞാന്‍ ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട്.

ഒരു സിനിമ വന്നാല്‍ എങ്ങനെ പ്രൊഡ്യൂസറുമായി സഹകരിക്കണമെന്നും പ്രൊഡ്യൂസര്‍ക്ക് അനാവശ്യമായിട്ട് ചിലവുണ്ടാക്കി കൊടുക്കരുത് എന്നുമൊക്കെ എനിക്ക് ആദ്യമായി പറഞ്ഞു തരുന്നത് സാറാണ്. അത് വലിയ കാര്യമല്ലേ. സമയത്ത് കൃത്യമായി സെറ്റില്‍ എത്തണം. ഞാന്‍ സത്യത്തില്‍ ഇതുവരെ ഒരു സിനിമയിലും ലേറ്റായിട്ട് പോയിട്ടില്ല.

ഞാന്‍ പതുക്കെ പോയാല്‍ മതിയെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ചില സെറ്റില്‍ പോയാല്‍ നമ്മള്‍ ഇത്രയും നേരത്തെ പോയത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകണമെന്നില്ല. ഇത്രയും ആത്മാര്‍ത്ഥ കാണിച്ചിട്ട് സിനിമയില്‍ കാര്യമുണ്ടോ എന്ന് ചോദിച്ചാല്‍ അതൊരു ചോദ്യം തന്നെയാണ്.

ചില സെറ്റില്‍ ചെല്ലുമ്പോള്‍ വളരെയധികം ആത്മാര്‍ത്ഥത സിനിമയില്‍ ഒരിക്കലും പാടില്ലെന്ന് എനിക്ക് തോന്നാറുണ്ട്. ആവശ്യമില്ലാത്ത ആത്മാര്‍ത്ഥയാണെന്ന് തോന്നിപോകും. അപ്പോള്‍ നമ്മള്‍ കടിച്ചമര്‍ത്തും തീരെ നിവര്‍ത്തിയില്ലെങ്കില്‍ മാത്രമേ നമ്മള്‍ സിനിമയില്‍ നിന്ന് തിരിയുകയുള്ളൂ.

അത്തരത്തില്‍ നല്ല ഉപദേശങ്ങള്‍ തന്ന വ്യക്തിയാണ് പത്മരാജന്‍ സാര്‍. ഒപ്പം പ്രയോജനമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യരുതെന്നും സാര്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അത് നിനക്ക് ദോഷം ചെയ്യുമെന്ന് ആദ്യ കാലത്തേ എന്നെ അദ്ദേഹം ഉപദേശിച്ചിരുന്നു,’ അശോകന്‍ പറഞ്ഞു.


Content Highlight: Ashokan Talks About Movie Location

We use cookies to give you the best possible experience. Learn more