| Sunday, 29th October 2023, 2:55 pm

'ഹലാല്‍ ഇറച്ചിക്കെതിരെ സമരം ചെയ്യുന്നവനാ ഞാന്‍, എന്റെ മരുമകന്‍ അരവണ കഴിക്കുകയോ'; പുതിയ കാലത്തെ ക്രിസ്ത്യന്‍ വര്‍ഗീയതയുടെ പ്രതിരൂപമായി മാസ്റ്റര്‍പീസിലെ കുര്യച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിച്ച മലയാളത്തിലെ ഏറ്റവും പുതിയ വെബ് സീരിസാണ് മാസ്റ്റര്‍പീസ്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന്റെ എഴുത്തുകാരനും ‘തെക്കന്‍ തല്ലുകേസ്’ എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എന്‍. ആണ് മാസ്റ്റര്‍ പീസ് സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു കുടുംബകഥ പറയുന്ന സീരിസായി മാസ്റ്റര്‍പീസിനെ പരിഗണിക്കാമെങ്കിലും ഒരേ സമയം തമാശയിലൂടെ വലിയ രാഷ്ട്രീയം സംസാരിക്കുന്ന വെബ്സീരിസ് കൂടിയാണ് മാസ്റ്റര്‍പീസ്.

നിത്യാ മേനോന്‍ അവതരിപ്പിക്കുന്ന റിയ എന്ന കഥാപാത്രത്തിലൂടേയും ഷറഫുദ്ദീന്റെ ബിനോയിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്. ഇരുവരുടേയും ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന പൊരുത്തക്കേടുകള്‍ പരിഹരിക്കാനായി ഇവരുടെ ഫ്ളാറ്റിലെത്തുന്ന ഇരു കുടുംബങ്ങളും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് വിവിധ എപ്പിസോഡുകളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ചിത്രത്തില്‍ റിയ എന്ന കഥാപാത്രത്തെയാണ് നിത്യ മേനോന്‍ അവതരിപ്പിക്കുന്നത്. ബിനോയ് എന്ന കഥാപാത്രമായി ഷറഫുദ്ദീന്‍ എത്തുമ്പോള്‍, റിയയുടെ അമ്മ ലിസമ്മയായി ശാന്തി കൃഷ്ണയും ഭര്‍ത്താവ് കുര്യച്ചനായി അശോകനുമാണ് എത്തുന്നത്.

കടുത്ത യാക്കോബായ വിശ്വാസിയായ കുര്യച്ചന്‍ എന്ന കഥാപാത്രത്തെ അതിഗംഭീരമായാണ് അശോകന്‍ അവതരിപ്പിച്ചിരിക്കുന്നത്. മകളുടെ വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുമെന്ന ഉറച്ച തീരുമാനത്തില്‍ ഇറങ്ങിത്തിരിക്കുന്ന കുര്യച്ചന്‍ അങ്ങേയറ്റം പിന്തിരിപ്പനായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന വ്യക്തിയാണ്.

മകളുടേയും മരുമകന്റേയും ഫ്ളാറ്റിലെ ഫ്രിഡ്ജില്‍ അരവണയുടെ ബോട്ടില്‍ കാണുന്നതോടെ കുര്യച്ചന്റെ നിയന്ത്രണം നഷ്ടമാകുന്നുണ്ട്. ഈ സമയത്ത് ഇയാളിലെ വിശ്വാസി സട കുടഞ്ഞ് എഴുന്നേല്‍ക്കുകയാണ്. അന്യമതക്കാരുടെ അരവണ പ്രസാദം തന്റെ മകള്‍ കഴിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇയാള്‍.

അരവണയുടെ ബോട്ടിലുമായി മകള്‍ക്ക് മുന്നിലെത്തുന്ന കുര്യച്ചന്‍ ‘ഇതാണോ ബിനോയ് വലിയ സത്യവിശ്വാസിയാണെന്ന് നീ പറഞ്ഞത് ‘എന്നാണ് റിയയോട് ചോദിക്കുന്നത്.

ഇത് പായസമല്ലേ എന്നും എന്തിനാണ് ഇത്രയും പ്രശ്നമുണ്ടാക്കുന്നതെന്നുമുള്ള ഭാര്യയുടെ ചോദ്യത്തിന് ഇത് വെറും പായസമാണോയെന്നും അപ്പോള്‍ വിശ്വാസ സംരക്ഷണത്തിനും ഹലാല്‍ ഇറച്ചിക്കുമെതിരെ സമരം ചെയ്ത താന്‍ ആരായി എന്നുമാണ് കുര്യച്ചന്റെ അടുത്ത ചോദ്യം. തന്റെ നേതൃത്വപാടവമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും കുര്യച്ചന്‍ പറയുന്നുണ്ട്.

വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റിന്റെ മരുമകന്‍ അരവണ കഴിക്കുന്നു എന്ന വിവരം ആരെങ്കിലുമറിഞ്ഞാല്‍ തന്റെ ഇമേജ് എന്താകുമെന്ന് കൂടി കുര്യച്ചന്‍ ചോദിച്ചുവെക്കുന്നുണ്ട്.

വേറെ എന്തൊക്കെ ശീലമാണ് മരുമകന് ഉള്ളതെന്നാണ് മകളോടുള്ള കുര്യച്ചന്റെ അടുത്ത ചോദ്യം. ഇത് കഴിച്ചാല്‍ എന്താണ് പ്രശ്നമെന്നും വിശ്വാസികള്‍ക്ക് മാത്രമാണ് ഇത് പ്രസാദമെന്നും അല്ലാത്തവര്‍ക്ക് ഇത് വെറും മധുരമാണെന്നും റിയയുടെ കഥാപാത്രം പറയുന്നുണ്ട്. എന്നാല്‍ മകളുടെ ഈ മറുപടിയെ മണ്ടത്തരമായാണ് കുര്യച്ചന്‍ വ്യാഖ്യാനിക്കുന്നത്.

ഇത് 2023 ആണെന്നും കാര്യങ്ങളെ കുറച്ചുകൂടി ലിബറലായി കാണണമെന്നും റിയ പറയുമ്പോള്‍ നീയും കഴിച്ചല്ലേ എന്നാണ് കുര്യച്ചന്റെ ചോദ്യം. താന്‍ കഴിച്ചില്ലെന്നും കഴിക്കാത്തത് തനിക്ക് മധുരം ഇഷ്ടമല്ലാത്തതുകൊണ്ടാണെന്നും റിയ പറയുന്നുണ്ട്.

എന്നാല്‍ സ്വന്തം വീട്ടില്‍ തന്നെയാണ് റിബല്‍ ഉള്ളതെന്നും ക്രിസ്ത്യന്‍ വിശ്വാസം തകരാതെ കാത്തുസൂക്ഷിക്കാന്‍ താന്‍ അഹോരാത്രം പണിയെടുക്കുമ്പോള്‍ തന്റെ മകള്‍ അരവണ കഴിച്ചിരിക്കുകയാണെന്നും ഏതെങ്കിലുമൊരു അച്ചനെ വിളിച്ച് ഇതിലൊരു പരിഹാരം കാണണമെന്നുള്ള തീരുമാനത്തിലെത്തുകയാണ് കുര്യച്ചന്. ഇതോടെ അരവണ ബോട്ടില്‍ പിടിച്ചുവാങ്ങി രംഗം വിടുകയാണ് റിയയുടെ കഥാപാത്രം.

യാക്കോബായ-കത്തോലിക്കാ പള്ളിത്തര്‍ക്കത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുര്യച്ചന് മകള്‍ അന്യമതസ്ഥരുടെ അരവണ പ്രസാദം കഴിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല. തറവാടിത്ത ഘോഷത്തെ കുറിച്ചും വംശശുദ്ധിയെ കുറിച്ചും സംസാരിക്കുന്ന കുര്യച്ചന് മകള്‍ കഥക് പഠിക്കുന്നതോ ഭാര്യ സംഗീതം അഭ്യസിക്കുന്നതോ സങ്കല്‍പ്പിക്കാന്‍ പോലുമാകുന്ന കാര്യമല്ല.

അരവണ കഴിക്കരുതെന്ന് പറഞ്ഞ ക്രിസ്ത്യന്‍ മതമൗലികവാദികളുടേയും ഓണം, ക്രിസ്തുമസ് പോലുള്ള മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്നും ഓണസദ്യ കഴിക്കരുതെന്നുമുള്ള മുസ്ലിം പുരോഹിതന്മാരുടെയും ഹലാല്‍ ഭക്ഷണത്തിനെതിരായി ആക്രോശവുമായി രംഗത്തെത്തിയ ഹിന്ദു ക്രിസ്ത്യന്‍ മതമൗലികവാദികളുടെ നിലപാടുകളെയുമൊക്കെ കുര്യച്ചന്‍ എന്ന കഥാപാത്രത്തിലൂടെ നമ്മളെ ഓര്‍മിപ്പിക്കുകയാണ് സംവിധായകന്‍.

വിവാഹം കഴിക്കുന്ന സമയത്ത് ഭാര്യയ്ക്ക് സംഗീതത്തില്‍ അഭിരുചിയുണ്ടെന്ന് അറിഞ്ഞിട്ടും അവളെ സംഗീതം പഠിക്കാനോ പാട്ടുപാടാനോ അനുവദിക്കാത്ത കുര്യച്ചന്‍, അവള്‍ അതുകൊണ്ട് ഇന്നും സന്തോഷത്തിലാണ് ജീവിക്കുന്നതെന്ന് ഉറച്ചുവിശ്വസിക്കുകയും അത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുകയുമാണ്.

സീരിസില്‍ ശാന്തികൃഷ്ണ അഭിനയിക്കുന്ന ലിസമ്മ എന്ന കഥാപാത്രം തീര്‍ത്തും ഭര്‍ത്താവിന് അടിപ്പെട്ടു കഴിയുന്ന ഒരു ഭാര്യയാണ്. ഭര്‍ത്താവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം ജീവിക്കുന്ന, എന്നാല്‍ മകളെ അങ്ങേയറ്റം മനസിലാക്കി അവളുടെ താത്പര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മ കൂടിയാണ് അവര്‍.

Content Highlight: Ashokan’s character brief in the masterpiece web series

We use cookies to give you the best possible experience. Learn more