| Sunday, 31st December 2023, 8:39 pm

ആ സിനിമയ്ക്ക് പ്രതീക്ഷിച്ച പ്രാധാന്യം കിട്ടാത്തതിൽ വിഷമമുണ്ട്; എന്നാൽ അതിൽ വ്യത്യസ്ത ഗെറ്റപ്പായിരുന്നു: അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ൽ തനിക്ക് സിനിമയിൽ ലഭിച്ച അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അശോകൻ. തന്നെ സംബന്ധിച്ച് 2023 നല്ലൊരു വർഷമായിരുന്നെന്ന് അശോകൻ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിനൊപ്പം നിൽക്കുന്ന ശക്തമായ ഒരു മുഴുനീള കഥാപാത്രം ചെയ്യാനായെന്നും അശോകൻ പറയുന്നുണ്ട്.

എന്നാൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ വ്യത്യസ്തമായൊരു അച്ഛൻ കഥാപാത്രം ചെയ്‌തെങ്കിലും വേണ്ടത്ര പ്രാധാന്യമോ സ്വീകാര്യതയോ ലഭിച്ചില്ലെന്ന് അശോകൻ കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അശോകൻ.

‘2023 എന്നെ സംബന്ധിച്ച് നല്ലൊരു വർഷമായിരുന്നു. ഒരുപാട് സിനിമകൾ ചെയ്യാൻ സാധിച്ചില്ലെങ്കിലും ചെയ്ത സിനിമകളെല്ലാം എന്നെ സംബന്ധിച്ച് ഏറെ പ്രശംസ നേടി തന്നവയായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിനൊപ്പം നിൽക്കുന്ന ശക്തമായ ഒരു മുഴുനീള കഥാപാത്രം ചെയ്യാനായി. ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. എന്നും അഭിമാനിക്കാവുന്ന ഒരു സിനിമയും കഥാപാത്രവുമാണത്.

പിന്നാലെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പിലുള്ള ഒരു പിതാവിന്റെ കഥാപാത്രം ചെയ്യാനായി. എന്നാൽ പ്രതീക്ഷിച്ച രീതിയിലുള്ള പ്രാധാന്യമോ പ്രമോഷനോ ഈ കഥാപാത്രത്തിന് കിട്ടിയില്ല എന്നൊരു വിഷമം ഉണ്ട്. അതിനുശേഷം മാസ്റ്റർപീസ് എന്ന വെബ് സീരീസ് ചെയ്തു. അതിലെ കുര്യാച്ചൻ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചു. ജയ് ഗണേഷ്, ജമാലിന്റെ പുഞ്ചിരി, പാലും പഴവും തുടങ്ങി 2024 പ്രതീക്ഷ നൽകുന്ന ഒരുപിടി പ്രോജക്ടുകൾ ഉണ്ട്,’ അശോകൻ പറഞ്ഞു.

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് അശോകൻ. പത്മരാജൻ ഒരുക്കിയ പെരുവഴിയമ്പലത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന് കരിയറിന്റെ തുടക്കത്തിൽ തന്നെ പ്രഗൽഭരായ സംവിധായകരോടൊപ്പം സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കാലങ്ങൾക്കിപ്പുറം ഇന്നും മലയാള സിനിമയിൽ നിറ സാന്നിധ്യമാണ് അദ്ദേഹം.

Content Highlight: Ashokan on the opportunities he got in cinema in 2023

We use cookies to give you the best possible experience. Learn more