| Thursday, 13th December 2018, 2:42 pm

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി; പ്രഖ്യാപനം വൈകീട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും. രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇതിന് പിന്നാലെ അശോക് ഗെഹ്‌ലോട്ട് രാജസ്ഥാനിലേക്ക് തിരിച്ചു. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും

ചത്തീസ്ഗഡിലേയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായെന്നും ഉടന്‍ തന്നെ അവര്‍ ആരെല്ലാമാണെന്ന കാര്യം ജനങ്ങളെ അറിയിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവിലെ പറഞ്ഞിരുന്നു.

പാര്‍ട്ടിയിലെ വ്യത്യസ്ത ആളുകളില്‍ നിന്നും അഭിപ്രായം ആരാഞ്ഞു. എം.എല്‍.എമാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സംസാരിച്ചു കഴിഞ്ഞു. ഒട്ടും വൈകാതെ തന്നെ നിങ്ങള്‍ക്ക് മുന്‍പില്‍ മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കും- ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

എല്ലാ എം.എല്‍.എമാരും തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്ന പേര് ഇരുകൈയ്യും നീട്ടി പാര്‍ട്ടി സ്വീകരിക്കുമെന്നും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയും വ്യക്തമാക്കിയിരുന്നു.


തോറ്റത് മോദിയുടെ കുഴപ്പം കൊണ്ടല്ല; ഇന്ത്യക്കാരുടെ ദുശീലം കാരണം; തോല്‍വിക്കു പിന്നാലെ ന്യൂയോര്‍ക്ക് ടൈംസിന്റെ പേരില്‍ വ്യാജപ്രചരണവുമായി സംഘപരിവാര്‍


മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനായി മൂന്ന് സ്ഥലങ്ങളിലെയും 7.3 ലക്ഷം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും രാഹുല്‍ ഗാന്ധി നേരിട്ട് അഭിപ്രായം തേടിയിരുന്നു.

പ്രവര്‍ത്തകര്‍ക്ക് ഓഡിയോ സന്ദേശങ്ങളയക്കുകയും അതിനോട് പ്രതികരിക്കാനാവശ്യപ്പെടുകയും ചെയ്യുകയാണ് രാഹുല്‍ ചെയ്തത്.

കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയ പ്രവര്‍ത്തകരുടെ ആഗ്രഹത്തിനനുസരിച്ച് തന്നെ നേതൃത്വത്തെ തീരുമാനിക്കണമെന്നുള്ളത് കൊണ്ടാണ് രഹസ്യ ബാലറ്റ് മാതൃകയില്‍ മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ്.

രാജസ്ഥാനില്‍, സച്ചിന്‍ പൈലറ്റും അശോക് ഗെഹ്ലോട്ടുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.
മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയുമാണ് പരിഗണനയിലുള്ളത്. ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേല്‍, ടി.എസ് സിങ് ദിയോ, തംരദ്ധ്വാജ് സാഹു എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

We use cookies to give you the best possible experience. Learn more