കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല, മലയാള സിനിമയ്ക്ക് അദ്ദേഹത്തിന്റെ നഷ്ടം എന്നന്നേക്കുമാണ്: അശോകൻ
Entertainment
കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല, മലയാള സിനിമയ്ക്ക് അദ്ദേഹത്തിന്റെ നഷ്ടം എന്നന്നേക്കുമാണ്: അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th December 2023, 9:38 am

മലയാളത്തിലെ എക്കാലത്തെ മികച്ച സംവിധായകരിൽ ഒരാളായ പത്മരാജൻ ഒരുക്കിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് അശോകൻ.

ചുരുങ്ങിയ സമയം കൊണ്ട് പത്മരാജൻ അടക്കമുള്ള മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ അശോകന് കഴിഞ്ഞിരുന്നു.

ഒരിടത്തൊരു ഫയൽവാൻ, അരപ്പെട്ട കെട്ടിയ ഗ്രാമം, തൂവാനത്തുമ്പികൾ തുടങ്ങിയ പത്മരാജൻ സിനിമകളിൽ ഭാഗമായിട്ടുള്ള അശോകൻ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ്

നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള വേഷപ്പകർച്ചകൾ നൽകി മലയാള സിനിമയെ ഒരുക്കിയെടുത്ത സംവിധായകനാണ് പത്മരാജനെന്നും അദ്ദേഹത്തിന്റെ നഷ്ടം മലയാള സിനിമയ്ക്ക് എന്നെന്നേക്കുമായി ഉള്ളതാണെന്നും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞു.

‘കണ്ണുള്ളപ്പോൾ അതിന്റെ കാഴ്ച അറിയില്ല എന്ന് പറയുന്ന പോലെയാണ് പത്മരാജന്റെ കാര്യം. പത്മരാജൻ എന്ന സംവിധായകന് അന്നും സിനിമയിൽ നല്ല പേര് തന്നെയുണ്ടായിരുന്നു.

വ്യത്യസ്തങ്ങളായ കഥയും കഥയുമൊക്കെ എഴുതി പുതുമയുണ്ടാക്കുന്ന സംവിധായകനാണെന്ന് അന്ന് തന്നെ എല്ലാവർക്കും അറിയാം. വാസ്തവത്തിൽ മലയാള സിനിമയെ നല്ല രീതിയിൽ ചമഞ്ഞൊരുക്കിയ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് പത്മരാജൻ.

നമ്മുടെ സംസ്കാരത്തിന് അനുസരിച്ചുള്ള വേഷ പകർച്ച സിനിമയ്ക്ക് കൊടുത്ത സിനിമയെ അങ്ങനെ ഒരുക്കിയെടുത്ത ഒരാളാണ് അദ്ദേഹം. പത്മരാജൻ ഒരു കഥ എഴുതിയാൽ അടുത്തതുമായി അതിനൊരു ബന്ധവുമുണ്ടാവില്ല.

സിനിമ ആണെങ്കിലും നോവൽ ആണെങ്കിലും അങ്ങനെ തന്നെയായിരുന്നു. മലയാള സിനിമയ്ക്ക് എന്നെന്നേക്കുമായുള്ള നഷ്ടം തന്നെയാണ് പത്മരാജൻ,’അശോകൻ പറയുന്നു.

Content Highlight: Ashokan Talk About Director Pathmarajan