ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു പെരുമാറ്റചട്ട ലംഘന ആരോപണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനപരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വ്വേ നടത്താന്‍ നിതി ആയോഗിനെ ദുരുപയോഗം ചെയ്‌തെന്ന പരാതിയാണ് പുനപരിശോധിക്കുക.
പരാതിയില്‍ നിതി ആയോഗിനും പ്രധാനമന്ത്രിയുടെ ഓഫീസിനും തെരഞ്ഞെടുപ്പു കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
കമ്മീഷന്റെ നടപടികളില്‍ പ്രതിഷേധമറിയിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗമായ അശോക് ലവാസ രംഗത്തെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം.
കോണ്‍ഗ്രസിന്റെ പരാതിയില്‍ നിതി ആയോഗിനോട് വിശദീകരണം ചോദിക്കണമെന്നായിരുന്നു ലവാസയുടെ നിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനുള്ളില്‍ അഭിപ്രായ ഭിന്നത ശക്തമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിഷയത്തില്‍ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ നിന്നും കമ്മീഷണറായ അശോക് ലവാസ വിട്ടുനിന്നിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ സുനില്‍ അറോറയും രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരായ അശോക് ലവാസ, സുനില്‍ ചന്ദ്ര എന്നിവര്‍ അടങ്ങിയതാണ് ഇലക്ഷന്‍ കമ്മീഷന്‍. നേരത്തെ ഐകകണ്ഠമായ തീരുമാനങ്ങളായിരുന്നു കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ അടുത്തിടെയായി പല വിഷയങ്ങളില്‍ ഭിന്നത ഉയരുകയും ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനമെടുക്കേണ്ടി വരികയും ചെയ്തിരുന്നു.
‘ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തതിനാല്‍ ഞാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.’ എന്നാണ് മെയ് നാലിന് ലാവാസ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന് അയച്ച കത്തില്‍ പറയുന്നത്.
‘ എന്റെ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താതെ പോകുന്നതിനാല്‍ കമ്മീഷനില്‍ എന്റെ പങ്കാളിത്തത്തിന് പ്രാധാന്യമില്ലാതായിരിക്കുന്നു’ എന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു.
‘ ന്യൂനപക്ഷ അഭിപ്രായത്തിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മറ്റു വഴികള്‍ തേടാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. സുതാര്യത ഉറപ്പാക്കാനും ന്യൂനപക്ഷ അഭിപ്രായം ഉള്‍പ്പെടെ എല്ലാ തീരുമാനങ്ങളും രേഖപ്പെടുത്താനും ഞാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.’ എന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.