പദ്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലൂടെ സിനിമാജീവിതം ആരംഭിച്ചയാളാണ് അശോകന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചു. 2000ത്തിന് ശേഷം സീരിയസ് വേഷങ്ങളില്‍ നിന്ന് കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അശോകനെയാണ് കാണാന്‍ സാധിക്കുന്നത്.
മീരാ ജാസ്മിന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പാലും പഴവുമാണ് അശോകന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ മീരാ ജാസ്മിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബോസായാണ് അശോകന്‍ വേഷമിടുന്നത്. മീരാ ജാസ്മിന്‍ എന്ന നടി ചെയ്തതില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അശോകന്‍.
മീരാ ജാസ്മിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം വരുന്നത് കസ്തൂരിമാനിലെ കഥാപാത്രമാണെന്ന് അശോകന്‍ പറഞ്ഞു. കസ്തൂരിമാനില്‍ മുണ്ടും ചട്ടയും ധരിച്ച് സ്‌കൂട്ടറില്‍ വരുന്ന ഇന്‍ട്രോ കാണാന്‍ തന്നെ വളരെ രസമായിരുന്നുവെന്ന് അശോകന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനത്തെ റോളുകള്‍ ചെയ്യുന്ന നടിമാര്‍ അന്നത്തെ കാലത്ത് കുറവായിരുന്നുവെന്നും അശോകന്‍ പറഞ്ഞു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്.
‘മീരാ ജാസ്മിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം സ്‌ട്രൈക്ക് ചെയ്യുന്നത് കസ്തൂരിമാനിലെ ക്യാരക്ടറാണ്. അതില്‍ ടൂ വീലറിലൊരു വരവുണ്ട്. ചട്ടയും മുണ്ടും ധരിച്ച് വെറ്റില മുറുക്കി കാതില്‍ വലിയ കമ്മലും ഇട്ട് വരുന്ന വരവ് കാണാന്‍ നല്ല രസമാണ്. അങ്ങനെയൊരു ഫീമെയില്‍ ക്യാരക്ടര്‍ അന്നത്തെ കാലത്ത് അധികം വന്നിട്ടില്ല. അത് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റുന്ന നടിമാരും കുറവായിരുന്നു.
പല ആര്‍ട്ടിസ്റ്റുകള്‍ക്കും ചിലപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ മടിയുണ്ടാകും. മീരാ ജാസ്മിന്റെ ആക്ടിങ് റേഞ്ച് കാണിക്കുന്ന സീനുകളിലൊന്നാണ് അത്. അതുപോലെ മീര ചെയ്തതില്‍ ഇഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് അച്ചുവിന്റെ അമ്മ. ഉര്‍വശിയും മീരയും മത്സരിച്ച് അഭിനയിച്ച സിനിമയായിരുന്നു അത്. ആ സിനിമയും എന്റെ ഫേവറെറ്റാണ്,’ അശോകന്‍ പറഞ്ഞു.
Content Highlight: Ashokan about Meera Jasine’s performance in Kasthooriman