| Saturday, 24th August 2024, 3:29 pm

മമ്മൂട്ടിയുമായിട്ടുള്ള ഹിറ്റ് സീന്‍ നാലഞ്ച് ടേക്ക് പോകേണ്ടി വന്നു, അന്ന് ധൈര്യം തന്നത് അയാളാണ്: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പദ്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലൂടെ സിനിമാജീവിതം ആരംഭിച്ചയാളാണ് അശോകന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചു. 2000ത്തിന് ശേഷം സീരിയസ് വേഷങ്ങളില്‍ നിന്ന് കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അശോകനെയാണ് കാണാന്‍ സാധിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ അശോകന്‍ അഭിനയിച്ച മികച്ച സിനിമകളിലൊന്നാണ് യവനിക. കെ.ജി. ജോര്‍ജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രം ഇന്നും ക്ലാസിക്കാണ്. യവനികയില്‍ അശോകന്റെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ ഡയലോഗുകള്‍ ഇന്നും ട്രോള്‍ പേജുകളില്‍ വൈറലാണ്.

പൊലീസ് സ്റ്റേഷനില്‍ വെച്ച് മമ്മൂട്ടിയുമായി സംസാരിക്കുന്ന സീന്‍ സോഷ്യല്‍ മീഡിയ ഇന്നും ആഘോഷിക്കുന്ന ഒന്നാണ്. ആ സിനിമയുടെ സെറ്റ് ഒരു ഉത്സവം പോലെയായിരുന്നെന്ന് പറയുകയാണ് അശോകന്‍. നെടുമുടി വേണു, ഭരത് ഗോപി, ജഗതി, തിലകന്‍ തുടങ്ങിയ ലെജന്‍ഡുകളുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആ സിനിമയില്‍ സാധിച്ചെന്നും അശോകന്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വെച്ചുള്ള സീന്‍ നാലഞ്ച് ടേക്ക് പോകേണ്ടി വന്നെന്നും ഫിലിമില്‍ ഷൂട്ട് ചെയ്യുന്നതുകൊണ്ട് താന്‍ ടെന്‍ഷനായെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ നിര്‍മാതാവ് തന്നെ ഓക്കെയാക്കിയതിന് ശേഷമാണ് ആ സീന്‍ ശരിയായതെന്നും അശോകന്‍ പറഞ്ഞു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്.

‘യവനിക എന്ന സിനിമയുടെ സെറ്റ് ഒരു ഉത്സവം പോലെയായിരുന്നു. ഒരുപാട് വലിയ ആര്‍ട്ടിസ്റ്റുകളും കുറേ ടെക്‌നീഷ്യന്‍സും ചേര്‍ന്ന് കല്യാണവീട്ടിലെത്തിയ പ്രതീതിയായിരുന്നു. 40 ദിവസത്തിനടുത്ത് ഷൂട്ട് ഉണ്ടായിരുന്നു. നെടുമുടി വേണു ചേട്ടന്‍, ഭരത് ഗോപി സാര്‍, തിലകന്‍ ചേട്ടന്‍, ജഗതി ചേട്ടന്‍ തുടങ്ങി ഒരുപാട് ലെജന്‍ഡുകള്‍ ആ സിനിമയുടെ ഭാഗമായിരുന്നു. ക്യാമറ ചെയ്തത് രാമചന്ദ്രബാബു സാറും, പാട്ടുകളെഴുതിയത് ഓ.എന്‍.വി സാറും ഒക്കെയാണ്.

അന്നൊക്കെ ഫിലിമിലായിരുന്നു ഷൂട്ട്. പൊലീസ് സ്റ്റേഷനില്‍ മമ്മൂക്കയുമായുള്ള സീന്‍ ഇപ്പോഴും ഓര്‍മയുണ്ട്. അന്നൊക്കെ ഫിലിം 500 അടിക്ക് മുകളില്‍ പോയാല്‍ നമുക്ക് ടെന്‍ഷനാണ്. കാരണം, പ്രൊഡ്യൂസര്‍ക്ക് അത്രയും കാശ് പോകും. ആ സിനിമയുടെ പ്രൊഡ്യൂസര്‍ ഹെന്റി യവനികയില്‍ അഭിനയിച്ചിട്ടുണ്ട്. എത്ര റീടേക്ക് പോകേണ്ടി വന്നാലും പുള്ളി നമ്മളെ ആശ്വസിപ്പിക്കും. ആ സീനിലും പുള്ളി എന്നെ ഓക്കെയാക്കി,’ അശോകന്‍ പറഞ്ഞു.

Content Highlight: Ashokan about police station scene in Yavanika movie

We use cookies to give you the best possible experience. Learn more