'മണിപ്പാലിലെ അധ്യാപകന്‍ മാത്രമല്ല, ആനന്ദിന്റെ കഥയിലുമുള്ളത് ഇത് തന്നെ'; മുസ്‌ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് അധിക്ഷേപിച്ചതില്‍ അശോകന്‍ ചരുവില്‍
Kerala News
'മണിപ്പാലിലെ അധ്യാപകന്‍ മാത്രമല്ല, ആനന്ദിന്റെ കഥയിലുമുള്ളത് ഇത് തന്നെ'; മുസ്‌ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയെന്ന് അധിക്ഷേപിച്ചതില്‍ അശോകന്‍ ചരുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th November 2022, 5:13 pm

തിരുവനന്തപുരം: മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകന്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയുടെ പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി കഥാകൃത്ത് അശോകന്‍ ചരുവില്‍. ‘നീയൊരു കസബാണല്ലേ’ എന്ന് ചോദിച്ചത് തമാശയാണെന്ന അധ്യാപകന്റെയും മറ്റ് ചിലരുടെയും വാദം അംഗീകരിക്കാനാകില്ലെന്നാണ് അശോകന്‍ ചരുവില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നത്.

തമാശയുടെ രൂപത്തില്‍ മാത്രമല്ല, സ്വാഭാവിക പരാമര്‍ശമായും തത്വചിന്തയായി പോലും ഇത്തരം വിദ്വേഷ പ്രസ്താവനകളും അപരവത്കരണവും കടന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ആനന്ദിന്റെ താക്കോല്‍ എന്ന കഥയിലെ ഒരു ഭാഗം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അശോകന്‍ ചെരുവില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

‘സ്‌കൂളിന് രണ്ടു ദിവസത്തെ അവധി ലഭിക്കുന്നതിനു വേണ്ടി മൂന്നു വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. എന്നാണ് സംഭവം നടന്നതെന്ന് കടലാസില്‍ നിന്ന് വ്യക്തമല്ല. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഇങ്ങനെയാണ്: പതിനാല് വയസുകാരായ മുഹമ്മദ് ഷെരിഫുദ്ദിനും, നാസിര്‍ അഹമ്മദും, പന്ത്രണ്ടു വയസ്സുള്ള അബ്ദുള്‍ ഗഫൂറും. കൊല്ലപ്പെട്ടതാകട്ടെ ഏഴു വയസ്സുള്ള അബ്ദുള്‍ റഹിമാനും. (ഇതില്‍ ഏതൊക്കെ പേരുകളിലാണ് തീവ്രവാദി ഒളിച്ചിരിക്കുന്നതെന്ന് വിഴിഞ്ഞത്തെ പാതിരിയോട് ചോദിക്കണം.)’ അശോകന്‍ ചരുവില്‍ പറയുന്നു.

ഈ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ പേര് ബൈദുള്‍ ഉലൂം എന്നാണെന്നും അവിടെ പഠിപ്പിക്കുന്നത് ഖുറാനും അറബി ഭാഷയും മാത്രമാണെന്നും കൂടി കഥയിലുണ്ടെന്നും അദ്ദേഹം വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആ കുട്ടികള്‍ക്ക് നാഥുറാം, രാമന്‍ ഭഗവത്, നാരായണമൂര്‍ത്തി, വാസുദേവഭട്ടതിരി എന്നൊക്കെയാണ് പേരിട്ടിരുന്നതെങ്കില്‍ കഥക്ക് സംഭവിക്കാനിടയുള്ള രചനാപരമായ പരിമിതി ഓര്‍ത്തു നോക്കാവുന്നതേയുള്ളുവെന്നും അശോകന്‍ ചരുവില്‍ കൂട്ടിച്ചേര്‍ക്കുന്നു.

മണിപ്പാല്‍ എം.ഐ.ടിയിലെ അധ്യാപകന്റെ അധിക്ഷേപത്തിന് വിദ്യാര്‍ത്ഥി നല്‍കിയ മറുപടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നത്. വിദ്വേഷവും വംശീയതയും എത്രമാത്രം നോര്‍മലൈസ് ചെയ്യപ്പെട്ടുവെന്നാണ് അധ്യാപകന്റെ പ്രവര്‍ത്തിയിലൂടെ വ്യക്തമാകുന്നതെന്നാണ് പ്രധാനമായും ഉയര്‍ന്ന അഭിപ്രായം.

പുറത്തുവന്ന വീഡിയോയിലും ഇക്കാര്യത്തെ കുറിച്ചാണ് വിദ്യാര്‍ത്ഥി സംസാരിക്കുന്നത്. ‘എത്ര അധിക്ഷേപകരമായ വാക്കാണ് നിങ്ങള്‍ ഉപയോഗിച്ചത്. 26/11 ഒരു തമാശയല്ല. ഇസ്‌ലാം തീവ്രവാദവും തമാശയല്ല. ഈ രാജ്യത്ത് ഒരു മുസ്‌ലിമായി ജീവിച്ച് എല്ലാ ദിവസവും ഇത്തരം അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നത് തമാശയേയല്ല.

ഇത്രയും പേരുടെ മുമ്പില്‍ വെച്ച്, അതും ക്ലാസ്മുറിയില്‍ വെച്ചാണ് നിങ്ങള്‍ എന്നെ തീവ്രവാദി എന്ന് വിളിച്ചത്. നിങ്ങള്‍ ഇവിടുത്തെ അധ്യാപകനാണ്. പഠിപ്പിക്കാനെത്തിയ പ്രൊഫഷണലാണ്. നിങ്ങള്‍ എന്നെ തീവ്രവാദി എന്ന് വിളിക്കരുത്,’ എന്നാണ് വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍.

‘തമാശക്ക് പറഞ്ഞതാണ്, നീയും എനിക്ക് സ്വന്തം മകനെ പോലെയാണ്, ഞാന്‍ സോറി പറഞ്ഞല്ലോ’ എന്നെല്ലാം അധ്യാപകന്‍ ഇതിനിടയില്‍ കയറി പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിനെ തമാശയായി കാണാനാകില്ലെന്നും സ്വന്തം മകനെ നിങ്ങള്‍ തീവ്രവാദി എന്ന് വിളിക്കുമോയെന്നുമാണ് വിദ്യാര്‍ത്ഥി തിരിച്ച് ചോദിക്കുന്നത്. ഒരു സോറി പറഞ്ഞതുകൊണ്ട് നിങ്ങളുടെ ചിന്താഗതി മാറില്ലല്ലോയെന്നും കുട്ടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപകനെ യൂണിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപകനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു.

അശോക് ചരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നീയൊരു കസബാണല്ലേ?

പരിചയപെടാന്‍ വേണ്ടി പേരു പറഞ്ഞ മുസ്‌ലിം മതസ്ഥനായ വിദ്യാത്ഥിയോട് ‘നീയൊരു കസബാണല്ലേ?’ എന്ന് അധ്യാപകന്‍ ചോദിച്ചതാണല്ലോ വിഷയം. അത് തികച്ചും നിര്‍ദോഷമായ തമാശയായിരുന്നു എന്നാണ് അധ്യാപകന്റെ വാദം. ‘ഒരു തമാശ പറയാന്‍ പോലും പറ്റാത്ത സാഹചര്യമായിരിക്കുന്നു’ എന്നുള്ള മുരള്‍ച്ച വ്യവസ്ഥയുടെ ഭാഗത്തുനിന്നും കേള്‍ക്കാനുമുണ്ട്.

തമാശയുടെ രൂപത്തില്‍ മാത്രമല്ല, സ്വാഭാവിക പരാമര്‍ശമായും എന്തിന്, തത്വചിന്തയുടെ രൂപത്തില്‍ പോലും ‘അവന്‍’ കടന്നു വരുന്നത് കാണാനുണ്ട്. ഏറ്റവും പ്രിയപ്പെട്ട കഥാകൃത്ത് ആനന്ദിന്റെ ‘താക്കോല്‍’ എന്ന കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍) ഈയിടെ വായിച്ചു. ബോണ്ട പൊതിഞ്ഞു വന്ന പത്രക്കടലാസില്‍ കണ്ട ഒരു വാര്‍ത്ത അതില്‍ പരാമര്‍ശിക്കുന്നുണ്ട്.

സ്‌കൂളിന് രണ്ടു ദിവസത്തെ അവധി ലഭിക്കുന്നതിനു വേണ്ടി മൂന്നു വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. എന്നാണ് സംഭവം നടന്നതെന്ന് കടലാസില്‍ നിന്ന് വ്യക്തമല്ല. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഇങ്ങനെയാണ്: പതിനാല് വയസുകാരായ മുഹമ്മദ് ഷെരിഫുദ്ദിനും, നാസിര്‍ അഹമ്മദും, പന്ത്രണ്ടു വയസ്സുള്ള അബ്ദുള്‍ ഗഫൂറും. കൊല്ലപ്പെട്ടതാകട്ടെ ഏഴു വയസ്സുള്ള അബ്ദുള്‍ റഹിമാനും. (ഇതില്‍ ഏതൊക്കെ പേരുകളിലാണ് തീവ്രവാദി ഒളിച്ചിരിക്കുന്നതെന്ന് വിഴിഞ്ഞത്തെ പാതിരിയോട് ചോദിക്കണം.)

കഥയില്‍ കഥാപാത്രങ്ങള്‍ക്കു പേരിടുന്നത് ദൈവമായതുകൊണ്ട് ഇവിടെ ഒരു നിലക്കും കഥാകൃത്തിനെ ആക്ഷേപിക്കാനോ വിമര്‍ശിക്കാനോ ആവില്ല. പക്ഷേ ഈ കുട്ടികള്‍ പഠിക്കുന്ന റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പേര് ബൈദുള്‍ ഉലൂം എന്നാകണമെന്നും ദൈവം നിശ്ചയിച്ചിരിക്കുന്നു. അവിടെ പഠിപ്പിക്കുന്നതാകട്ടെ ഖുറാനും അറബി ഭാഷയും(മാത്രം).

കഥ ദാര്‍ശനികമായി വിവരിക്കുന്നത് മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രൂരത എന്ന ഘടകത്തെക്കുറിച്ചാണ്. രാജ്യത്ത് നടക്കുന്ന ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. വിശേഷിച്ച് ഓട്ടോ ഇമ്യൂണിറ്റി എന്ന ജൈവശാസ്ത്രപരമായ പ്രതിഭാസത്തെ സൂചിപ്പിച്ചിരിക്കുന്നു. ആകയാല്‍ അനുയോജ്യമായ പേരുകള്‍ തന്നെ നിര്‍ദ്ദേശിച്ച ദൈവത്തിനു നന്ദി പറയണം.

ആ കുട്ടികള്‍ക്ക് നാഥുറാം, രാമന്‍ ഭഗവത്, നാരായണമൂര്‍ത്തി, വാസുദേവഭട്ടതിരി എന്നൊക്കെയാണ് പേരിട്ടിരുന്നതെങ്കില്‍ കഥക്കു സംഭവിക്കാനിടയുള്ള രചനാപരമായ പരിമിതി ഓര്‍ത്തു നോക്കാവുന്നതേയുള്ളു. വാക്കാട് കടപ്പുറത്ത് സ്ഥിതി ചെയ്യുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല ഇത്തരം സൗന്ദര്യശാസ്ത്ര ചിന്തകള്‍ പരിശോധിക്കും എന്നു കരുതാം.

Content Highlight: Ashokan Charuvil against writer Anand in his response to the recent incident of a teacher of Manipal University calling a Muslim student a terrorist