കോഴിക്കോട്: അമേരിക്കയിലെ കറുത്ത വംശജനായ ജോര്‍ഡ് ഫ്‌ളോയിഡിന്റെ കൊലപാതത്തില്‍ പ്രതികരണവുമായി സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറള്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍.
ജോര്‍ജ് ഫ്‌ളോയിഡിനെ ഞെരിച്ചു കൊന്ന വെള്ള അധികാര ഭീകരതക്കെതിരെ അമേരിക്കയില്‍ ശക്തമായ പ്രക്ഷോഭം നടക്കുകയാണെന്നും നിറഭേദമില്ലാതെ മനുഷ്യര്‍ ആ പ്രക്ഷോഭങ്ങളില്‍ പങ്കുചേരുന്നു എന്നത് ആവേശവും അഭിമാനവുമുണ്ടാക്കുന്നെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.
മതം അടിസ്ഥാനമാക്കിയുള്ള പൗരത്വനിയമത്തിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘കറുപ്പന്മാര്‍’ എന്ന പേരില്‍ അവഗണിക്കപ്പെട്ടും ആക്രമിക്കപ്പെട്ടും കഴിഞ്ഞു കൂടിയ അധസ്ഥിത ജനതക്ക് തെല്ല് പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടാവുന്നത്.
കോര്‍പ്പറേറ്റ് മേധാവിത്തത്തിനു പരിക്കേല്‍പ്പിക്കാതെ ഒബാമ ചെയ്ത ശ്രമങ്ങള്‍ അവരെ എത്രമാത്രം രക്ഷിച്ചു എന്നത് പരിശോധിക്കേണ്ട വിഷയമാണ്.
പക്ഷേ അക്കാലത്ത് കറുത്തവര്‍ വലിയമട്ടില്‍ പ്രതീക്ഷയും ആത്മവിശ്വാസവും പുലര്‍ത്തിയിരുന്നു. ആ ആത്മപ്രകാശനം അടിമച്ചന്തകളെ ഗൃഹാതുര സ്വപ്നമായി കാണുന്ന വെള്ളയഥാസ്ഥിതികതയെ പുനരുജ്ജീവിപ്പിക്കാന്‍ കാരണമായിട്ടുണ്ടാവാം.
ആ പുനരുജ്ജീവനവും ഏകോപനവുമാണ് ട്രംപ് എന്ന അവതാരത്തിന്റെ പ്രതിഷ്ടയിലൂടെ നടന്നത്. പുതിയ അവതാരത്തിന്റെ കീഴില്‍ വംശവെറി എത്രമാത്രം വ്യവസ്ഥപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ജോര്‍ജ് ഫ്‌ലോയിഡ് എന്ന നിര്‍ദ്ധന തൊഴില്‍രഹിത യുവാവിന്റെ നിഷ്ടൂരമായ കൊലയിലൂടെ വ്യക്തമായിരിക്കുന്നത്.
ഇതിന് തികച്ചും സമാനമാണ് ഇന്ത്യയിലെ സ്ഥിതി. ട്രംപിന്റെ അധികാരാവരോഹണത്തില്‍ വര്‍ണ്ണവെറി എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടോ അതിനേക്കാളേറെ വര്‍ണ്ണവ്യവസ്ഥാ ദാഹം മോദിയുടെ അധികാരലബ്ദിക്കു പിന്നിലും ഉണ്ട്.
സ്വാതന്ത്ര്യ സമരത്തിന്റെ ഒരു സവിശേഷ ഘട്ടത്തില്‍ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനവും നേതാക്കളും തൊട്ടുകൂടായ്മക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. വര്‍ണ്ണവ്യവസ്ഥയുടെ ആരാധകര്‍ക്ക് അന്നു തുടങ്ങിയ പക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വികാസ പരിണാമങ്ങളില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അമേരിക്കയില്‍ എബ്രഹാം ലിങ്കന്‍ കൊല്ലപ്പെട്ടതിനു സമാനമായി ഇന്ത്യയില്‍ നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവനും നഷ്ടമായി. സാമൂഹ്യനീതിയിലും മതേതരത്വത്തിലും അധിഷ്ടിതമായ ഇന്ത്യന്‍ ഭരണഘടണ മനുവാദികളെ വിറളി പിടിപ്പിച്ചു കൊണ്ടിരുന്നു.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ക്ഷേത്രപ്രവേശന സത്യഗ്രഹങ്ങള്‍ മുതല്‍ പിന്നാക്കജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കു സംവരണം നല്‍കുന്ന മണ്ഡല്‍ കമ്മീഷന്‍ വരെയുള്ള സംഗതികള്‍ ജാതി മേധാവിത്തത്തിന്റെ പകയെ നിരന്തരം വളര്‍ത്തി.
ആ പകയുടെ വളര്‍ച്ചയും വികാസവുമാണ് ആര്‍.എസ്.എസിനേയും മോദിയെയും അധികാരത്തിലെത്തിച്ചിരിക്കുന്നത്. ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ടിതമായ ഇന്ത്യന്‍ ഭരണഘടനയെ മാറ്റി മനുസ്മൃതിയെ വ്യവസ്ഥയായി സ്ഥാപിക്കുക എന്നതാണ് ഇന്ത്യന്‍ വര്‍ണ്ണവെറിയുടെ ലക്ഷ്യം. അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ അധസ്ഥിതജനത ഭൂരിപക്ഷമാകയാല്‍ മതവികാരത്തിന്റെ മറപിടിച്ചാണ് ഇന്ത്യന്‍ ജാതിമേധാവിത്തം നീക്കങ്ങള്‍ നടത്തുന്നത്.
മുസ്‌ലീമുകളയും ഇതര മതസ്ഥരയും ചണ്ഡാലരായാണ് ഇന്ത്യന്‍ വര്‍ണ്ണവെറിക്കാര്‍ കാണുന്നത്. മോദി അധികാരത്തിലെത്തിയതു മുതല്‍ അരങ്ങേറിയ ദളിത് പിന്നാക്ക ന്യൂനപക്ഷവേട്ട അമേരിക്കയിലെ കറുത്ത വംശജരും ജോര്‍ജ് പ്ലോയിഡും അനുഭവിച്ചതിനേക്കാള്‍ പതിന്മടങ്ങാണ്.
ഭരണം ലഭിച്ചതിന്റെ കരുത്തില്‍ ഇന്ത്യന്‍ വര്‍ണ്ണവെറി അധസ്ഥിത ജനതയുടെ ഭക്ഷണത്തിലും സംസ്‌കാരത്തിലും കൈവെച്ചു. നിരവധിപേര്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. ഏറെ പേര്‍ കൊല്ലപ്പെട്ടു. കൊറഗാവും ഉനയും മുഹമ്മദ് അഖ്‌ലാക്കും ഉണ്ടാക്കിയ നീറ്റല്‍ ഇന്ത്യന്‍ മനസ്സാക്ഷിയില്‍ ഒരിക്കലും കെട്ടുപോകുന്നതല്ല.
ഒന്നോര്‍ത്താല്‍ അമേരിക്കയിലെ വര്‍ണ്ണവിവേചനത്തേക്കാള്‍ എത്രയോ ഭീകരമാണ് ഇന്ത്യയില്‍ ആര്‍.എസ്.എസ്. പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന സനാതന വര്‍ണ്ണവ്യവസ്ഥ എന്നു മനസ്സിലാവും. അമേരിക്കയിലെ അടിമക്ക് തൊട്ടുകൂടായ്മ എന്ന എന്ന ഭീകരാവസ്ഥയെ നേരിടേണ്ടതുണ്ടായിരുന്നില്ല.
അവന് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാനും ബൈബിള്‍ വായിക്കാനും യജമാനന്റെ അടുക്കളയിലും കിടപ്പുമുറിയിലും പ്രവേശിക്കാനും അനുവാദമുണ്ടായിരുന്നു. ഇന്ത്യയില്‍ തൊട്ടുകൂടായ്മ മാത്രമല്ല, കണ്ടുകൂടായ്മയും ഉണ്ടായിരുന്നു. ഇന്ത്യന്‍ അടിമയ്ക്ക് പകല്‍ വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അക്ഷരം പഠിച്ചാല്‍ നാവു പറിച്ചെടുക്കലും വേദംകേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കലുമൊന്നും അമേരിക്കയില്‍ ഉണ്ടായിരുന്നില്ല.
സ്വാതന്ത്ര്യം കിട്ടി ഭരണഘടന നടപ്പിലായി പതിറ്റാണ്ടുകള്‍ കഴിഞ്ഞ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയില്‍ ജാതിയുണ്ടോ മേധാവിത്തമുണ്ടോ എന്നെല്ലാം ഒന്നുമറിയാതെ അന്തം വിടുന്നവര്‍ക്ക് ഇന്നത്തെ അമേരിക്ക ഒരു പാഠമാണ്.
അമേരിക്കയില്‍ അടിമത്വം അവസാനിപ്പിച്ച പ്രസിഡണ്ട് എബ്രഹാം ലിങ്കന്‍1865 ല്‍ മരിച്ചു പോയി എന്ന സംഗതി അവര്‍ ഓര്‍മ്മിക്കണം. പിന്നീട് അവിടെ ‘ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ ജനാധിപത്യ’മാണ് നടപ്പിലുണ്ടായിരുന്നത്. ജോര്‍ജ് ഫ്‌ലോയിഡ് എന്ന ‘കറുത്ത കീടം’ ചതച്ചരക്കപ്പെടുന്നത് 2020 മേയ് മാസത്തിലാണ്.
വര്‍ണ്ണവെറിക്കെതിരെ അമേരിക്കയിലെ ജനത നടത്തുന്ന പ്രക്ഷോഭം ഏറ്റവും ആവേശം നല്‍കുന്നത് ഇന്നത്തെ ഇന്ത്യക്കാണ്. ഈ പ്രക്ഷോഭം ഇന്ത്യന്‍ ജനത ഏറ്റുവാങ്ങണം. ഇവിടത്തെ മതവര്‍ഗ്ഗീയരാഷ്ട്രീയത്തെ നിര്‍ണ്ണയിച്ചു കൊണ്ടിരിക്കുന്ന ജാതിമേധാവിത്ത ഏകോപനങ്ങളേയും വര്‍ണ്ണവെറിയേയും തിരിച്ചറിയണമെന്നും അശോകന്‍ ചരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.