| Tuesday, 22nd November 2022, 9:26 am

ഹിന്ദു-മുസ്‌ലിം പ്രശ്നമല്ലാത്തതിനാലാണോ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കിത്ര മൗനം; ഉത്തര്‍പ്രദേശിലെ ജാതിക്കൊലയില്‍ അശോക് സ്വയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ജാതിമാറി വിവാഹം ചെയ്തതിന് മാതാപിതാക്കള്‍ മകളെ വെടിവെച്ചുകൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നുവെന്ന് അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍.

ഹിന്ദു-മുസ്‌ലിം പ്രശ്നമാകാത്തതിനാലോണോ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം ദുരഭിമാനക്കൊലകളോട് മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ട്വീറ്റിലൂടെയായിരുന്നു അശോക് സ്വയ്‌നിന്റെ പ്രതികരണം.

‘ഒരു പിതാവ് തന്റെ മകളെ കൊല്ലുകയും മൃതദേഹം സംസ്‌കരിക്കാന്‍ അമ്മ സഹായിക്കുകയും ചെയ്യുന്നതിനേക്കാള്‍ നീചമായ മറ്റൊന്നുമില്ല. ഇതൊരു ഹിന്ദു-മുസ്‌ലിം പ്രശ്നമാകാത്തതിനാലാണോ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം ദുരഭിമാനക്കൊലകളോട് മൗനം പാലിക്കുന്നത്,’ എന്നാണ് അശോക് സ്വയ്ന്‍ ട്വീറ്റ് ചെയ്തത്.

നിരവധി പേരാണ് ഈ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. ‘ബി.ജെ.പി പടര്‍ത്തുന്ന മതവിദ്വേഷം നിറഞ്ഞ ഒരു ചീഞ്ഞളിഞ്ഞ നരകം പോലെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍.

ഗോദി മീഡിയയിലെ മാധ്യമപ്രവര്‍ത്തര്‍ക്ക് ഹൃദയമില്ല. അവര്‍ക്ക് ഒരു മനസാക്ഷിയും ഇല്ല. ഭൂമിയില്‍ എങ്ങനെയാണ് അവര്‍ ഇത്രയും പാപികളായി ജീവിക്കുന്നത്,’ തുടങ്ങിയ കമന്റുകളാണ് ഈ ട്വീറ്റിന് താഴെ പ്രതികരണങ്ങളായി വന്നുകൊണ്ടിരിക്കുന്നത്.

22കാരിയായ ആയുഷി ചൗധരിയുടെ മൃതദേഹമാണ് കഴിഞ്ഞ ആഴ്ച യമുന എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത്. ആയുഷിയുടെ അച്ഛന്‍ നിതേഷ് യാദവ് മകളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മഥുര പൊലീസ് സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ യുവതിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതരജാതിയില്‍പ്പെട്ട യുവാവിനെ ആയുഷി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.

ലൈസന്‍സുള്ള തോക്കുപയോഗിച്ച് ആയുഷിയെ വെടിവെച്ച ശേഷം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സ്യൂട്ട്കേസിലാക്കി നിതേഷ് തന്നെയാണ് വെള്ളിയാഴ്ച എക്സ്പ്രസ് വേയില്‍ ഉപേക്ഷിച്ചത്. മുഖത്തും തലയിലിലും ചോര ഒലിച്ചിറങ്ങിയ നിലയിലായിരുന്നു ആയുഷിയുടെ മൃതദേഹം.

CONTENT HIGHLIGHT: Ashok Swain says that the media is silent on the incident where the parents shot their daughter and left her in a suitcase for marrying out of caste in Uttar Pradesh’s Mathura

We use cookies to give you the best possible experience. Learn more