'ഈ തിരക്കഥയില്‍ പങ്കാളികളായ ആര്‍ക്കും ചരിത്രം മാപ്പ് നല്‍കില്ല', മോദിക്ക് ഗെലോട്ടിന്റെ കത്ത്; നിര്‍ണായക സമയത്തെ അസാധാരണ നീക്കമെന്ന് റിപ്പോര്‍ട്ട്
Rajastan Crisis
'ഈ തിരക്കഥയില്‍ പങ്കാളികളായ ആര്‍ക്കും ചരിത്രം മാപ്പ് നല്‍കില്ല', മോദിക്ക് ഗെലോട്ടിന്റെ കത്ത്; നിര്‍ണായക സമയത്തെ അസാധാരണ നീക്കമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd July 2020, 9:05 pm

ജയ്പൂര്‍: കോവിഡ് പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ രാജസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്ത് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം കാര്യങ്ങളില്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കത്ത്.

‘1985 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ കൂറുമാറല്‍ വിരുദ്ധ നിയമത്തെ ലംഘിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ കുറച്ചുകാലമായി നടക്കുന്നുണ്ട്. ആ നിയമം പിന്നീട് ഭേദഗതി ചെയ്തത് അടല്‍ ബിഹാരി വാജ്പേയി ആണ്. ഇത് ജനങ്ങളുടെ തീരുമാനത്തെ അപമാനിക്കുന്നതും ഭരണഘടനാ മൂല്യങ്ങളുടെ തുറന്ന ലംഘനവുമാണ്. കര്‍ണാടകയും മധ്യപ്രദേശും ഇതിന് പ്രധാന ഉദാഹരണങ്ങളാണ്, ”ഗെലോട്ട് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

‘ഈ വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം അറിയാമെന്നോ എന്തൊക്കെ തെറ്റിദ്ധാരണ അങ്ങേയ്ക്കുണ്ടെന്നോ എനിക്കറിയില്ല. എന്തൊക്കെയായാലും ഇതിന്റെ തിരക്കഥയില്‍ പങ്കാളികളായവര്‍ക്കൊന്നും ചരിത്രം മാപ്പ് നല്‍കില്ല’, ഗെലോട്ട് പറഞ്ഞു.

ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുക എന്നതായിരിക്കണം സര്‍ക്കാരിന്റെ മുന്‍ഗണനയെന്നിരിക്കെ, ഒരു സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള പ്രധാന ഗൂഢാലോചനാ കേന്ദ്രമായി കേന്ദ്രസര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും ഗെലോട്ട് കത്തില്‍ കുറ്റപ്പെടുത്തി.

കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാണെങ്കിലും രാജ്യത്ത് അതിനിടയിലും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. അത്തരം സമയത്തുപോലും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ശ്രമങ്ങളില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവതും മറ്റ് ചില ബി.ജെ.പി നേതാക്കളും ചില വിമത കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗെലോട്ട് കത്തില്‍ ചൂണ്ടിക്കാട്ടി.

പൈലറ്റ് ക്യാമ്പിലെ എം.എല്‍.എമാരുടെ പേരെടുത്ത് പറഞ്ഞാണ് ഗെലോട്ടിന്റെ കത്ത്. എ.എല്‍.എമാര്‍ കൈക്കൂലി വാങ്ങുന്നതായി വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെ ആരോഫണ വിധേയനാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ ഇടപെട്ടതെന്നും ഗെലോട്ട് പറഞ്ഞു.

മധ്യപ്രദേശിന് സമാനമായ നീക്കമാണ് രാജസ്ഥാനിലും ആവര്‍ത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ സച്ചിന്‍ പൈലറ്റ് ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ഗെലോട്ട് ആരോപിച്ചു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് കൂറുമാറിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണത്.

ഒരാഴ്ചയോളമായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ, സുപ്രധാന കോടതി വിധികള്‍ വരാനിരിക്കെ, ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് അസാധാരണ നീക്കമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൈലറ്റിനൊപ്പമുള്ള വിമത എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യത നടപടി നീട്ടിവെക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള രാജസ്ഥാന്‍ സ്പീക്കറുടെ ഹരജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ