| Tuesday, 31st December 2019, 10:33 pm

ഡോ. ആസാദിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയുമായി അശോകന്‍ ചരുവില്‍; 'യു.എ.പി.എയ്‌ക്കെതിരെ ഇടതുപാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിദ്യാര്‍ത്ഥികളായ അലനും താഹക്കും എതിരെ യു.എ.പി.എ ചുമത്തി കേസെടുത്ത നടപടിയില്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ശ്രദ്ധ ക്ഷണിച്ച് പൊതുപ്രവര്‍ത്തകന്‍ ഡോ. ആസാദ് നടത്തിയ പ്രതികരണത്തിന് മറുപടിയുമായി അശോകന്‍ ചരുവില്‍. ഫേസ്ബുക്കിലൂടെയാണ് പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയായ അശോകന്‍ ചരുവിലിന്റെ പ്രതികരണം.

പ്രതികരണം വായിക്കാം

പ്രിയപ്പെട്ട ആസാദ്,

യു.എ.പി.എ, എന്‍.ഐ.എ. കേസുകളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള അങ്ങയുടെ ഫേസ് ബുക്ക് കത്തു വായിച്ചു. നന്ദി.

എന്‍.ഡി.എ. സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ വന്നതുമുതല്‍ ഇന്നുവരെ ജനങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കുമെതിരെ നിരന്തരമായ കടന്നാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പരിഷ്‌കൃതമായ പൗരജീവിതത്തിനും നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തക്കും നിരക്കാത്ത നിരവധി കരിനിയമങ്ങള്‍ ഇതിനകം അവര്‍ കൊണ്ടുവന്നു. യു.എ.പി.എ.യും സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ കൈകടത്തുന്ന എന്‍.ഐ.എ.യും മുത്തലാക്ക് നിയമവുമെല്ലാം അതിന്റെ ഭാഗമാണ്. താങ്കള്‍ സൂചിപ്പിച്ച അലന്‍, താഹ എന്നീ യുവാക്കള്‍ക്കെതിരെ കേരളത്തില്‍ ചുമത്തപ്പെട്ട കേസ് ഇതിനേ തുടര്‍ന്നുണ്ടായതാണ്.

ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ വിവിധ ജനവിഭാഗങ്ങളും സംഘടനകളും പ്രത്യേകിച്ച് ഇടതു രാഷ്ട്രീയപാര്‍ട്ടികളും വര്‍ഷങ്ങളായി സമരരംഗത്താണ്. യു.എ.പി.എ. ഭേദഗതി ചെയ്ത് കൂടുതല്‍ മാരകമാക്കിയതു മുതല്‍ അതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്താന്‍ പുരോഗമന കലാസാഹിത്യസംഘം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യോജിപ്പുള്ളരെയെല്ലാം ബന്ധപ്പെടുത്തിക്കൊണ്ട് ഇനിയും മുന്നോട്ടു പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇവിടെ താങ്കളുടെ സഹകരണം വളരെ വിലപിടിച്ചതാണ്.

ഇത്തരം നയങ്ങളിലൂടെ ജനങ്ങളെ പരമാവധി ദ്രോഹിച്ചിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു എന്നത് നാം മറക്കരുത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വേണ്ടത്ര ജനകീയ ഐക്യം ഉണ്ടായില്ല എന്നതാണ് അതു തെളിയിക്കുന്നത്. കരിനിയമങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ജനങ്ങളിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ സാംസ്‌കാരിക സംഘടനകളിലോ യോജിപ്പുണ്ടായില്ല. രണ്ടാമതും അധികാരം ലഭിച്ചതിന്റെ അഹന്തയില്‍ അവര്‍ കാശ്മീരിനെ അട്ടിമറിച്ചപ്പോഴും വേണ്ടത്ര ഐക്യത്തോടെയുള്ള ചെറുത്ത് നില്‍പ്പ് രാജ്യത്ത് ഉണ്ടായില്ല.

എന്നാല്‍ മതം മാനദണ്ഡമാക്കിയ പൗരത്വ നിയമവും ദേശീയ പൗരത്വ പട്ടിക നിര്‍മ്മാണവും രാജ്യത്ത് വലിയ ജനകീയ പ്രക്ഷോഭത്തിന് കാരണമായിരിക്കുന്നു.
ബി.ജെ.പി. ശരിക്കും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. ഗാന്ധിവധത്തെ തുടര്‍ന്നുണ്ടായതിന്ന് സമാനമായ തിരിച്ചടിക്ക് രാഷ്ട്രീയ ഹിന്ദുത്വം ഇന്നു വിധേയമായിരിക്കുന്നു.
ഇതിനു കാരണം പ്രക്ഷോഭരംഗത്തുണ്ടായ ഐക്യമാണ്. ഈ ഐക്യത്തിന്റെ കാരണമാകട്ടെ പൗരത്വബില്‍ ഇന്ത്യയെ ഭിന്നിപ്പിച്ച് തകര്‍ക്കും എന്ന മുഴുവന്‍ ജനങ്ങളുടേയും ആശങ്കയാണ്.

പൗരത്വബില്‍ വലിയ ആശങ്കയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്ന സംഗതിയാണെങ്കിലും അതിനെതിരെ ഉയര്‍ന്നു വരുന്ന ജനകീയ ഐക്യം വലിയ പ്രതീക്ഷയുണ്ടാക്കുന്നതാണ്. കേരള നിയസഭ ഇന്ന് പ്രകടിപ്പിച്ച ഐക്യം അഭിമാനകരമാണ്.

ഈ ഐക്യനിരയില്‍ അണിനിരന്ന വിഭാഗങ്ങളെല്ലാം മോദി സര്‍ക്കാരിന്റെ എല്ലാ നയങ്ങളേയും എതിര്‍ക്കുന്നവരാണെന്നമെന്നില്ല. ഉദാഹരണത്തിന് കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ വേണ്ടതില്ല എന്നു കരുതുന്നവര്‍ ഇതിനകത്ത് ഉണ്ടാവാം. മുത്തലാക്ക് നിയമത്തെക്കുറിച്ച് അഭിപ്രായഭേദങ്ങളുണ്ടാകാം. കോര്‍പ്പറേറ്റ് ദാസ്യവേല, കാശ്മീര്‍, യു.എ.പി.എ., എന്‍.ഐ.എ. എന്നിവയുടെ കാര്യത്തിന്‍ സി.പി.ഐ.എമ്മും ഇടതുപാര്‍ട്ടികളും സര്‍ക്കാരിനെതിരെ ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്നു. പക്ഷേ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് സാമ്പത്തിക കടന്നാക്രമണങ്ങളെ കോണ്‍ഗ്രസ് കക്ഷിക്ക് എതിര്‍ക്കാനാവുമോ? എല്ലാ ഘട്ടത്തിലും യു.എ.പി.എ ഭേദഗതിക്കും എന്‍.ഐ.എ.ക്കും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രീയ കക്ഷിയാണ് കോണ്‍ഗ്രസ് എന്നതും ഓര്‍മ്മിക്കണം. പൗരത്വ ബില്ലിനെതിരെ ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഇതിലേതെങ്കിലും ഒന്ന് ഉയര്‍ത്തിക്കാണിച്ച് കുത്തിത്തിരിപ്പുണ്ടാക്കുന്നത് ഉചിതമാകുമോ?

ഏറ്റവും കൂടുതല്‍ കരുതലും വിവേകവും പ്രകടിപ്പിക്കേണ്ട രംഗമാണ് പ്രക്ഷോഭം എന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. പൗരത്വ ബില്ലിനെതിരെയുള്ള ബഹുജന ഐക്യസമരത്തില്‍ പങ്കുകൊള്ളുമ്പോള്‍ ഐക്യത്തെ ശിഥിലമാക്കാതെ നോക്കേണ്ടതുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നിയമത്തിനെതിരായ സമരത്തിന്റെ പ്രധാന ആയുധം മഹത്തായ ജനകീയ ഐക്യം തന്നെയാണ്. അതിനു പരിക്കുപറ്റരുത്.

പൗരത്വ ബില്ലിനെതിരായ യോജിച്ച പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുമ്പോള്‍ തന്നെ അവിടത്തെ ഐക്യത്തെ തടസ്സപ്പെടുത്താതെ ഇടതുപാര്‍ട്ടികള്‍ക്ക് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ക്കെതിരായ സമരങ്ങള്‍ വേറിട്ട് നടത്താവുന്നതാണ്. അത്തരം സമരങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പു ക സ യും ആസാദിനേപ്പോലുള്ള ഇടതുപക്ഷ സാംസ്‌കാരികനായകരും അതിനൊപ്പം സഹകരിക്കണം. ഒന്നിച്ചുള്ള അത്തരം വേദികളില്‍ പ്രതീക്ഷിച്ചു കൊണ്ട് നിറുത്തട്ടെ.

സ്‌നേഹത്തോടെ
അശോകന്‍ ചരുവില്‍

ഡോ. ആസാദിന്റെ ശ്രദ്ധ ക്ഷണിക്കല്‍

പ്രിയ അശോകന്‍ ചെരുവില്‍,

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരായ താങ്കളുടെയും താങ്കളുടെ നേതൃത്വത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും നിലപാട് അഭിനന്ദനീയവും ആദരണീയവുമാണ്. ആ സമരത്തില്‍ നമുക്കിടയില്‍ അഭിപ്രായഭേദമില്ല.

പൗരത്വ നിയമ ഭേദഗതി മാത്രമല്ല യു എ പി എ , എന്‍ ഐ എ നിയമ ഭേദഗതികളും അതിനുമുമ്പുണ്ടായ 370-ാം വകുപ്പ് എടുത്തു കളയലും മുത്തലാഖ് നിയമ ഭേദഗതിയുമെല്ലാം ആര്‍ എസ് എസ് അജണ്ടയുടെ പൂര്‍ത്തീകരണമാണെന്ന് നമുക്കറിയാം. അവര്‍ ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മാണത്തിലാണ്. അതിനവര്‍ക്ക് കമ്യൂണിസ്റ്റുകാരെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം. ആ അറിവും ജാഗ്രതയും നമുക്ക് ഒരുപോലെയുണ്ട്.

ഇന്നോളം ഒരു കുറ്റവും ആരോപിക്കപ്പെടാത്ത അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി തടവിലടച്ചത് എന്തിനാണെന്ന സംശയം പൊതുസമൂഹത്തിനുണ്ട്. താങ്കള്‍ക്കും അതില്‍ വേറിട്ട ഒരു നിശ്ചയമുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. അര്‍ബന്‍ നക്‌സലെന്നും അര്‍ബന്‍ മാവോയിസ്റ്റെന്നുമുള്ള ചാപ്പ കുത്തല്‍ സ്വതന്ത്ര ചിന്തയെയും ഇടതുപക്ഷ ആശയങ്ങളെയും നേരിടാന്‍ സംഘപരിവാരം രൂപപ്പെടുത്തിയതാണെന്നും നമുക്കറിയാം. അതില്‍പ്പെടുത്തി കേരളത്തില്‍ നടന്ന ആദ്യ അറസ്റ്റാണ് അലന്‍ താഹമാരുടേത്.

ഹിന്ദുത്വ രാഷ്ട്ര നിര്‍മാണത്തിന്റെ കര്‍മ്മപദ്ധതി മുന്നേറുകയാണ്. അലന്‍ താഹമാരുടെ അറസ്റ്റും യു എ പി എ കേസും വരാനിരിക്കുന്ന വന്‍വിപത്തിന്റെ ആരംഭമായി കാണാന്‍ താങ്കള്‍ക്കും താങ്കളുടെ സംഘടനക്കും കഴിയുമെന്ന് ഞാന്‍ കരുതുന്നു. അവരുടെ വിമോചനത്തിന്, യുഎപിഎ റദ്ദാക്കുന്നതിന്, ഇന്ത്യന്‍ നാസികളുടെ ഹിന്ദുത്വ മതരാഷ്ട്ര സ്വപ്നം തകര്‍ക്കുന്നതിന്, നാം സാംസ്‌കാരിക പ്രവര്‍ത്തകരാകെ ഒരുമിക്കേണ്ടതുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ് അലന്‍ താഹമാരുടെ വിമോചനത്തിനുള്ള സമരവുമെന്ന് താങ്കള്‍ അംഗീകരിക്കും എന്നാണ് എന്റെ വിശ്വാസം. താങ്കളും താങ്കളുടെ സംഘടനയും അലന്‍ താഹമാരുടെ കാര്യത്തില്‍ തുറന്ന അഭിപ്രായ പ്രകടനം നടത്തണമെന്നും ശക്തമായ സമര നിലപാട് സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ആസാദ്
31 ഡിസംബര്‍ 2019

We use cookies to give you the best possible experience. Learn more