| Monday, 26th August 2024, 12:35 pm

ആ മോഹന്‍ലാല്‍ ചിത്രം ഞാനന്ന് വേണ്ടെന്ന് വെച്ചിരുന്നു; പ്രയോജനമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യരുത്: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടില്‍ 2007ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഹലോ. പാര്‍വതി മെല്‍ട്ടണ്‍ നായികയായി എത്തിയ സിനിമയില്‍ ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, കെ.ബി. ഗണേഷ് കുമാര്‍, മധു, സംവൃത സുനില്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

ഹലോയില്‍ നടന്‍ അശോകന്‍ ഒരു കാമിയോ റോളില്‍ എത്തിയിരുന്നു. സെബാസ്റ്റിയന്‍ എന്ന കഥാപാത്രമായാണ് അശോകന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ താന്‍ ഉപേക്ഷിച്ച ഒരു സിനിമയാണ് അതെന്നാണ് നടന്‍ പറയുന്നത്. സംവിധായകരുടെ നിര്‍ബന്ധത്തിലാണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും അശോകന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രയോജനമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് പത്മരാജന്‍ സാര്‍ പലപ്പോഴും പറയുമായിരുന്നു. അത് എനിക്ക് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം അന്നേ പറയാറുള്ളത്. ഒരു സീനോ രണ്ട് സീനോയുള്ള ഗസ്റ്റ് അപ്പിയറന്‍സുള്ള സിനിമയാണെങ്കില്‍ കൂടി അതിന് എന്തെങ്കിലും പ്രാധാന്യമുണ്ടെങ്കിലേ ചെയ്യാന്‍ പാടുള്ളു. അത്തരം വേഷങ്ങള്‍ ചെയ്യരുതെന്നല്ല സാര്‍ പറഞ്ഞത്.

പ്രാധാന്യമുണ്ടെങ്കില്‍ പോയി ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പടം മുഴുക്കെ നിന്നിട്ട് കാര്യമില്ലല്ലോ. ഒരു ഡയലോഗ് ആണെങ്കില്‍ പോലും അത്രയേറെ പ്രാധാന്യം വേണം. രണ്ട് സീനേയുള്ളുവെങ്കില്‍ പോലും ആ പടവുമായിട്ട് ബന്ധമുണ്ടെങ്കില്‍ ആ കഥാപാത്രം ചെയ്യണം. ഞാന്‍ അങ്ങനെ വിട്ട പടമാണ് ഹലോ എന്ന സിനിമ.

ഞാന്‍ സത്യത്തില്‍ ഉപേക്ഷിച്ച ഒരു സിനിമയാണ് അത്. റാഫിയും മെക്കാര്‍ട്ടിനും എന്നെ വിളിച്ച് കണ്‍വീന്‍സ് ചെയ്യിക്കുകയായിരുന്നു. അവരുടെ നിര്‍ബന്ധത്തിലാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിനെ കുറിച്ച് സിനിമ വരുമ്പോള്‍ അറിയാമെന്നായിരുന്നു ഇരുവരും പറഞ്ഞത്.

‘നീ സാബു അല്ലേടാ’ എന്ന ഒരു ഡയലോഗായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അതിന് ഇത്രയും മൈലേജ് ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപക്ഷെ ആ കഥാപാത്രം ചെയ്തില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ. പടമാണെങ്കില്‍ സൂപ്പര്‍ ഹിറ്റായിരുന്നു,’ അശോകന്‍ പറഞ്ഞു.


Content Highlight: Ashokan Talks About Mohanlal’s Hallo Movie

We use cookies to give you the best possible experience. Learn more