ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബലാത്സംഗത്തിനിരായായ ബില്‍ക്കിസ് ബാനുവിന്റെ പേരുകൂടെ ബി.ജെ.പിയുടെ വിജയത്തില്‍ ഓര്‍ത്തെടുക്കണമെന്ന് അധ്യാപകനും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാല ദുരന്തം നടന്ന മോര്‍ബിയില്‍ ബി.ജെ.പി വിജയിച്ചത് നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ എവിടെ എത്തി നില്‍ക്കുന്നവെന്നത് സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”മോര്‍ബിയില്‍ പാലം തകര്‍ന്ന് 135 പേര്‍ മരിച്ചു. എന്നിട്ടും ബി.ജെ.പിയാണ് മോര്‍ബിയില്‍ വിജയിക്കുന്നത്. ഇതാണ് ഇന്നത്തെ നമ്മുടെ ജനധിപത്യത്തിന്റെ അവസ്ഥ.
ബില്‍ക്കിസ് ബാനു- ഈ രണ്ട് വാക്കുകള്‍ ഗുജറാത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ സൂചിപ്പിക്കുന്നു,’ അശോക് സ്വയ്ന്‍ പറഞ്ഞു.
മോര്‍ബിയില്‍ 55,000ന് മുകളില്‍ വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ വിജയം. രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മോര്‍ബി ഗുജറാത്തിലെ പ്രധാന പ്രചാരണവിഷയമായിരുന്നെങ്കിലും ഫലം പുറത്തുവന്നപ്പോള്‍ ഭരണ കക്ഷിയായ ബി.ജെ.പിയെ അത് ബാധിച്ചില്ല.
മോര്‍ബിയില്‍ ബി.ജെ.പിയുടെ അമൃതിയ കാന്തിലാല്‍ ശിവ്‌ലാലാണ് വിജയിച്ചത്. ഒക്ടോബര്‍ 30നാണ് ബ്രിട്ടീഷ് കാലത്ത് പണികഴിച്ച ചരിത്രപ്രസിദ്ധമായ പാലം തകര്‍ന്നുവീണ് 135 പേര്‍ മരണപ്പെട്ടത്.
മോര്‍ബി തൂക്കുപാലം ഏഴ് മാസം നീണ്ടുനിന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകഴിഞ്ഞ് വെറും ഒരാഴ്ചയ്ക്ക് ശേഷമാണ് തകര്‍ന്നുവീണത്. ഇത് സര്‍ക്കാരിന്റെ ഭാഗത്തുള്ള വീഴ്ചയായി വിമര്‍ശനങ്ങളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചതും വലിയ വിവാദമായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ബലാത്സംഗ-കൊലപാതക കേസില്‍ കുറ്റവാളികളായ പതിനൊന്നുപേരെ മോചിപ്പിച്ചത്.