| Wednesday, 11th January 2023, 11:29 am

കോഴയും അഴിമതിയും ജീവിതവ്രതമാക്കിയ നാലാംകിട രാഷ്ട്രീയക്കാരന്‍ പറഞ്ഞതുപോലെ ഭക്ഷണത്തില്‍ ജാതിപറഞ്ഞത് ഞാനല്ല: അശോകന്‍ ചരുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പുരോഗമന കാലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍.

ജാതിപറഞ്ഞ് യുവജനോത്സവ ഭക്ഷണത്തെക്കുറിച്ച് വിവാദമുണ്ടാക്കിയത് താനാണെന്ന് കോഴയും അഴിമതിയും ജീവിതവ്രതമാക്കിയ ഒരു നാലാംകിട രാഷ്ട്രീയക്കാരന്‍ പറഞ്ഞുനടക്കുന്നതായി അറിയുന്നുവെന്നാണ് ഷാജിയുടെ പേരെടുത്ത് പറയാതെ അശോകന്‍ ചരുവില്‍ വിമര്‍ശിച്ചത്.

അശോകന്‍ ചരുവില്‍ എന്ന  ഇടതുപക്ഷക്കാരനാണ് യുവജനോത്സവത്തില്‍ ഭക്ഷണം വിളമ്പുന്ന ആള്‍ക്കെതിരെ വിവാദമുണ്ടാക്കിയത് എന്ന് കഴിഞ്ഞ ദിവസം ഷാജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അശോകന്‍ ചരുവിലിന്റെ വിശദീകരണം. വിഷയത്തില്‍ താന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോഴും തന്റെ വാളിലുണ്ടെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു.

‘എന്റെ ഫേസ്ബുക്ക് പോസ്റ്റ് ലോകസമക്ഷമുള്ളതാണ്. കലോത്സവ ഭക്ഷണത്തിന്റെ ചുമതല പഴയിടം മോഹനന്‍ നമ്പൂതിരിക്ക് തുടര്‍ച്ചയായി നല്‍കുന്നതായി ആരോപണം യു.ഡി.എഫ്/എസ്.ഡി.പി.ഐ വിഭാഗങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുന്ന സമയത്ത് അദ്ദേഹത്തിന് അനുകൂലമായി ഇടപെടുകയാണ് ഞാന്‍ ചെയ്തത്.

കേരളത്തില്‍ നടന്ന ജനാധിപത്യവല്‍ക്കരണത്തിന്റെ സദ്ഫലമാണ് അദ്ദേഹമെന്നാണ് ഞാന്‍ എഴുതിയത്. പ്രസ്തുത പോസ്റ്റ് ഞാന്‍ പിന്‍വലിച്ചതായ ദുഷ്പ്രചരണവും ചിലര്‍ നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എന്തു നുണയും പറയാം എന്നുണ്ടല്ലോ. സത്യാനന്തരകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് വെറുതെയല്ല.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി എഴുത്തിലൂടെ സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നയാളാണ് ഞാന്‍. ഉദ്ബുദ്ധ കേരളസമൂഹത്തിന് എന്നെ അറിയാം. യാതൊരുവിധ ഉദരംഭരികള്‍ക്കും അതിനെ തമസ്‌ക്കരിക്കാനാവില്ല,’ അശോകന്‍ ചരുവില്‍ പറഞ്ഞു.

ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്‌മണന്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്നായിരുന്നു വിഷയത്തിലുള്ള അശോകന്‍ ചരുവിലിന്റെ ആദ്യ പോസ്റ്റ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് എല്ലാക്കൊല്ലവും പാചകത്തിന് ടെന്‍ഡര്‍ നല്‍കുന്നതുസംബന്ധിച്ച ചര്‍ച്ചയിലായിരുന്നു
അദ്ദേഹത്തിന്റെ പ്രതികരണം.

‘തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തു വരട്ടെ.
(ശുചീകരണവേലക്ക് സവര്‍ണ ജാതിക്കാര്‍ക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നതാണ്.)

‘നമ്പൂതിരിയെ മനുഷ്യനാക്കണം’ എന്ന ഇ.എം.എസിന്റെ ഓങ്ങല്ലൂര്‍ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയില്‍ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടി.യുടെ ഒരു ചെറുകഥയുണ്ട്,’ എന്നായിരുന്നു അശോകന്‍ ചരുവിലിന്റെ പോസ്റ്റ്.

Content Highlight: Ashokan Charuvil indirectly criticized  Muslim League leader K.M. Shaji For dragging his name in the food controversy

We use cookies to give you the best possible experience. Learn more