| Tuesday, 5th December 2023, 2:31 pm

ആ ചിത്രം ഇന്ന് കണ്ടാലും പെർഫെക്ട്, വരും തലമുറയ്ക്ക് പഠിക്കാനുള്ള സിനിമയാണത്: അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്മരാജന്റെ സംവിധാനത്തിൽ പിറന്ന ‘ പെരുവഴിയമ്പലം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടനാണ് അശോകൻ. പിന്നീട് പത്മരാജൻ അടക്കമുള്ള മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുള്ള അശോകൻ നിരവധി ശ്രദ്ധേയമായ വേഷങ്ങളുടെ ഭാഗമായിട്ടുണ്ട്.

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന സിനിമയാണ് കെ.ജി. ജോർജ് ഒരുക്കിയ യവനിക.

അശോകനും യവനികയിൽ അഭിനയിച്ചിരുന്നു. യവനിക ഒരു പെർഫെക്ട് സിനിമയാണെന്നും അത് ഇന്നത്തെയും വരാനിരിക്കുന്ന തലമുറയ്ക്കും ഒരുപാട് പഠിക്കാനുള്ള ചിത്രമാണെന്നും അശോകൻ പറഞ്ഞു. സിനിമയിലെ എല്ലാകാര്യങ്ങളും നന്നായി അറിയുന്ന വ്യക്തിയാണ് കെ.ജി.ജോർജ് എന്ന സംവിധായകനെന്നും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘യവനിക എന്ന സിനിമ ഇന്ന് കണ്ടാലും പെർഫെക്ട് ആണ്. ഒരു അസ്വഭാവികതയും തോന്നാത്ത സിനിമയാണ് യവനിക. അത് ഇന്നും നാളെയുമൊക്കെ പെർഫെക്ട് ആണ്. വരും തലമുറയ്ക്ക് പഠിക്കാനുള്ള ഒരു സിനിമയാണത്.

കെ. ജി. ജോർജ് എല്ലാ കാര്യത്തിലും മികച്ച ഒരാളായിരുന്നു. അതിപ്പോൾ സിനിമയിലെ കഥയാണെങ്കിലും സംവിധാനമാണെങ്കിലുമെല്ലാം. ക്യാമറയും എഡിറ്റിങ്ങുമെല്ലാം അറിയാം. അഭിനയിക്കുന്ന കാര്യത്തിൽ ആണെങ്കിലും ഒരുപാട് നിർദ്ദേശങ്ങൾ എനിക്ക് തന്നിരുന്നു.

യവനികയിൽ ഒരു സീനിൽ ഞാൻ ഇരിക്കുമ്പോൾ എന്നോട് കാല് ആട്ടണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ആ സിനിമയിലൂടനീളം ഞാൻ ആ മാനറിസം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

അങ്ങനെ എല്ലാകാര്യങ്ങളും അറിയുന്ന സംവിധായകനാണ് കെ.ജി. ജോർജ്,’ അശോകൻ പറയുന്നു.

Content Highlight: Ashokan Talk About Yavanika Movie And K.G. George

We use cookies to give you the best possible experience. Learn more