അസീസ് തന്നെ അനുകരിക്കുന്നത് ഉൾകൊള്ളാൻ കഴിയുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിനോട് പ്രോഗ്രാം നിർത്താൻ പറഞ്ഞിട്ടില്ലെന്നും അശോകൻ. അസീസ് തന്നെ കളിയാക്കിയും അധിക്ഷേപിച്ചും പറയുന്ന പോലെ തോന്നിയിട്ടുണ്ടെന്നും അശോകൻ പറഞ്ഞു. യുടോക്കിന് നൽകിയ അഭിമുഖത്തിലാണ് അശോകന്റെ ഈ പ്രതികരണം.
അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് മോശമായിട്ടാണെന്ന് അശോകൻ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അശോകന്റെ പ്രസ്താവനയോടെ താൻ ഇനി അനുകരില്ലെന്നും തന്റെ അനുകരണം നന്നായെന്ന് അശോകൻ തന്നെ പറഞ്ഞിരുന്നെന്നും അസീസ് വാർത്താ സമ്മേളത്തിൽ പറഞ്ഞിരുന്നു.
അസീസിന്റെ ഈ പ്രതികരണത്തിന് മറുപടി പറയുകയാണ് അശോകൻ. തന്നെ അനുകരിച്ചത് നന്നായിട്ടില്ലെന്ന് സത്യസന്ധമായിട്ട് പറഞ്ഞതാണെന്നും അശോകൻ പറഞ്ഞു . മുൻപ് ചിലപ്പോൾ അനുകരണം കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകുമെന്നും എല്ലാവരുടെയും മുന്നിൽ വെച്ച് അനുകരിക്കുമ്പോൾ നന്നായിട്ടില്ല എന്ന് പറയുന്നത് മോശമല്ലേയെന്നും അശോകൻ കൂട്ടിച്ചേർത്തു.
‘എന്നെ ഇമിറ്റേറ്റ് ചെയ്തതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ കറക്റ്റ് ആയിട്ട് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റ് ആണ്, നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാൻ പറഞ്ഞത്.
ചില സമയങ്ങളിൽ എന്നെ ചെയ്യുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അസീസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാൻ കാരണം അതാണ്. മുൻപ് ചിലപ്പോൾ കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് ഒരാൾ എല്ലാവരുടെയും മുമ്പിൽവെച്ച് ചെയ്യുന്നത് ശരിയല്ല എന്ന് പറയുന്നത് മോശമല്ലേ.
പിന്നെ എനിക്ക് പറയാൻ തോന്നിയപ്പോൾ പറഞ്ഞെന്നേയുള്ളൂ. എന്റെ അഭിപ്രായം ഞാൻ ചാനലിൽ പറഞ്ഞത് തന്നെയാണ്, അത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. എന്നെ കറക്ട് ആയിട്ട് അനുകരിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ പേര് ഞാൻ പറയുന്നില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്. അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല,’ അശോകൻ പറഞ്ഞു.
അസീസ് തന്നെ അനുകരിക്കില്ല എന്ന പ്രതികരണത്തിനും അശോകൻ മറുപടി പറഞ്ഞു. താൻ ആരോടും നിർത്താൻ പറഞ്ഞിട്ടില്ലെന്നും അസീസ് നല്ല കലാകാരനാണെന്നും അശോകൻ പറഞ്ഞു.
‘അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫെഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല.
അത് പുള്ളിയുടെ ഇഷ്ട്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് നല്ല കലാകാരനാണെന്നാണ്. എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നെ വളരെ അധിക്ഷേപിച്ച് ചെയ്യുന്ന ക്ലിപ്പുകൾ ഞാൻ കണ്ടു. എന്നെ കളിയാകുന്നതായോ ആക്ഷേപിക്കുന്നതായോ അരോചകമായിട്ടോ എനിക്ക് തോന്നി,’ അശോകൻ പറഞ്ഞു.
Content Highlight: Ashokan about asees nedumangad response