|

പ്രൊഡക്ഷന്‍ ടീമിന് വേറെ ആളെ ആയിരുന്നു വേണ്ടത്, എന്നാല്‍ എന്നെ തന്നെ വേണമെന്ന് പ്രിയന്‍ സാര്‍ പറഞ്ഞു: അശോക് സെല്‍വന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ പ്രിയദര്‍ശനോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ അശോക് സെല്‍വന്‍. മരക്കാര്‍; അറബിക്കടലിന്റെ സിംഹം, സില സമയങ്കളില്‍ എന്നീ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ ടീമിന് വേറെ ആളെ കാസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ പ്രിയദര്‍ശന്‍ തന്നെ വേണമെന്ന് വാശി പിടിക്കുകയായിരുന്നു എന്നും അശോക് പറഞ്ഞു. ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശനെ കുറിച്ച് അശോക് സെല്‍വന്‍ പറഞ്ഞത്.

‘അദ്ദേഹം ഒരു മാസ്റ്ററാണ്, ലെജന്റാണ്, ഒരുപാട് വഴക്കിട്ട് എന്നെ സിനിമകളിലേക്ക് അദ്ദേഹം കാസ്റ്റ് ചെയ്യാറുണ്ട്. സില സമയങ്കളില്‍ എന്ന സിനിമയില്‍ അങ്ങനെയായിരുന്നു. പ്രൊഡക്ഷന് വേറെ ആളെയായിരുന്നു വേണ്ടത്. ഈ റോള്‍ ചെയ്യാന്‍ എനിക്ക് അശോകിനെ തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.

മരക്കാറിലും അതാണ് സംഭവിച്ചത്. പ്രൊഡക്ഷന് വേണ്ടത് വേറെ ആളെ ആയിരുന്നു, പക്ഷേ എന്നെ വേണമെന്ന് പ്രിയന്‍ സാര്‍ പറഞ്ഞു. അദ്ദേഹത്തിന് എന്റെ മേല്‍ അത്രയും വിശ്വാസമുണ്ട്. അദ്ദേഹത്തെ പോലെ ഒരു സംവിധായകന്‍ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസം മതി അടുത്ത പത്ത് വര്‍ഷത്തേക്ക് മുന്നോട്ട് പോകാന്‍,’ അശോക് സെല്‍വന്‍ പറഞ്ഞു.

പോര്‍തൊഴിലാണ് ഒടുവില്‍ പുറത്ത് വന്ന അശോക് സെല്‍വന്റെ ചിത്രം. എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ വലിയ പ്രശംസയാണ് ലഭിക്കുന്നത്.

ജൂണ്‍ ഒമ്പതിന് റിലീസ് ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, നിഖില വിമല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. E4 എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ, അപ്ലാസ് എന്റര്‍ടൈന്‍മെന്റ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: ashok selvan talks about priyadarshan