| Wednesday, 4th January 2023, 2:15 pm

ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്‌മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണ്: അശോകന്‍ ചരുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്‌മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന് പുരോഗമന കാലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് എല്ലാക്കൊല്ലവും പാചകത്തിന് ടെന്‍ഡര്‍ നല്‍കുന്നതുസംബന്ധിച്ച സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു അശോകന്‍ ചരുവില്‍.

‘തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തു വരട്ടെ.
(ശുചീകരണവേലക്ക് സവര്‍ണ ജാതിക്കാര്‍ക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നതാണ്.)

‘നമ്പൂതിരിയെ മനുഷ്യനാക്കണം’ എന്ന ഇ.എം.എസിന്റെ ഓങ്ങല്ലൂര്‍ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയില്‍ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടി.യുടെ ഒരു ചെറുകഥയുണ്ട്,’ അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, ഭക്ഷണം പാകം ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് ലഭിച്ച് നാല് ക്വട്ടേഷനുകളില്‍ നിന്നാണ് സര്‍ക്കാര്‍ പഴയിടത്തെ തെരഞ്ഞെടുത്തത്.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജാണ് ഇത്തവണത്തെ കലവറ. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തല്‍ കോളേജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇഡ്ഡലി, സാമ്പാര്‍, പുട്ട്, കടലക്കറി, അപ്പം, വെജിറ്റബിള്‍ സ്റ്റ്യൂ, ഉപ്പുമാവ്, ചെറുപയര്‍ സ്റ്റ്യൂ എന്നീ വിഭവങ്ങളാണ് ബ്രേക് ഫാസ്റ്റായി നല്‍കുന്നത്. ഉച്ചയൂണിന് ചോറ്, സാമ്പാര്‍, തോരന്‍, മസാലക്കറി, കിച്ചടി, പച്ചടി, മോര്, രസം, അച്ചാര്‍, പായസം തുടങ്ങിയവയുമുണ്ട്.

ഓരോ ദിവസവും കറികള്‍ വ്യത്യസ്തമായിരിക്കും. ചേനപ്പായസമാണ് ഇത്തവണത്തെ സ്പെഷ്യല്‍. പാല്‍പ്പായസവും പാലടയും ഗോതമ്പ് പായസവും അമ്പലപ്പുഴ പാല്‍പായസവും ഊണ് മധുരിതമാക്കും. രാത്രിയും ഊണുണ്ടാകും.

Content Highlight: Ashokan Charuvil said that the Brahmin who cooks food is a contribution to the renaissance that took place in Kerala

We use cookies to give you the best possible experience. Learn more