ഒരുപിടി മികച്ച സിനിമകളിലൂടെ തമിഴില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത നടനാണ് അശോക് സെല്‍വന്‍. 2020ല്‍ പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന സിനിമയിലൂടെ മലയാളികള്‍ക്കിടയിലും പ്രിയങ്കരനായി മാറി. കഴിഞ്ഞ വര്‍ഷം റിലീസായ പോര്‍ തൊഴില്‍ എന്ന സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പാ.രഞ്ജിത് നിര്‍മിക്കുന്ന ബ്ലൂ സ്റ്റാറാണ് അശോകിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ ക്രിക്കറ്ററായാണ് അശോക് എത്തുന്നത്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇഷ്ട ക്രിക്കറ്ററെപ്പറ്റി താരം മനസു തുറന്നു. ഇഷ്ട ക്രിക്കറ്ററായ എം. എസ് ധോണിയെപ്പറ്റി പറയുകയായിരുന്നു താരം. ‘ചില ക്രിക്കറ്റേഴ്‌സിനെ നമ്മള്‍ ഇഷ്ടപ്പെടുന്നത് അവരുടെ ടെക്‌നികും സ്‌കില്ലും ഒക്കെ കണ്ടിട്ടാണ്. എന്നാല്‍ വളരെ ചുരുക്കം താരങ്ങളെ മാത്രമേ അവരുടെ പേഴ്‌സണാലിറ്റി കണ്ട് ഇഷ്ടപ്പെടുകയുളളൂ.
ധോണിയെ ശരിക്കും തമിഴ്‌നാട്ടുകാര്‍ ദത്തെടുത്തതാണ്. ചില സമയത്ത് ഞങ്ങള്‍ ജോളിയായി പറയാറുണ്ട്, അദ്ദേഹം ക്രിക്കറ്റ് നിര്‍ത്തി ഇലക്ഷനില്‍ നിന്നാല്‍ ഈസിയായി ജയിക്കുമെന്ന്. അദ്ദേഹത്തിന്റേത് മാത്രമല്ല, ഏതൊരു പ്ലെയറിനും റിട്ടയര്‍മെന്റ് എന്നത് ഇവന്‍ച്വലായി വരുന്ന ഒന്നാണ്.
എന്നെ സംബന്ധിച്ച്, ഓരോ കളിക്കാരനും വിരമിക്കുമ്പോള്‍ എനിക്ക് പ്രായമായല്ലോ എന്ന് തോന്നും. ഇപ്പോഴാണല്ലോ അവരെ കണ്ട് തുടങ്ങിയത് എന്നാവും എന്റെ ചിന്ത. ധോണി ഇത്തവണത്തെ ഐ.പി.എല്ലിനും ഉണ്ടാകും. അത് കാണാന്‍ വേണ്ടിയാണ് കാത്തിരിക്കുന്നത്’. അശോക് പറഞ്ഞു.
ചെന്നൈയിലെ അരക്കോണത്തെ രണ്ട് ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള മത്സരമാണ് സിനിമയുടെ കഥ. നവാഗതനായ എസ്. ജയകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കീര്‍ത്തി പാണ്ഡ്യന്‍, ശന്തനു, ദിവ്യ ദുരൈസാമി, ഇളങ്കോ കുമരവേല്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
Content Highlight: Ashok Selvan says that M S Dhoni is his favorite cricketer