| Tuesday, 2nd July 2024, 9:48 am

ഇന്‍ ഹരിഹര്‍ നഗര്‍ സൂപ്പര്‍ ഹിറ്റാകുമെന്ന് വിചാരിച്ചില്ല; ഒരു കാര്യത്തില്‍ മാത്രമേ പ്രതീക്ഷയുണ്ടായിരുന്നുള്ളൂ: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രതീക്ഷയുള്ള സംവിധായകരാണ് സിദ്ദിഖും ലാലും. ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ നായകന്മാരാക്കി ഈ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍. 1990ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ മലയാള ചിത്രമായിരുന്നു അത്.

കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അശോകന്‍. സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും സിദ്ദിഖ് – ലാല്‍ കൂട്ടുക്കെട്ടില്‍ മാത്രമാണ് പ്രതീക്ഷയുണ്ടായിരുന്നുള്ളൂവെന്നുമാണ് താരം പറയുന്നത്.

‘ഞങ്ങളുടെ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമ സത്യത്തില്‍ ഇത്രയും സൂപ്പര്‍ ഹിറ്റാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്നാല്‍ എനിക്ക് പടം നന്നായി കളക്ട് ചെയ്യുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. സിദ്ദിഖ് – ലാലിന്റെ തന്നെ റാംജി റാവു എന്ന സിനിമ റിലീസായ ശേഷം വന്നതായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. ആ സിനിമ നേടിയത് വളരെ വലിയ കളക്ഷനായിരുന്നു. അവരുടെ സിനിമ ആയത് കൊണ്ട് നമ്മളുടെ സിനിമയും വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

നമ്മുടെ മലയാള സിനിമാ മേഖലയില്‍ പുതിയ ട്രെന്‍ഡ് സെറ്റ് കൊണ്ടു വന്നവരാണ് സിദ്ദിഖ് – ലാല്‍. രണ്ടുപേര്‍ ഒരുമിച്ച് സംവിധാനം ചെയ്യുക എന്ന രീതി പണ്ടുമുണ്ടായിരുന്നു. എന്നാല്‍ ആ കാര്യം കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് സിദ്ദിഖ് – ലാല്‍ വന്നപ്പോഴാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവര്‍ ഇരുവരും നന്നായി മിമിക്രി ചെയ്യുന്ന കലാകാരന്മാര്‍ കൂടെയാണെന്ന് പലര്‍ക്കും അറിയുന്ന കാര്യമായിരുന്നു. റാംജി റാവു സ്പീക്കിങ് എന്ന ഒരു സിനിമയിലൂടെ തന്നെ അവര്‍ക്ക് കോമഡിയെ വ്യത്യസ്തമായ തലത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു.

അവരില്‍ നല്ല പ്രതീക്ഷ വരാന്‍ ഇത് കാരണമായിട്ടുണ്ട്. കുട്ടികള്‍ മുതല്‍ പ്രായമായ ആളുകള്‍ വരെ ഇഷ്ടപ്പെടുന്ന സിനിമയാണ് സിദ്ദിഖ് – ലാലിന്റേത്. കാരണം അവരുടെ സ്‌ക്രിപ്റ്റിങ് പോലും ആ രീതിയില്‍ ഉള്ളതാണ്. ഏത് പ്രായത്തില്‍ ഉള്ളവരെയും കയ്യിലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അവരുടെ സിനിമയിലെ ഒരു സീന്‍ പോലും നമുക്ക് അരോചകരമാണെന്ന് ഒരിക്കലും തോന്നില്ല. അത്രമാത്രം പഠിച്ചിട്ടാണ് അവര്‍ സ്‌ക്രിപ്റ്റ് കണ്‍ഫോം ചെയ്യുന്നത്. അതിന്റെ ശക്തി നമ്മള്‍ അവരുടെ സിനിമ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്,’ അശോകന്‍ പറഞ്ഞു.


Content Highlight: Ashokan Talks About In Harihar Nagar

We use cookies to give you the best possible experience. Learn more