'എം.ടിയുടെ നിരീക്ഷണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെന്നത് മാധ്യമ വ്യാഖ്യാനം'; എം.ടിയെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടെന്ന് അശോകൻ ചെരുവിൽ
Kerala News
'എം.ടിയുടെ നിരീക്ഷണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെന്നത് മാധ്യമ വ്യാഖ്യാനം'; എം.ടിയെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടെന്ന് അശോകൻ ചെരുവിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2024, 12:49 pm

കോഴിക്കോട്: രാജ്യത്ത് രൂപപ്പെട്ട വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള എം.ടിയുടെ നിരീക്ഷണങ്ങൾ കെ.എൽ.എഫ് വേദിയിൽ ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതായി എഴുത്തുകാരൻ അശോകൻ ചെരുവിൽ.

ഇന്നലെ തന്നെ എം.ടി തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ രംഗത്ത് വന്നുവെന്നും മുതിർന്ന എഴുത്തുകാരൻ തന്റെ പ്രസംഗത്തിന്റെ സത്യാവസ്ഥ എന്തെന്ന് വിശദീകരിക്കേണ്ടി വരുന്നത് മലയാളി എന്ന നിലക്ക് അപമാനമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അശോകൻ ചെരുവിൽ പറഞ്ഞു.

വഴിയിലൂടെ പോകുന്ന എന്തിനെയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ വലത് മാധ്യമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ വേദിയിൽ ഉദ്ഘാടകനായി എത്തിയ സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നു.

ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്. അതിൽ അത്ഭുതമില്ല. അധികാരമെന്നാൽ സംസ്ഥാന സർക്കാരും മറ്റു തദ്ദേശിയ ഗവണ്മെന്റുകളുമാണ് എന്ന് സ്ഥാപിച്ച് ഇന്ത്യക്കുമേൽ ഭീകരാധികാരം പ്രയോഗിക്കുന്ന ബ്രാഹ്മണിസ്റ്റ് ഫാസിസത്തേയും അതിൻ്റെ നേതാവായ നരേന്ദ്ര മോദിയേയും രക്ഷിക്കാനുള്ള ശ്രമങ്ങൾ അടിമമാധ്യമങ്ങൾ നടത്താൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

ഇന്നലെത്തന്നെ എം.ടി തൻ്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ രംഗത്തുവന്നു. ഒരു മുതിർന്ന എഴുത്തുകാരന് തൻ്റെ പ്രസംഗത്തിൻ്റെ സത്യാവസ്ഥ എന്തെന്ന് വിശദീകരിക്കേണ്ടി വന്നു എന്നത് മലയാളി എന്ന നിലക്ക് നമുക്ക് അപമാനമാണ്.

വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ വലതുമാധ്യമങ്ങൾ.

അവരുടെ ദയനീയവും ദൗർഭാഗ്യകരവുമായ അവസ്ഥ ആർക്കും ബോധ്യമാവും. ഇന്ത്യൻ അധികാരിവർഗ്ഗം ഒരിക്കൽ ലോക്കപ്പിലിട്ട് തീർക്കാൻ ശ്രമിച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം.

ഭരണവർഗ്ഗ മാധ്യമങ്ങൾ സിൻഡിക്കേറ്റ് രൂപീകരിച്ച് അദ്ദേഹത്തെ അവസാനിപ്പിക്കാൻ ശ്രമിച്ചു. തകർന്നടിഞ്ഞ ആ നുണക്കോട്ടകൾ നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിലെ വലിയ മാലിന്യശേഖരമാണ്. എന്നിട്ടും വലിയ ജനപിന്തുണയോടെ അദ്ദേഹം കേരളത്തിൻ്റെ സമുന്നത നേതാവായി തുടരുന്നത് അവർക്ക് സഹിക്കാനാവുന്ന കാര്യമല്ല. ആ അസഹിഷ്ണത തുടരട്ടെ.

പക്ഷേ അത്തരം നീക്കങ്ങൾക്ക് മഹാനായ എം ടി.യെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണ്,’ അശോകൻ ചെരുവിൽ തന്റെ കുറിപ്പിൽ പറഞ്ഞു.

Content Highlight: Ashokan Cheruvil says Media manipulating MT’s speech against CM Pinarayi Vijayan