മികച്ച സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുകയും അതിലുപരി മികച്ച അഭിനയം കാഴ്ചവെക്കുകയും ചെയ്ത് തമിഴിലും മലയാളത്തിലും ആരാധകരെ ഉണ്ടാക്കിയെടുത്ത നടനാണ് അശോക് സെല്‍വന്‍. കഴിഞ്ഞ വര്‍ഷം റിലീസായ അശോക് സെല്‍വന്റെ പോര്‍ തൊഴിലിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. നവാഗതനായ ജയകുമാര്‍ സംവിധാനം ചെയ്യുന്ന ബ്ലൂ സ്റ്റാറാണ് അശോകിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ച് താരം മനസു തുറന്നു.
ക്രിക്കറ്റ് മുഖ്യപ്രമേയമായി വരുന്ന സിനിമയില്‍ അഭിനയിച്ചപ്പോളുള്ള അനുഭവം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന് അശോകിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഒരിക്കലും ഷൂട്ടിങ് ലൊക്കേഷനായി തോന്നിയിട്ടില്ല. വേറെ ഒരു ലോകത്ത് പോയപോലെയായിരുന്നു ഞങ്ങള്‍ക്ക്. അരക്കോണം എന്ന സ്ഥലത്ത് 1990കളില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. ആ സമയത്തെ ട്രെന്‍ഡ്, സൊസൈറ്റി എല്ലാം സിനിമയില്‍ റീ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ക്രിക്കറ്റ് കളിക്കാരാകാന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
രാവിലെ എഴുന്നേറ്റ് എട്ട് കിലോമീറ്റര്‍ ഓടാന്‍ പോകും, അതു കഴിഞ്ഞ് ജിമ്മില്‍ ട്രെയിനിങ്, വൈകുന്നേരം ക്രിക്കറ്റ് പ്രാക്ടീസ് അങ്ങനെയായിരുന്നു റൊട്ടീന്‍. ഞാന്‍ മാത്രമല്ല, കൂടെ അഭിനയിക്കുന്ന ശന്തനു, പൃഥ്വിരാജ് ഒക്കെ ഇതേ റൊട്ടീന്‍ തന്നെയായിരുന്നു ഫോളോ ചെയ്തിരുന്നത്. കഥാപാത്രത്തിന്റെ സ്‌കിന്‍ ടോണ്‍ കിട്ടാന്‍ വേണ്ടി വെയിലത്ത് കിടന്ന് ടാന്‍ ആവുകയൊക്കെ ചെയ്തിട്ടുണ്ട്.
സിനിമയിലേക്ക് ഓരോരുത്തരെയും തെരഞ്ഞെടുത്തത് ക്രിക്കറ്റ് അറിയുമോ ഇല്ലയോ എന്നൊക്കെ നോക്കിയാണ്. ക്രിക്കറ്റില്‍ ഞാന്‍ ഓള്‍റൗണ്ടറാണ്. പക്ഷേ സിനിമയില്‍ എന്റെ കഥാപാത്രം വിക്കറ്റ് കീപ്പറാണ്. അതുപോലെ റിയല്‍ ലൈഫില്‍ വിക്കറ്റ് കീപ്പറായ പൃഥ്വി ഇതില്‍ ഫാസ്റ്റ് ബോളറാണ്. അങ്ങനെ രസകരമായ ഓര്‍മകളാണ് ഞങ്ങള്‍ക്ക് ഈ സിനിമയെക്കുറിച്ചുള്ളത്.’ അശോക് സെല്‍വന്‍ പറഞ്ഞു
ചെന്നൈയിലെ അരക്കോണത്തെ രണ്ട് ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പാ.രഞ്ജിതാണ് ചിത്രത്തിന്റെ നിര്‍മാണം. കീര്‍ത്തി പാണ്ഡ്യനാണ് ചിത്രത്തിലെ നായിക. ഗോവിന്ദ് വസന്ത സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തമിഴ് സെല്‍വനാണ്. ദിവ്യ ദുരൈസാമി, ഇളങ്കോ കുമരവേല്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
Content Highlight: Ashok Selvan about the experience of Blue Star shooting