ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് നയിച്ച ‘ജന്‍ സംഘര്‍ഷ് യാത്ര’ക്ക് ഇന്ന് സമാപനം. തങ്ങള്‍ക്ക് ഇനി ആറ് മാസം സമയമുണ്ടെന്നും സര്‍ക്കാര്‍ അഴിമതിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്കെതിരെ നടപടിയെടുക്കണം. ഞങ്ങള്‍ക്ക് ഇനിയും ആറ് മാസം സമയമുണ്ട്. പരീക്ഷകള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ നിരവധി സമയവും പണവും ചെലവഴിക്കുന്നു. അപ്പോഴാണ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച സംഭവിക്കുന്നത്. സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കണം,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായി തനിക്ക് ആരോടും വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും പദവി ലഭിച്ചാലും ഇല്ലെങ്കിലും രാജസ്ഥാനിലെ ജനങ്ങള്‍ക്ക് വേണ്ടി അഴിമതിക്കെതിരെ താന്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ നടത്തുന്ന യാത്ര പ്രാധാന്യമുള്ളതിനാല്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം എ.എന്‍.ഐയോട് അദ്ദേഹം പറഞ്ഞിരുന്നു.
‘ഞങ്ങളുടെ ആവശ്യം പ്രധാനപ്പെട്ടതായത് കൊണ്ട് തന്നെ ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചു. സംസ്ഥാനത്തിന്റെ മുഖം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഞാനും അഴിമതിക്കെതിരെ ഒറ്റക്കെട്ടായി പോരാടും. പക്ഷേ ഞാന്‍ അഴിമതിക്കെതിരെ നിരന്തരം പരാതി നല്‍കിയിട്ടും അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചില്ല.
പരീക്ഷ പേപ്പര്‍ ചോര്‍ച്ച ഗുരുതരമായ പ്രശ്‌നമായതിനാല്‍ അത് കൂടുതല്‍ സുതാര്യമാക്കേണ്ടതുണ്ട്. അഴിമതി കാരണം ഇടത്തരം കുടുംബക്കാരാണ് കൂടുതലായി ബുദ്ധിമുട്ടുന്നത്. ഞങ്ങള്‍ ബൊമ്മൈ സര്‍ക്കാരിനെതിരെ നടത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് മനസിലായത് കൊണ്ടാണ് കര്‍ണാടകയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്,’ പൈലറ്റ് പറഞ്ഞു.
മെയ് 11നാണ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയുള്ള യാത്ര സച്ചിന്‍ പൈലറ്റ് ആരംഭിച്ചത്. ഈ വര്‍ഷാവസാനം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് അശോക് ഗെലോട്ട് സര്‍ക്കാരിനെയും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെയും സമര്‍ദത്തിലാക്കിയായിരുന്നു പൈലറ്റിന്റെ ‘ജന്‍ സംഘര്‍ഷ് യാത്ര’. അഞ്ച് ദിവസം നീണ്ട യാത്ര അജ്മീറില്‍ നിന്നാണ് ആരംഭിച്ചത്.
കമല നെഹ്‌റു നഗറില്‍ വെച്ചായിരുന്നു യാത്രയുടെ സമാപനം.
കഴിഞ്ഞ മാസം സച്ചിന്‍ പൈലറ്റ് വസുന്ധര രാജെ സര്‍ക്കാരിന്റെ അഴിമതിയാരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. 2020ല്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള 18 എം.എല്‍.എമാര്‍ ഗെലോട്ടിനെതിരെ രംഗത്ത് വന്നിരുന്നു. ഈ പ്രതിസന്ധി ഒരു മാസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് കേന്ദ്ര നേതാക്കള്‍ ഇടപെട്ട് സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതോടെയായിരുന്നു പാര്‍ട്ടിയിലെ പ്രതിസന്ധി ഒത്തുതീര്‍പ്പായത്.
അതേസമയം രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധി കാലത്ത് സര്‍ക്കാരിനെ രക്ഷിച്ചത് ബി.ജെ.പി നേതാവ് വസുന്ധര രാജെയാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഗെലോട്ടിന്റെ നേതാവ് വസുന്ധര രാജെയാണെന്നും സോണിയ അല്ലെന്നുമായിരുന്നു ഇതിനെതിരെ പൈലറ്റ് പറഞ്ഞത്.
content highlight: ashok pilot’s jan sankharsh yathra culminates today