| Tuesday, 23rd January 2024, 11:51 am

എനിക്ക് കിട്ടിയ വിവാഹസമ്മാനങ്ങളില്‍ ഏറ്റവും മൂല്യമുള്ളത് ഇതാണ്; ഓഡിയോ ലോഞ്ച് വേദിയില്‍ വെളിപ്പെടുത്തി അശോക് സെല്‍വന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുത്ത് അതിലൂടെ തമിഴിലും മലയാളത്തിലും ആരാധകരെ ഉണ്ടാക്കിയെടുത്ത നടനാണ് അശോക് സെല്‍വന്‍. 2013ല്‍ സൂതുകാവം എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച അശോക് സെല്‍വന്റെ പോയ വര്‍ഷം പുറത്തിറങ്ങിയ സിനിമയായിരുന്നു പോര്‍ തൊഴില്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ലഭിച്ചത്. താരത്തിന്റെ വിവാഹവും പോയ വര്‍ഷം തന്നെയായിരുന്നു. സിനിമാനടിയും സുഹൃത്തുമായ കീര്‍ത്തി പാണ്ഡ്യനാണ് വധു.

പാ.രഞ്ജിതിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ.ജയകുമാര്‍ സംവിധാനം ചെയ്യുന്ന ബ്ലൂ സ്റ്റാറാണ് അശോകിന്റെ പുതിയ ചിത്രം. കീര്‍ത്തി പാണ്ഡ്യനാണ് ചിത്രത്തിലെ നായിക. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ബ്ലൂ സ്റ്റാറിനുണ്ട്.
സിനിമയിലെ ആദ്യ ഗാനമായ റെയിലിന്‍ ഒളികള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ വെച്ച് തനിക്ക് കിട്ടിയ ഏറ്റവും അമൂല്യമായ വിവാഹ സമ്മാനത്തെപ്പറ്റി അശോക് വെളിപ്പെടുത്തി.

‘ഇതിന്റെ സംഗീതം ചെയ്ത ഗോവിന്ദ് വസന്തയോട് വളരെ നന്ദിയുണ്ട്. ഞങ്ങളുടെ കല്യാണത്തിന് ഏറ്റവും മികച്ച ഗിഫ്റ്റ് തന്നത് ഗോവിന്ദ് ആണ്. നിങ്ങള്‍ ചെയ്ത് തന്ന റെയിലിന്‍ ഒളികള്‍ എന്ന പാട്ട് ഇത്രയും ഗംഭീരമാകുമെന്ന് കരുതിയില്ല. മറക്കാനാവാത്ത ഒരു അനുഭവമാണ് ആ പാട്ട് വഴി നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നത്. പാട്ട് പാടിയ പ്രദീപ്, ശക്തിശ്രീ എന്നിവര്‍ക്കും ഈ പാട്ട് വളരെ സ്‌പെഷ്യല്‍ ആണ്. സോഷ്യല്‍ മീഡിയ വഴി ഇത്രയും റീച്ച് ഈ പാട്ടിന് കിട്ടുമെന്ന് കരുതിയില്ല. ഒരു പക്ഷേ ആ പാട്ടിലെ ഒരു നൊസ്റ്റാള്‍ജിക് ടച്ച് കാരണമാകാം എല്ലാവര്‍ക്കും ഇഷ്ടമായത്’ അശോക് സെല്‍വന്‍ പറഞ്ഞു.

ചെന്നൈ ആര്‍ക്കോണത്തെ രണ്ട് ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള വൈരമാണ് സിനിമയുടെ കഥ. അശോക് സെല്‍വനെ കൂടാതെ ശന്തനു ഭാഗ്യരാജ്, ഇളങ്കോ കുമരവേല്‍, ദിവ്യ ദുരൈസാമി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. പരിയേറും പെരുമാള്‍, കടൈസി ഗുണ്ട്, റൈറ്റര്‍ എന്നീ സിനിമകള്‍ക്ക് ശേഷം തമിഴിലേക്ക് പുതിയൊരു സംവിധായകനെക്കൂടി പാ.രഞ്ജിത് ബ്ലൂ സ്റ്റാറിലൂടെ. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

Contnet Highlight: Ashok Selvan about Railin Oligal song

We use cookies to give you the best possible experience. Learn more