സി.എച്ച്. കണാരന്‍ തിയ്യനാണെന്ന് സ്മൃതിപരുത്തിക്കാട് പറഞ്ഞറിഞ്ഞതില്‍ സന്തോഷം; പുലയനായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെ: അശോകന്‍ ചെരുവില്‍
Kerala News
സി.എച്ച്. കണാരന്‍ തിയ്യനാണെന്ന് സ്മൃതിപരുത്തിക്കാട് പറഞ്ഞറിഞ്ഞതില്‍ സന്തോഷം; പുലയനായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെ: അശോകന്‍ ചെരുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 4:29 pm

തൃശൂര്‍: മീഡിയവണ്ണിലെ സി. ദാവൂദും റിപ്പോര്‍ട്ടറിലെ സ്മൃതിപരുത്തിക്കാടും സി.പി.ഐ.എം നേതാവ് സി.എച്ച്. കണാരനെതിരെ നടത്തിയ പ്രചരണങ്ങളില്‍ പ്രതികരിച്ച് അശോകന്‍ ചെരുവില്‍. സി.എച്ച്. കണാരന്‍ തിയ്യന്‍ ആണെന്ന് സ്മൃതിപരുത്തിക്കാട് പറഞ്ഞറിഞ്ഞതില്‍ സന്തോഷമെന്നും അദ്ദേഹം പുലയന്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെ എന്നുമാണ് അശോകന്‍ ചെരുവില്‍ പറഞ്ഞത്.

താന്‍ ഏറെ പിന്തുടരാന്‍ ശ്രമിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് സി.എച്ച്. കണാരനെന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു. സി.എച്ച്. കണാരന്‍ കേരളം കണ്ടതില്‍ വെച്ച് അസാമാന്യ ബഹുജന സംഘാടകന്‍ ആണെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു. തന്റെ ‘കാട്ടൂര്‍ക്കടവ്’ എന്ന നോവലില്‍ അദ്ദേഹത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും അശോകന്‍ ചെരുവില്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ ഏറെ പിന്തുടരാന്‍ ശ്രമിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് സി.എച്ച്. കണാരന്‍. കേരളം കണ്ട അസാമാന്യ ബഹുജനസംഘാടകന്‍. ‘കാട്ടൂര്‍ക്കടവ്’ നോവലില്‍ സി.എച്ച്. കടന്നു വരുന്നുണ്ട്.

പക്ഷേ അദ്ദേഹം തിയ്യനാണെന്ന സംഗതി ഇപ്പോഴാണറിയുന്നത്. നമ്മുടെ സ്മൃതി പരുത്തിക്കാട്ട് പറഞ്ഞിട്ട്.

എന്തായാലും അറിഞ്ഞ കാര്യത്തില്‍ സന്തോഷം. പുലയനാണ് എന്നറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെ…

1957ല്‍ പ്രഥമ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും സി.എച്ച്. കണാരനും സാമുദായിക പ്രചരണം നടത്തിയെന്നായിരുന്നു ഇരുവരുടെയും പ്രചരണം. നാദാപുരം മണ്ഡലത്തില്‍ ജാതി പ്രചാരണം നടത്താന്‍ ശ്രമിച്ച സി.എച്ച്. കണാരനെതിരെ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ‘കള്ളത്തിയ്യന് വോട്ടില്ല, കൊടുവാത്തിയ്യന്’ വോട്ടില്ല എന്നെഴുതിയ പോസ്റ്ററുകള്‍ ഒട്ടിച്ചുവെന്നുമായിരുന്നു സി. ദാവൂദിന്റെ പരാമര്‍ശം.

ഇതിനെതിരെ ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, റിപ്പോര്‍ട്ടര്‍ ടി.വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നിവര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്എ.ഐ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Ashokan Cheruvil reacts to the Dawood’s and Smritiparutthikad’s propaganda against CPI(M) leader C.H. Kanaran