ഒരിക്കലും പരസ്പരം അകമഴിഞ്ഞ സ്‌നേഹം പ്രതീക്ഷിക്കരുത്; സൗഹൃദവും സ്‌നേഹബന്ധവും സിനിമയില്‍ പറ്റില്ല: അശോകന്‍
Entertainment
ഒരിക്കലും പരസ്പരം അകമഴിഞ്ഞ സ്‌നേഹം പ്രതീക്ഷിക്കരുത്; സൗഹൃദവും സ്‌നേഹബന്ധവും സിനിമയില്‍ പറ്റില്ല: അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2024, 1:20 pm

പദ്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് അശോകന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചിരുന്നു.

ഇപ്പോള്‍ സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് പറയുകയാണ് നടന്‍. തനിക്ക് എല്ലാവരുമായും സൗഹൃദമുണ്ടെന്നും എന്നാല്‍ ഒരിക്കലും സിനിമയില്‍ അങ്ങോട്ടുമിങ്ങോട്ടും അകമഴിഞ്ഞ സ്‌നേഹം പ്രതീക്ഷിക്കരുതെന്നും അശോകന്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ ഒരു കച്ചവടമാണെന്നാണ് അദ്ദേഹം പറയുന്നത്.

‘സിനിമയില്‍ എല്ലാവരുമായും സൗഹൃദമുണ്ട്. സിനിമ സൗഹൃദത്തിന് മാത്രമേ പറ്റുകയുള്ളു. ആ സൗഹൃദം എനിക്കുമുണ്ട്. സിനിമയില്‍ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും അകമഴിഞ്ഞ സ്‌നേഹം പ്രതീക്ഷിക്കരുത്. കാരണം സിനിമ ഒരു കച്ചവടമാണ്. പരിപൂര്‍ണമായും ഒരു ബിസിനസ് മാത്രമാണ് സിനിമ.

അപ്പോള്‍ സിനിമയിലെ സ്‌നേഹബന്ധമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. അത് ആരുടെയും കുറ്റമല്ല. അതാണ് സിനിമ. ഇത് സിനിമയിലെ എന്റെ ഏറ്റവും അടുത്ത ഇണപിരിയാത്ത സുഹൃത്താണ് എന്ന് പറയാന്‍ പറ്റില്ല. അങ്ങനെയുള്ള കുറച്ചുപേരുണ്ടാകാം. അതും നൂറില്‍ ഒരു പത്ത് ശതമാനം പോലും ഉണ്ടാകില്ല.

സൗഹൃദവും സ്‌നേഹബന്ധവും സിനിമയില്‍ പറ്റില്ല. കച്ചവടത്തില്‍ ഒരിക്കലും സ്‌നേഹത്തിന് സ്ഥാനമില്ലല്ലോ. സിനിമയിലെ സൗഹൃദം ഒരു കാഴ്ചപാടില്‍ മാത്രമേ ഉണ്ടാകുകയുള്ളു. എന്റെ അഭിപ്രായമാണ് ഇത്. പലര്‍ക്കും ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. ബിസിനസായത് കൊണ്ട് സിനിമയില്‍ ആവശ്യം വരുമ്പോള്‍ മാത്രമേ അങ്ങോട്ടുമിങ്ങോട്ടും സഹകരിക്കുകയുള്ളു,’ അശോകന്‍ പറഞ്ഞു.


content Highlight: Ashokan Talks About Friendship In Cinema