തനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന് തമിഴ് താരം അശോക് സെൽവൻ. കൂടുതൽ ടെക്‌നീഷ്യൻസുള്ളത് മലയാളത്തിൽ ആണെന്നും മലയാളത്തിലെ സംവിധായകരുടെ കൂടെ കൊളാബറേഷൻ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ‘ തൊണ്ടി മുതലാണ് (തൊണ്ടി മുതലും ദൃക്‌സാക്ഷിയും). ഫഹദ് സാർ അത് അവതരിപ്പിച്ചിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായി. ഇവിടെ ധാരാളം ടീച്ചേഴ്സ് ഉണ്ടെനിക്ക്. മലയാളത്തിലാണ് ഏറ്റവും ബെസ്റ്റ് ടെക്‌നീഷ്യൻസ് ഉള്ളതെന്നാണ് എനിക്ക് തോന്നുന്നത്. മലയാളത്തിൽ നിന്നും ഹിന്ദിയിലേക്കും തെലുങ്കിലേക്കുമൊക്കെ അവർ പോകാറുണ്ട്. ‘പോർ തൊഴിൽ’ സിനിമ തന്നെ എടുത്താലും പകുതി ടെക്‌നീഷ്യൻസും മലയാളികളാണ്.
തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ സിനിമകളിൽ വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ ചിത്രങ്ങൾ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
‘തെലുങ്ക് സിനിമ ഇൻഡസ്ട്രിയും തമിഴും ഒന്നിച്ചപ്പോൾ പോർ തൊഴിൽ പോലെ സ്ട്രോങ് ആയിട്ടുള്ള സിനിമയാണ് വരാൻ പോകുന്നത്. അതിൽ വളരെ സന്തോഷം ഉണ്ട്. കൂടുതൽ കൊളാബറേഷനുകൾ സംഭവിക്കേണ്ടതായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ശ്യാം പുഷ്‌ക്കരന്റെ സിനിമയിൽ അഭിനയിക്കാൻ വളരെ ആഗ്രഹമുണ്ട്. അദ്ദേഹം ചെയ്യുന്നതുപോലുള്ള സ്ക്രിപ്റ്റുകൾ ചെയ്യണമെന്നാണ് ആഗ്രം. ആഷിഖ് അബുവിന്റെ മായാനദിയായാലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ് സ്റ്റൈലുമൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്,’ അശോക് പറഞ്ഞു.
Content Highlights: Ashok Selvan on Thondimuthalum Driksakshiyum Malayalam movie and Porthozhil