| Tuesday, 31st October 2023, 9:09 pm

എന്നെ കണ്ടാലുടൻ ഉടൻ അവർ ഡോർ അടക്കും; അവരുടെ മുഖമൊക്കെ മാറി തിരിഞ്ഞ് നടക്കും:അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സീരിയലിൽ അഭിനയിച്ചതിന് ശേഷം ആളുകളുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് അശോകൻ. താൻ ചലനം എന്ന തമിഴ് സീരിയലിൽ ഒരു വൃത്തികെട്ട ക്രൂരനായ കഥാപാത്രം ചെയ്തിരുന്നെന്നും അതിന്റെ ഷൂട്ടിങ്ങിന് പോകുമ്പോൾ അയല്പക്കത്തെ ആളുകൾ തന്നെ കാണുമ്പോൾ വാതിലടക്കുമെന്നും അശോകൻ പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അശോകൻ.

‘തമിഴ് സീരിയലിന്റെ ഓഫർ വന്നിട്ട് ഞാൻ പോയിരുന്നു. ഒന്ന് രണ്ട് തമിഴ് സീരിയൽ ചെയ്തു. അതിൽ ഒരു സീരിയലിലെ ഹീറോയും വില്ലനും ഞാൻ തന്നെയാണ്. വൃത്തികെട്ടവനും ക്രൂരനും ആയിട്ടുള്ള ഒരു ക്യാരക്ടർ ആയിരുന്നു. രണ്ട് മുഖമുള്ള കഥാപാത്രമായിരുന്നു അത്. സീരിയലിൽ എന്റെ വീട് ആയിട്ട് കാണിക്കുന്ന ഒരു വീടുണ്ട്. അവിടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇത് ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. ടെലികാസ്റ്റ് ചെയ്ത വീഡിയോ കുറച്ച് പോപ്പുലറായി. അന്ന് വിജയ് ടി.വിയിലെ ഏറ്റവും നന്നായി പോയിരുന്ന ഒരു സീരിയൽ ആയിരുന്നു അത്. ചലനം എന്നായിരുന്നു ആ സീരിയലിന്റെ പേര്.

സീരിയൽ പോപ്പുലറായി വന്നുകൊണ്ടിരിക്കുന്ന സമയത്ത് ആ വീട്ടിൽ ഷൂട്ട് ചെയ്യാൻ വരുമ്പോൾ തൊട്ട അയൽപക്കത്ത് ആൾക്കാരുണ്ട്. അവർ എന്നെ കണ്ടു കഴിഞ്ഞാൽ നേരെ വന്ന് ഡോർ അടക്കും. ടെറസിൽ ഒക്കെ ആയിരിക്കും അവർ ഉണ്ടാവുക. ഞാൻ അത് കണ്ട് കൊണ്ടിരിക്കുകയാണ്.

അവർ അവരുടെ ആളുകളുമായി ചിരിച്ചു കളിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഷൂട്ടിങ്ങിലേക്ക് കയറി വരുന്നത് പെട്ടെന്ന് അവരുടെ മുഖമൊക്കെ മാറി തിരിഞ്ഞ് അങ്ങോട്ട് പോകും,’ അശോകൻ പറഞ്ഞു. ചെന്നൈയിൽ വെച്ച് ഒരാൾ തന്നെ കണ്ടപ്പോൾ തന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞിരുന്നെന്നും അശോകൻ കൂട്ടിച്ചേർത്തു

അതേസമയം അശോകൻ അഭിനയിച്ച ശ്രീജിത്ത് എന്‍. സംവിധാനം ചെയ്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്ത വെബ്സീരീസാണ് മാസ്റ്റര്‍ പീസ്. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സീരീസിലെ ഓരോ കഥാപാത്രത്തേയും വളരെ സൂക്ഷ്മതയോടെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിക്കുകയാണ് ഷറഫുദ്ദീന്‍, നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, മാല പാര്‍വതി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ മാസ്റ്റര്‍പീസ്. കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന സീരീസ് നാല് എപ്പിസോഡുകളിലായിട്ടാണ് പുറത്തിറക്കിയിരുന്നത്.

Ashokan about his bad response from audience

We use cookies to give you the best possible experience. Learn more