പത്മരാജൻ ഒരുക്കിയ പെരുവഴിയമ്പലത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നടനാണ് അശോകൻ. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അശോകൻ പത്മരാജൻ, ഭരതൻ, കെ. ജി. ജോർജ് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു.
യവനിക,അമരം തുടങ്ങി ഏറ്റവും ഒടുവിലിറങ്ങിയ നൽപകൽ നേരത്ത് മയക്കം എന്ന ചിത്രമടക്കം നടൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച നടനാണ് അശോകൻ. മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് അശോകൻ.
ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ, പെരുവഴിയമ്പലത്തിലെ രാമൻ അല്ലേയെന്നാണ് മമ്മൂട്ടി ചോദിച്ചതെന്നും നമ്മുടെ നല്ല വേഷങ്ങളെയും പ്രകടനങ്ങളെയുമെല്ലാം അഭിനന്ദിക്കാൻ യാതൊരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടിയെന്നും അശോകൻ പറയുന്നു. മുൻകോപി ആയിരുന്ന അദ്ദേഹം പറയുന്ന പല കാര്യങ്ങളും നമുക്ക് ഇഷ്ടമാവില്ലെന്നും പിന്നീട് ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ശുദ്ധത കൊണ്ടാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞതെന്ന് മനസിലാക്കാമെന്നും അശോകൻ കാൻചാനൽ മീഡിയയോട് പറഞ്ഞു.
‘മമ്മൂക്ക ആദ്യമായി സെറ്റിലേക്ക് വന്ന ദിവസമൊക്കെ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. മമ്മൂട്ടി എന്ന നടൻ സിനിമയിൽ പേരെടുത്ത് വരുന്ന സമയമായിരുന്നു അന്ന്. അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്.
ഞാൻ റിസപ്ഷനിൽ നിൽക്കുമ്പോഴാണ് ഒരു മഞ്ഞ കളർ ടാക്സിയിൽ അദ്ദേഹം വന്ന് ഇറങ്ങുന്നത്. ഉള്ളിലേക്ക് കയറുമ്പോൾ എന്നെ കണ്ടിട്ട് അദ്ദേഹം ചോദിച്ചു, പെരുവഴിയമ്പലത്തിലെ രാമൻ അല്ലേ? എന്നെ അറിയുമോയെന്ന്. പെട്ടെന്ന് ചോദ്യം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി.
അദ്ദേഹം എല്ലാ നല്ല സിനിമകളും കാണുന്ന ഒരു വ്യക്തിയാണ്. അതിനെക്കുറിച്ചെല്ലാം വളരെ കൃത്യമായി നമ്മളോട് പറയുകയും നമ്മളെ അഭിനന്ദിക്കാൻ ഒന്നും യാതൊരുവിധ മടിയുമില്ലാത്ത ആളുമാണ് മമ്മൂക്ക. അത് ഇഷ്ടമായില്ലെങ്കിൽ അങ്ങനെ പറയുകയും ചെയ്യും. അത്തരത്തിൽ ഒരുപാട് പോസിറ്റീവ്സ് ഉള്ള വ്യക്തിയാണ് അദ്ദേഹം.
ഷൂട്ടിങ് കഴിഞ്ഞിട്ടുള്ള ഒഴിവുവേളകളിൽ പല ഭാഷയിലുള്ള ചിത്രങ്ങൾ കാണുകയും എല്ലാ ഭാഷയിലെയും ന്യൂസുകൾ കണ്ട് അതെല്ലാം അപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുന്ന ആളാണ് മമ്മൂക്ക.
പണ്ടൊക്കെ നല്ല മുൻകോപം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഇപ്പോഴും ഉണ്ടെങ്കിലും അത് പോലും ഒരുപാട് മാറി പോയി. അന്ന് അദ്ദേഹം പറയുന്ന പല കാര്യങ്ങളും കേട്ടാൽ നമുക്ക് ഇഷ്ടമാവില്ലായിരുന്നു. അറിയാത്തവരൊക്കെ ആണെങ്കിൽ തെറ്റിദ്ധരിക്കും. പക്ഷെ അത് അറിഞ്ഞു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ശുദ്ധത കൊണ്ടാണെന്ന് നമുക്ക് മനസിലാവും. എന്നോടൊക്കെ ഒരുപാട് വട്ടം ദേഷ്യപ്പെട്ടിട്ടുണ്ട്,’അശോകൻ പറയുന്നു.