| Saturday, 24th August 2024, 7:43 pm

ഇന്നത്തെപ്പോലെ ടെക്‌നോളജിയൊന്നും അന്നില്ല, എന്നിട്ടും അമരത്തിലെ ആ സീനിന്റെ പെര്‍ഫക്ഷന്‍ എത്രയാണെന്ന് നോക്കൂ: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പദ്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലൂടെ സിനിമാജീവിതം ആരംഭിച്ചയാളാണ് അശോകന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചു. 2000ത്തിന് ശേഷം സീരിയസ് വേഷങ്ങളില്‍ നിന്ന് കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അശോകനെയാണ് കാണാന്‍ സാധിക്കുന്നത്.

ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമരം. മമ്മൂട്ടി, മുരളി, കെ.പി.എ.സി ലളിത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അശോകനും മുഖ്യവേഷത്തില്‍ ഉണ്ടായിരുന്നു. കടലിന്റെ പശ്ചാത്തലിത്തില്‍ കഥ പറഞ്ഞ അമരത്തില്‍ രാഘവന്‍ എന്ന കഥാപാത്രമായാണ് അശോകന്‍ എത്തിയത്. ചിത്രത്തിലെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അശോകന്‍.

45 ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്തതെന്നും ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത് മറീനാ ബീച്ചില്‍ വെച്ചായിരുന്നെന്നും ബാക്കി സീനുകള്‍ പുഴയില്‍ വെച്ചാണ് ചിത്രീകരിച്ചതെന്നും അശോകന്‍ പറഞ്ഞു. ഇന്നത്തെപ്പോലെ ഗ്രാഫിക്‌സിന്റെയോ മറ്റ് ടെക്‌നോളജിയുടെയോ സഹയം അന്നുണ്ടായിരുന്നില്ലെന്നും ഇന്ന് കാണുമ്പോള്‍ പോലും ആ സീനുകളുടെ പെര്‍ഫക്ഷന്‍ മികച്ചതാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്.

’45 ദിവസം കൊണ്ടാണ് അമരം ഷൂട്ട് ചെയ്തത്. അതിന്റെ ക്ലൈമാക്‌സില്‍ എന്നെ സ്രാവ് പിടിക്കുന്ന സീനിനെക്കുറിച്ച് ആളുകള്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. ഒറിജിനല്‍ കടലിലല്ല അത് ഷൂട്ട് ചെയ്തത്, അങ്ങനെ ഷൂട്ട് ചെയ്യാന്‍ നമുക്ക് പറ്റുകയുമില്ല. ചെന്നൈയിലെ മറീനാ ബീച്ചില്‍ വെച്ച് കുറച്ച് ഷൂട്ട് ചെയ്തു. ബാക്കി വേറൊരു സ്ഥലത്താണ് പൂര്‍ത്തിയാക്കിയത്. കണ്ടാല്‍ കടലാണെന്നേ തോന്നുള്ളൂ.

ഇന്നത്തെപ്പോലെ വി.എഫ്.എക്‌സിന്റെ സഹായമൊന്നും അന്നില്ല. ഒരു സ്രാവിന്റെ മോഡലൊക്കെ ഉണ്ടാക്കിക്കൊണ്ട് വന്നിട്ടാണ് ഭരതന്‍ സാര്‍ ആ സീനെടുത്തത്. പക്ഷേ അന്ന് നമ്മളെക്കൊണ്ട് പറ്റുന്ന രീതിയില്‍ ആ സീന്‍ എടുത്തുവെച്ചിട്ടുണ്ട്. ഇന്ന് കാണുമ്പോഴും യഥാര്‍ത്ഥ കടലാണെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കില്‍ അവിടെയാണ് ഭരതന്‍ സാറിനെപ്പോലുള്ള ടെക്‌നീഷ്യന്മാരുടെ വിജയം,’ അശോകന്‍ പറഞ്ഞു.

Content Highlight: Ashokan about climax scene of Amaram movie

We use cookies to give you the best possible experience. Learn more