ന്യൂദല്‍ഹി: വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് നിര്‍മാണ സംവിധാനങ്ങള്‍ അടച്ചുപൂട്ടുമെന്ന് ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. കൊമേഴ്‌സ്യല്‍ വാഹന മോര്‍ക്കറ്റിലെ തകര്‍ച്ചയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സെപ്റ്റംബര്‍ ആറു ഏഴ് മുതല്‍ സെപ്റ്റംബര്‍ പത്ത് പതിനൊന്ന് വരെ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ച് കമ്പനി തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 2019 ആഗസ്റ്റില്‍ അശോക് ലെയ്‌ലന്‍ഡിന്റെ വാഹന വില്‍പ്പനയില്‍ 50% ഇടിവ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
അഞ്ച് ദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് പ്ലാന്റിലെ 3000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 5000 തൊഴിലാളികളെ ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ചു ദിവസത്തേക്കുള്ള കൂലി പിന്നീട് തീരുമാനിക്കുമെന്നാണ് അവര്‍ അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘കമ്പനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശരിയായ നടപടികളെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട്.’ എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അശോക് ലെയ്ലന്‍ഡിന് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടു വന്നിരുന്നു. വാഹന വില്‍പ്പന നേരെ പകുതിയായി കുറയുകയാണ് ആഗസ്റ്റ് മാസത്തില്‍ സംഭവിച്ചത്. ദോസ്ത് മിനി ട്രക്ക് പോലുള്ള വാഹനങ്ങളുടെ മേഖലയില്‍ 11% വില്‍പ്പനയാണ് ഇടിഞ്ഞതെങ്കില്‍ വലിയ കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 63% ഇടിവാണ് ഉണ്ടായത്.
ബസ് ഉള്‍പ്പെടെയുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്പനയില്‍ കഴിഞ്ഞമാസം 63% ഇടിവാണുണ്ടായത്. മുന്‍വര്‍ഷം 12,420 യൂണിറ്റുകള്‍ വിറ്റിരുന്നിടത്ത് ഇത്തവണ 4585 ആയി.
രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം കനത്ത നഷ്ടം രേഖപ്പെടുത്തിയ മാസമാണ് ആഗസ്ത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം കച്ചവടം രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞു പോയതെന്നാണ് കമ്പനികള്‍ പറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ബജാജിന് 21% കച്ചവടമാണ് കഴിഞ്ഞ മാസം കുറഞ്ഞത്. കൊമേഴ്സ്യല്‍ വാഹനങ്ങളുടെ മേഖലയില്‍ 6% വില്‍പ്പനയും കുറഞ്ഞു.
ടി.വി.എസിന് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയില്‍ 20% ഇടിവ് സംഭവിച്ചു. എന്നാല്‍ മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 11% വളര്‍ച്ചയുണ്ടായി.