| Sunday, 12th February 2017, 1:03 pm

കലാലയങ്ങളെ പ്രണയവും സൗഹൃദങ്ങളും വാങ്ങാവുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആക്കണമോ: അശോകന്‍ ചെരുവില്‍; വേണ്ട, സദാചാര ഗുണ്ടകളെ ഏല്‍പ്പിക്കാമെന്ന് ബി.ആര്‍.പി ഭാസ്‌ക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ പി.എസ്.സി അംഗവും എഴുത്തുകാരനുമായ അശോകന്‍ ചെരുവില്‍

വഴിയില്‍കൂടി പോകുന്ന ആര്‍ക്കും കയറിവന്ന് പ്രണയവും സ്ത്രീ, പുരുഷ സൗഹൃദങ്ങളും വാങ്ങാവുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആകേണ്ടതുണ്ടോ നമ്മുടെ കാമ്പസുകള്‍ എന്നാണ് അദ്ദേഹത്തിന്റ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഈ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌ക്കറും അഭിഭാഷകനായ ടി.കെ സുജിത്തും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. കലാലയങ്ങളെ സൂപ്പര്‍മാര്‍ക്കറ്റാക്കേണ്ടെന്നും മറിച്ച് കാമ്പസുകളെ സദാചാര ഗുണ്ടകളുടെ കൈയില്‍ ഏല്‍പ്പിക്കാമെന്നുമാണ് ബി.ആര്‍.പി ഭാസ്‌ക്കറിന്റെ പ്രതികരണം.

കാമ്പസുകളെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു കുഴപ്പവും വരാനില്ലെന്നും വര്‍ഗീയതയുടേയും ആണധികാര കോയ്മയുടേയും വിളനിലങ്ങളാകുന്നതിനേക്കാള്‍ ഭേദമാണിതെന്നും അഭിഭാഷകന്‍ ടി.കെ സുജിത് കുറിക്കുന്നു.


Dont Miss യൂണിവേഴ്‌സിറ്റി കോളജിലേത് ‘സംഘിമോഡല്‍’ ആക്രമണം: എസ്.എഫ്.ഐയുടെ കൊടിപിടിക്കാന്‍ ഇനി അവരെ അനുവദിക്കരുത്: ആഷിഖ് അബു 


എം.എ ബേബിയുടേയോ ആഷിഖ് അബുവിന്റേയോ നിലവാരമെങ്കിലും അശോകന്‍ ചെരുവില്‍ പുലര്‍ത്തേണ്ടിരുന്നെന്നും രാഷ്ട്രീയവിധേയത്വംകൊണ്ട് വസ്തുതകള്‍ ദുര്‍വ്യാഖ്യാനിക്കാന്‍ അവര്‍ ശ്രമിക്കാറില്ലെന്നും ബി.ജെ.പിയാണ് പ്രതിക്കൂട്ടിലെങ്കില്‍ ഈ സൂപ്പര്‍മാര്‍ക്കറ്റ് സിദ്ധാന്തവുമായി അശോകന്‍ ചെരുവില്‍ വരുമായിരുന്നോ എന്നും രാജനിഷ് പട്ടേപാടം എന്നയാള്‍ ചോദിക്കുന്നു.

കാമ്പസുകളെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആക്കരുത്. എന്നാല്‍ ഗുണ്ടകളെ സൃഷ്ടിക്കുന്ന ഇടങ്ങളും ആക്കരുത് എന്നും ചിലര്‍ പ്രതികരിക്കുന്നു. അതേസമയം സദാചാരം പറഞ്ഞ് ദുരാചാരം പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ കേന്ദ്രങ്ങളാണോ നമ്മുടെ കലാലയങ്ങള്‍ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഇതുപോലെ ന്യായീകരണങ്ങളും ആയി വന്നാല്‍ പോകാന്‍ നമുക്ക് ഒത്തിരി സ്ഥലങ്ങള്‍ ഒന്നും ബാക്കി ഇല്ല എന്ന് ഓര്‍മിക്കണമെന്നും ഇതുപോലത്തെ വാദങ്ങള്‍ കാണുമ്പോള്‍ നിഷ്പക്ഷമായി നിക്കുന്നവര്‍ പോലും വെറുത്തു പോകുമെന്നും ചിലര്‍ പ്രതികരിക്കുന്നു.
സി.പി.ഐ.എനു കിട്ടുന്ന വോട്ടു ന്യായീകരണ തൊഴിലാളികളുടേതു മാത്രമല്ല എന്ന് ഓര്‍ത്താല്‍ നന്നായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.


Dont Miss യുവാവിന്റേയും യുവതിയുടേയും ചിത്രം പ്രചരിപ്പിച്ച് കുലീനതയുടെ ആസ്ഥാന സംരക്ഷകര്‍ ചമയുന്നവരോടുള്ളത് വിയോജിപ്പും എതിര്‍പ്പും മാത്രം : യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ നിലപാട് വിശദീകരിച്ച് ജെയ്ക്ക് 


അതേസമയം ഈ സംഭവത്തിന് പിന്നില്‍ എസ്.എഫ്.ഐ ആയതുകൊണ്ട് മാത്രമാണ് മാധ്യമങ്ങള്‍ ചര്‍ച്ചകളായും ലോകസംഭവങ്ങളായും അവതരിപ്പിക്കുന്നതെന്നും ഇതിലും പ്രമാദമായ കേസുകള്‍ ഉണ്ടായിട്ടും ഇതുപോലുള്ള മാധ്യമ വിചാരണകള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നും ചിലര്‍ കുറിക്കുന്നു. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്ന ഒറ്റ കണ്‍ക്ലൂഷനില്‍ തീരേണ്ട വിഷയം വലിച്ചു നീട്ടി പെരുപ്പിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് അശോകന്‍ ചെരുവിലിന്റെ പോസ്റ്റിനെ ന്യായീകരിച്ചും ചിലര്‍ കുറിക്കുന്നു.

We use cookies to give you the best possible experience. Learn more