തിരുവനന്തപുരം: കഥാകൃത്ത് ടി. പത്മനാഭനെ വിമര്‍ശിച്ചും പുകഴ്ത്തിയും എഴുത്തുകാരനായ അശോകന്‍ ചെരുവില്‍. ഈയിടെയായി സാഹിത്യ സദസ്സുകളില്‍ ടി.പത്മനാഭനെ കാണുമ്പോള്‍ താന്‍ അടുത്തു ചെല്ലാറില്ലെന്നും ഭയം കൊണ്ടാണെന്നും ഒന്നോ രണ്ടോ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരുമെന്നുമായിരുന്നു അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹം തന്നെ ഒരു പ്രതിയോഗിയായി കാണുന്നുണ്ടോ എന്ന ഒരു സംശയം കുറച്ചു കാലമായി ഉണ്ടെന്നും അശോകന്‍ ചെരുവില്‍ പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഈയിടെയായി സാഹിത്യ സദസ്സുകളില്‍ ടി.പത്മനാഭനെ കാണുമ്പോള്‍ ഞാന്‍ അടുത്തു ചെല്ലാറില്ല. ചെറിയൊരു ഭയം. ഒന്നോ രണ്ടോ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. അതു സാരമുള്ളതല്ല. (ആ കൊള്ളിവാക്കിലില്ലയോ വാസ്തവനാളം?) പക്ഷേ അദ്ദേഹം എന്നെ ഒരു പ്രതിയോഗിയായി കാണുന്നുണ്ടോ എന്ന ഒരു സംശയം കുറച്ചു കാലമായി ഉണ്ട്. അങ്ങനെയെങ്കില്‍ അതില്‍പ്പരം സന്തോഷം വേറെന്തുണ്ട് എന്നാലോചിച്ച് ഞാന്‍ മാറി നില്‍ക്കയാണ് പതിവ്. സാഹിത്യത്തിലെ കുലപതിയായ ഒരാള്‍ എന്നേപ്പോലെ അധ:കൃതന്റെ രാഷ്ട്രീയത്തെ സാഹിത്യം എന്ന വ്യാജേന എഴുതുന്ന ഒരാളെ ഏതു മട്ടില്‍ പരിഗണിച്ചാലും അത് വലിയ അംഗീകാരമാണല്ലോ.
ഇന്നലെ തവനൂരില്‍ സാംസ്‌കാരിക വകുപ്പിന്റെ ഗാന്ധി രക്തസാക്ഷ്യം എന്ന പരിപാടിയില്‍ വെച്ചാണ് കണ്ടത്. കണ്ടപാടെ അദ്ദേഹം ഹാസ്യാത്മകമായി എന്നെ കൈകൂപ്പി താണു വണങ്ങി. അന്നേരം ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അദ്ദേഹത്തിനും ചിരി വന്നു. ഗാന്ധി പശ്ചാത്തലത്തില്‍ ഉള്ളതുകൊണ്ടാവണം ഇങ്ങനെ ഒരു സെല്‍ഫിയെടുക്കാന്‍ അദ്ദേഹം അനുവദിച്ചത്.
പ്രസംഗം കഴിഞ്ഞ് അടുത്തു വന്നിരുന്ന് എന്നോട് ചോദിച്ചു: “ഞാന്‍ അബദ്ധമൊന്നും പറഞ്ഞില്ലല്ലാ? ഗുരുക്കന്മാരോട് ചോദിക്കണമല്ലോ.”
ഞാന്‍ ചിരിച്ചു. അദ്ദേഹവും.
അദ്ദേഹത്തെപോലെ സമുന്നതനായ ഒരു സാഹിത്യകാരന്‍ അവാര്‍ഡ് തുടങ്ങിയ ലൊട്ടുലൊടുക്ക് സംഗതികളില്‍ തട്ടിത്തടഞ്ഞ് പ്രസംഗിക്കുന്നതിനെ ഞാന്‍ പണ്ട് വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ ഇന്നലെ ഗാന്ധിയെക്കുറിച്ചുള്ള പപ്പേട്ടന്റെ പ്രസംഗം അതിഗംഭീരമായിരുന്നു. സ്വാതന്ത്ര്യ സമരക്കാലത്തെ ഓര്‍മ്മകളിലൂടെ തുടങ്ങി അത് ഇന്നത്തെ ഗാന്ധിവിരുദ്ധരുടെ പാളയങ്ങളില്‍ കടന്ന് ശക്തമായ ആക്രമണം നടത്തി. ഗാന്ധിയെ വധിച്ചവരുടെ പിന്‍ഗാമികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന പരമസത്യം ഉറക്കെ വിളിച്ചു പറഞ്ഞു.
എഴുത്തുകാരന്റെ ജന്മസിദ്ധമായ ആ കരുത്തിനും ആത്മധീരതക്കും മുമ്പാകെ ഞാന്‍ മനസ്സുകൊണ്ട് നമസ്‌ക്കരിച്ചു.