| Sunday, 31st December 2023, 3:03 pm

മാറ്റങ്ങൾ കൊണ്ട് ദോഷങ്ങളും ഗുണങ്ങളും ഉണ്ടായി, ആളുകൾ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു പക്ഷേ..: അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് അശോകൻ. പത്മരാജൻ ഒരുക്കിയ പെരുവഴിയമ്പലത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന് കരിയറിന്റെ തുടക്കത്തിൽ തന്നെ പ്രഗൽഭരായ സംവിധായകരോടൊപ്പം സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കാലങ്ങൾക്കിപ്പുറം ഇന്നും മലയാള സിനിമയിൽ നിറസാന്നിധ്യമാണ് അദ്ദേഹം.

സിനിമയോടൊപ്പം വർഷങ്ങളായി സഞ്ചരിക്കുന്ന വ്യക്തി എന്ന നിലയിൽ മലയാള സിനിമയിൽ വന്ന പുതിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പുതിയ കാലത്ത് ഗുണങ്ങളും ദോഷങ്ങളും ഒരുപോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്. ഞാനിപ്പോൾ അഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളും നവാഗതരായ സംവിധായകർക്കൊപ്പമാണ്. ഏറ്റവും പുതിയ ടെക്നോളജിയിലും രീതിയിലും സിനിമയെ സമീപിക്കുന്നവരാണ് അവരെല്ലാം.

ആ സിനിമകളിലും നല്ല കഥാപാത്രമാകാൻ സാധിക്കുന്നു എന്നതൊരു ഭാഗ്യമാണ്. പഴയതിനെ അപേക്ഷിച്ച് സിനിമ നിർമിക്കുക എന്നത് ഇന്ന് കുറേക്കൂടി എളുപ്പമായിട്ടുണ്ട്. അത് ടെക്നോളജിയുടെ വളർച്ചകൊണ്ട് സാധ്യമായതാണ്.

പലതരം ക്യാമറകളും മറ്റുപകരണങ്ങളുമെല്ലാം ലഭ്യമായതിനാൽ ഇന്ന് ഏത്‌ ബജറ്റിലും സിനിമയെടുക്കാം എന്ന രീതിയിലേക്ക് കാര്യംമാറി. അതൊക്കെ നല്ലതാണ്.

മാറ്റങ്ങൾകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇന്ന് പഴയതിനേ അപേക്ഷിച്ച് സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു. കാരണം കാരവാൻപോലുള്ള സൗകര്യങ്ങൾ വന്നതോടെ ഇടവേളകളിൽ ഒന്നിച്ചിരുന്നുള്ള സംസാരവും മറ്റും ഇല്ലാതായി.

സീൻ കഴിഞ്ഞാൽ ആൾക്കാർ കാരവാനിൽ പോയി ഇരിക്കുന്ന രീതിയിലേക്ക് കാര്യം മാറി. അതേസമയം കാരവാൻ വന്നതോടെ മറ്റൊരു ഗുണമുണ്ടായി, ഔട്ട്ഡോർ ഷൂട്ടിങ് സ്ഥലങ്ങളിൽ നമ്മുടെ സ്വകാര്യ ആവശ്യങ്ങൾ നിർവഹിക്കാൻ അതൊരു മികച്ച സൗകര്യമായി മാറി,’അശോകൻ പറയുന്നു.

Content Highlight: Ashokan Talk About Changes In Malayalam Films

We use cookies to give you the best possible experience. Learn more