| Wednesday, 6th November 2024, 8:13 am

ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചതിന് ഖത്തർ ജയിലിൽ കിടക്കേണ്ടി വന്നു: അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി, സുഹാസിനി, അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പ്രണാമം. ഒരു ഡ്രഗ്‌ അഡിക്റ്റായ കഥാപാത്രത്തെയായിരുന്നു അശോകൻ സിനിമയിൽ അവതരിപ്പിച്ചത്.

ചിത്രത്തിലെ സ്റ്റില്ലുകൾ ഒരു മാഗസിനിൽ വന്നത് കണ്ട് തന്നെ ഖത്തർ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് പറയുകയാണ് അശോകൻ. ഡ്രഗ്സിന്റെ ഏജൻറ് ആണെന്ന് പറഞ്ഞ് ആരോ ഒറ്റി കൊടുത്താണെന്നും പിറ്റേന്ന് ‘അനന്തരം’ എന്ന തന്റെ സിനിമയുടെ ഒരു വാർത്ത പത്രത്തിൽ വന്നതുകൊണ്ടാണ് അവർ വിട്ടതെന്നും അദ്ദേഹം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രണാമം എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ഖത്തറിലെ ജയിലിൽ വരെ കിടന്നിട്ടുണ്ട്. അതിലെ ഡ്രഗ് അഡിക്റ്റായിട്ടുള്ളൊരു ക്യാരക്ടറാണ് അഭിനയിച്ചത്. ഇയാൾ ഡ്രഗ് അഡിക്റ്റും ഇൻജെക്‌ഷനും വലിയും എല്ലാം ഉണ്ട്.
സിഗരറ്റ് വലിക്കുന്ന, ഇഞ്ചക്ട് ചെയ്യുന്ന, സുഹാസിനിയുടെ കൈപിടിക്കുന്ന മാഗസിനിൽ വന്ന ചില ചിത്രങ്ങൾ കണ്ടിട്ട് മലയാളികൾ ആരോ അതെടുത്തിട്ട് സി.ഐ.ഡി ഡിപ്പാർട്ട്മെന്റിന് അയച്ചുകൊടുത്തു.

അങ്ങനെ ഒരിക്കൽ ഖത്തറിൽ ചെന്നപ്പോൾ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ സി.ഐ.ഡി വന്ന് റൂമെല്ലാം അരിച്ചു പെറുക്കി. ബാഗ് ഒക്കെ കീറി, ബെഡൊക്കെ മറിച്ചു നോക്കി, ഫ്രിഡ്ജ് എല്ലാം നോക്കി സെർച്ച് ചെയ്തു.
ഞാൻ വിരണ്ടു പോയില്ലേ, അറബി നാടല്ലേ, ഭയങ്കര നിയമമുള്ള നാടല്ലേ. അന്ന് സൗദി അറേബ്യ കഴിഞ്ഞാൽ പിന്നെ സ്ട്രിക്ട് ആയിട്ടുള്ള നിയമമുള്ള രാജ്യം ഖത്തർ ആയിരുന്നു. അവർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഇട്ടു. പിറ്റേദിവസം പതിനൊന്നു മണിക്കോ പന്ത്രണ്ടരക്കോയാണ് റിലീസ് ചെയ്യുന്നത്.

അവിടുത്തെ ജൂലൈ, ഓഗസ്റ്റ് മാസത്തിലാണ് സംഭവം. അതിനകത്ത് ഫാൻ ഒന്നുമില്ല, ഭയങ്കര ചൂടാണ്. വെളിച്ചം കാണാൻ ഒരു ചെറിയ ഹോള് മാത്രമുണ്ട്. അങ്ങനെ എന്റെ സഹതടവുകാരൻ ഒരു പാക്കിസ്ഥാനിക്കാരനായിരുന്നു. ഞാൻ വിരണ്ട്‍ മൂത്രമൊഴിച്ചില്ല എന്നേയുള്ളൂ. പാക്കിസ്ഥാൻകാരനല്ലേ നമ്മളെ ഉപദ്രവിക്കും എന്നുള്ള ധാരണ ഉണ്ടായിരുന്നു.

ഒരോ സെല്ലിന്റെയും ഫ്രണ്ടിലും പൊലീസ് തോക്കുമായി കാവൽ നിൽക്കുന്നു. ഡ്രഗ്സിന്റെ ഏജൻറ് ആണെന്ന് പറഞ്ഞ് ആരോ ഒറ്റി കൊടുത്തതാണ്. ആറര അടി പൊക്കമുള്ള സുഡാനി ആണ് പൊലീസുകാർ. അവരെ കണ്ടാൽ തന്നെ പേടിയാകും. പിറ്റേന്ന് ഒരു 11:30 മണിക്ക് ഒരു അറബി പൊലീസ് ഒരു പേപ്പർ ആയിട്ട് വന്നിട്ട് ‘യു ആർ റിലീസ്ഡ്’ എന്ന് പറഞ്ഞു.

അപ്പോൾ അവിടത്തെ ഇംഗ്ലീഷ് പത്രത്തിൽ ‘അനന്തരം’ സിനിമയുമായി ബന്ധപ്പെട്ട ഒരു ന്യൂസ് വന്നു. അത് അവർ കണ്ടിരുന്നു. അന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ടിരുന്നത് കമൽ ഹാസനും അമിതാഭ് ബച്ചനുമൊക്കെയാണ്. പൊലീസുകാർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചു അവരെന്തെങ്കിലും അറിഞ്ഞിട്ടുണ്ടാവുമെന്ന്.

അവർക്ക് ഇംഗ്ലീഷിൽ അറിവ് കുറവായിരുന്നു. ‘യു ഫ്രണ്ട് അമിതാഭ് ബച്ചൻ’ എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് പറഞ്ഞു. അമിതാബച്ചനെ ജീവിതത്തിൽ കണ്ടിട്ടില്ല. അങ്ങനെയെങ്കിലും വിടട്ടെ എന്ന് വിചാരിച്ചു. വേറൊരു ഒരു പൊലീസ് ചോദിച്ചു ‘യു കമലഹാസൻ’ എന്ന്. അങ്ങനെ ഒന്ന് രണ്ടുമൊക്കെ പറഞ്ഞു. ഒരു പ്രതീക്ഷയുണ്ട് മനസിൽ. അങ്ങനെ അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പൊലീസുകാരൻ പേപ്പർ ഒക്കെ കാണിച്ചിട്ട് ഞാൻ റിലീസായി എന്ന് പറഞ്ഞു. ഞാൻ അതിനകത്തിരുന്ന് കരയുകയായിരുന്നു. പിടിച്ചിടുമ്പോൾ എന്തിനാണ് അകത്താക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു,’അശോകൻ പറയുന്നു.

Content Highlight: Ashokan About Mammooty’s Pranamam Movie

We use cookies to give you the best possible experience. Learn more